
കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ബിജെപി വനിതാ നേതാവും, സഹായിയും പിടിയില്‍. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം വനവാതുക്കര തോണ്ടറപ്പടിയിൽ വലിയ കോവിലാലിൽ സുജന്യ ഗോപി (42), കല്ലിശേരി വല്യത്ത് ലക്ഷ്‌മിനിവാസൽ സലീഷ്‌മോൻ (46) എന്നിവരാണ് അറസ്‌റ്റിലായത്. ചെങ്ങന്നൂർ വാഴാര്‍ മംഗലം കണ്ടത്തിൽകുഴിയിൽ വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് അറസ്‌റ്റ്.
14ന് രാത്രിയാണ് എടിഎം കാർഡ് അടങ്ങുന്ന വിനോദിന്റെ പഴ്‌സ് നഷ്‌ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സലീഷ്‌മോന് പേഴ്സ് ലഭിച്ചു. വിവരം സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും 15ന് രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനൂർ, പാണ്ടനാട്, മാന്നാർ ഭാഗങ്ങളിലെ എടിഎം കൗണ്ടറുകളിൽ ബൈക്കിൽ എത്തി 25,000 രൂപ പിൻവലിച്ചു. എടിഎം കാർഡിനോടൊപ്പം എഴുതിസൂക്ഷിച്ചിരുന്ന പിൻനമ്പർ ഉപയോഗിച്ചാണ് തുക പിൻവലിച്ചത്.
പിൻവലിച്ചതിന്റെ എസ്‌എംഎസ് സന്ദേശങ്ങൾ ലഭിച്ചതോടെ വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. 16ന് പുലർച്ചെ കല്ലിശേരി റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള റോഡിൽ പഴ്സ് ഉപേക്ഷിച്ചതായി കണ്ടെത്തി. ഇതിൽ സൂക്ഷിച്ചിരുന്ന എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ് ലൈസൻസുകളും ഇല്ലായിരുന്നു. സിഐ എ സി വിപിന്റെ നേതൃത്വത്തിൻ നടത്തിയ അന്വേഷണത്തിൽ എടിഎം കൗണ്ടറുകളുടെയും സമീപത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറകളിൽനിന്ന് ഇരുവരും സ്‌കൂട്ടറിൽ സഞ്ചരിച്ചതിന്റെയും എടിഎം കൗണ്ടറിലെയും ദൃശ്യങ്ങൾ ലഭിച്ചു. ഇതിൽനിന്നാണ് സലീഷിനെയും തുടർന്ന് സുജന്യയെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.