21 June 2024, Friday

Related news

June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 14, 2024
June 12, 2024
June 12, 2024
June 11, 2024

ബിജെപി വാദം പൊളിയുന്നു ജമ്മുകശ്മീരില്‍ ഭീകരാക്രമണം വര്‍ധിക്കുന്നു: കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡൽഹി
June 12, 2024 8:41 pm

ജമ്മു കശ്മീരിൽ സമാധാനവും സാധാരണ നിലയും തിരിച്ചു വന്നുവെന്ന ബിജെപിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളെന്ന് കോൺഗ്രസ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് പവൻ ഖേരെയാണ് രംഗത്തെത്തിയത്.
പാകിസ്താൻ നേതാക്കൾക്ക് മറുപടി പറയാൻ മോഡിക്ക് സമയമുണ്ട്. എന്നാൽ, ക്രൂരമായ ഭീകരാക്രമണങ്ങളെ അപലപിക്കാൻ അദ്ദേഹത്തിന് സമയമില്ലെന്നും പവൻ ഖേര വിമര്‍ശിച്ചു. ഇരട്ട അതിർത്തി ജില്ലകളായ രജൗരിയിലും പൂഞ്ചിലും ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ സുരക്ഷ മോഡി സർക്കാർ അപകടത്തിലാക്കി. ഭീകരാക്രമണങ്ങളുടെ ദുരിതം സാധാരണക്കാരാണ് നേരിടുന്നത്. നരേന്ദ്ര മോഡിയും എൻഡിഎ സർക്കാരും അധികാരത്തിലേറുമ്പോഴും വിദേശനേതാക്കൾ രാജ്യം സന്ദർശിക്കുമ്പോഴും ജമ്മു കശ്മീരിലെ റയിസിയിൽ ഇന്ത്യ ഭീകരാക്രമണത്തിന് ഇരയാവുകയാണ്. ഒമ്പത് ജീവനുകളാണ് ഇവിടെ നഷ്ടമായത്. കൂടാതെ 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിവ ഖോരി ക്ഷേത്രത്തിൽനിന്ന് കത്രയിലേക്ക് വരുന്ന തീർത്ഥാടകർക്ക് നേരെയാണ് തീവ്രവാദികൾ വെടിയുതിര്‍ത്തത്. കുട്ടികൾ വരെ ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടില്ല. സ്വയം പ്രഖ്യാപിത ദൈവമായ പ്രധാനമന്ത്രിയിൽ നിന്ന് ഇരകൾ സഹതാപത്തിന്റെ ഒരു വാക്കുപോലും അർഹിക്കുന്നില്ലേയെന്നും പവൻ ഖേര ചോദിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജമ്മു കശ്മീരിൽ നിരവധി ഭീകരാക്രമണങ്ങളാണ് നടന്നത്. ചൊവ്വാഴ്ച ജമ്മുവിലെ ദോഡയിലെ ഛത്രകലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.

എന്നാൽ, പാകിസ്താൻ നേതാവ് നവാസ് ശരീഫിന്റെയും പ്രധാനമന്ത്രി ഷഹബാദ് ശരീഫിന്റെയും അഭിനന്ദന ട്വീറ്റുകൾക്ക് മറുപടി നൽകുന്ന തിരക്കിലാണ് മോഡി. എന്തുകൊണ്ടാണ് അദ്ദേഹം ഭീകരാക്രമണത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തതെന്നും പവൻ ഖേര ചോദിക്കുന്നു. മോഡി സർക്കാരിന് കീഴിൽ സുരക്ഷാ സ്ഥാനപങ്ങൾക്ക് നേരെ ചുരുങ്ങിയത് വലിയ 19 ഭീകരാക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പിർ പഞ്ചൽ റേഞ്ച് രജൗരിയും പൂഞ്ചും ഭീകരതയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ പ്രദേശങ്ങളിൽ മാത്രം 35 സൈനികർ വീരമൃത്യു വരിച്ചു. താരതമ്യേന സമാധാനപരമായിരുന്ന റിയാസി ജില്ലയിലേക്കും ഇപ്പോള്‍ ആക്രമണങ്ങള്‍ വ്യാപിച്ചിരിക്കുന്നു. 2016ലെ പത്താൻകോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ മോഡി സർക്കാർ ഐഎസ്ഐയെ ക്ഷണിച്ചുവെന്നത് ശരിയല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജമ്മു കശ്‌മീരില്‍ 2,262 ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 363 നാട്ടുകാര്‍ കൊല്ലപ്പെട്ടു. 596 സൈനികരും വീരമൃത്യു വരിച്ചു എന്നും ഖേര കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:BJP’s argu­ment falls apart Ter­ror­ist attacks are increas­ing in Jam­mu and Kash­mir: Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.