18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 27, 2023
July 11, 2023
April 17, 2023
April 16, 2023
April 9, 2023
April 9, 2023
March 3, 2023
February 19, 2023

ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും

web desk
April 9, 2023 8:56 pm

കഴിഞ്ഞ ക്രിസ്മസ് ആഘോഷവേളയില്‍ കേരളത്തില്‍ കുറേയധികം സമ്മാനപ്പൊതികളുമായി ഒരു കൂട്ടം രാഷ്ട്രീയപ്രവര്‍ത്തകര്‍ ക്രൈസ്തവ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി. പൊതി കൊടുത്ത് ആളുകളെ വശത്താക്കാം എന്നത് ഒരു രാഷ്ട്രീയ തന്ത്രമെന്നായിരുന്നു അവരുടെ ധാരണ. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഇടതുമുന്നണി സര്‍ക്കാര്‍ പൊതി (കിറ്റ്) കൊടുത്ത് തുടര്‍ഭരണം നേടി എന്നായിരുന്നല്ലോ പ്രചാരണം. ‘വോട്ടുപെരുന്നാളിന് ക്രിസ്ത്യാനികളെ ഒപ്പം ചേര്‍ക്കാന്‍ ക്രിസ്മസ് സമ്മാനപ്പൊതി’. കേന്ദ്രം ഭരിക്കുന്ന ബിജെപി വകയായിരുന്നു കേരളത്തിലെ ക്രൈസ്തവര്‍ക്ക് സമ്മാനമെത്തിയത്. പൊതിക്കകത്ത് എന്തായിരുന്നുവെന്ന് ആരും നോക്കിയില്ല. അതിനൊപ്പമുള്ള വചനം കേട്ടതോടെ മുറ്റംവരെ ചെന്നുകയറാനെ അതിഥികള്‍ക്കായുള്ളു.

‘കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് പ്രത്യേകമായി ഓരോ ആനുകൂല്യങ്ങളും നല്‍കിവരുന്നുണ്ട്. അത് നിങ്ങള്‍ക്കും കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക കൂടിയാണ് ഈ സമ്മാനപ്പൊതി വിതരണ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കേരളത്തിലെ സര്‍ക്കാര്‍ വഴിയാണ് അത് നിങ്ങളില്‍ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടത്’. ക്രൈസ്തവ ഭവനങ്ങളില്‍ കയറി ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറഞ്ഞു. അതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ കുടുംബങ്ങള്‍ നിരത്തിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്‍കാന്‍ നേതാക്കള്‍ക്കായില്ല. പലയിടത്തും പദ്ധതി പാതിയില്‍ ഉപേക്ഷിച്ച് ബിജെപി സംഘത്തിന് സമ്മാനപ്പൊതികള്‍ സ്വന്തം ഭവനങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകേണ്ടിയും വന്നു.

ഇത്തവണ ഈസ്റ്റര്‍ ദിനത്തിലാണ് ആ കാഴ്ച വീണ്ടും കേരളം കണ്ടത്. രാജ്യം നേരിടുന്ന രാഷ്ട്രീയ‑വര്‍ഗീയ വെല്ലുവിളികള്‍ എന്തെന്ന് ബോധ്യമുള്ള സാധാരണക്കാരുടെ ഭവനങ്ങളിലേക്കായിരുന്നില്ല ഈസ്റ്റര്‍ സന്ദര്‍ശനം. അത്യുന്നതങ്ങളിലും അരമനകളിലും ബിജെപി നേതാക്കളും കേന്ദ്രമന്ത്രിയുമെല്ലാം കയറിയിറങ്ങി. അടുത്ത ഘട്ടമായി ജനസമ്പര്‍ക്ക പരിപാടി എന്ന രീതിയില്‍ ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലേക്കും ഇവരെത്തും. ‘നന്ദി മോഡി’ എന്നാണ് ഈ ക്യാമ്പയിന് ബിജെപി പേരിട്ടിരിക്കുന്നത്. ന്യൂനപക്ഷ മോര്‍ച്ചയ്ക്കാണ് സംഘാടന ചുമതലയെങ്കിലും മുഴുവന്‍ നേതാക്കളുടെയും മേല്‍നോട്ടത്തിലാണ് ‘മോഡി മിത്രം’ എന്ന സ്ക്വാഡുകള്‍ രൂപീകരിച്ച് ക്യാമ്പയിന് രംഗത്തിറങ്ങുക. കഴിഞ്ഞ ക്രിസ്മസ് കാലത്തുണ്ടായ ദുരനുഭവം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാണ് ഈസ്റ്റര്‍ ദിനത്തില്‍ വലിയ ഇടയന്മാരെ തന്നെ നേരില്‍ക്കണ്ട് ഒരുറപ്പുണ്ടാക്കിയിരിക്കുന്നത്. സാക്ഷാല്‍ നരേന്ദ്രമോഡി ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലാണ് ബിജെപി ക്യാമ്പയിന്‍ നടത്തിയത്. ഇതുവരെ രാജ്യത്തെ ക്രൈസ്തവര്‍ക്കും പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പള്ളികള്‍ക്കും നേരെ നടത്തിയ മുഴുവന്‍ അതിക്രമങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കൃത്യമായൊരു മറകെട്ടുകയാണ് ബിജെപി.

ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്നും നരേന്ദ്രമോഡി നല്ല നേതാവാണെന്നും കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞുവച്ചത് ബിജെപിക്ക് ഈ അവസരത്തില്‍ ഉള്‍ക്കുളിരുണ്ടാക്കിയിട്ടുണ്ടെന്നത് സത്യാമാണ്. പക്ഷെ അതൊരു സത്യദീപമല്ലെന്ന് കേരളത്തിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികള്‍ക്കുമറിയാം. ഒന്നാം മോഡി സര്‍ക്കാരിന്റെ തുടക്കകാലത്തുമാത്രമായിരുന്നു രാജ്യത്തെ ക്രൈസ്തവര്‍ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളൂ എന്നാണ് ആലഞ്ചേരിയുടെ സാക്ഷ്യം. അത് ശ്രദ്ധയില്‍പ്പെടുത്തിയതുമുതല്‍ അക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ലെന്നും ആലഞ്ചേരി പറയുന്നു. ഒടുവില്‍ ആലഞ്ചേരിയുമായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അഭിമുഖം പുറത്തുവന്നത്, പിതാവ് പറഞ്ഞതിന്റെ സാരാംശം തെറ്റിദ്ധരിപ്പിക്കുംവിധം ആയിരുന്നെന്നാണ് ഇപ്പോള്‍ സഭാ നേതൃത്വത്തിന് വിശദീകരിക്കേണ്ടിവന്നിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള പീഡനങ്ങള്‍ നിത്യവും വാര്‍ത്താത്താളുകളിലുണ്ട്. പള്ളികള്‍ക്കുനേരെയുള്ള ആക്രമണവും കൊള്ളയും വേറെ. തീവ്രഹിന്ദുത്വ ശക്തികൾ നടത്തുന്ന ഇത്തരം നരനായാട്ടിനെതിരെ സഭകളും ക്രൈസ്‌തവ സംഘടനകളുമായി 79 കൂട്ടായ്മകൾ സംയുക്തമായി ഡൽഹി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം എന്ന പേരില്‍ കത്തോലിക്കാ എപ്പിസ്കോപ്പൽ സഭകൾ മുതൽ ഇവാഞ്ചലിക്കൽ, പെന്തക്കോസ്ത് സ്വതന്ത്രസഭകൾ വരെയുള്ളവ ഉള്‍പ്പെടുന്ന വലിയ കൂട്ടായ്മ നടത്തിയ സമരത്തെയും കേന്ദ്ര ഭരണകൂടത്തിന്റെ കീഴിലുള്ള പൊലീസ് അക്രമരൂപത്തിലാണ് നേരിട്ടത്. മതനേതാക്കളും ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, പാസ്റ്റർമാർ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരടക്കം പ്രതിഷേധ റാലിയുടെ ഭാഗമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അപൂർവമായാമാണ്‌ ഈവിധം ഒരു യോജിച്ച ക്രൈസ്തവ പ്രക്ഷോഭം രാജ്യത്ത്‌ അരങ്ങേറിയത്‌.

യുപി, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ഝാർഖണ്ഡ്‌, ഒഡിഷ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവവേട്ട എല്ലാ സീമകളും ലംഘിച്ച പശ്ചാത്തലത്തിലായിരുന്നു ആ ക്രൈസ്തവ പ്രക്ഷോഭം. 2022ൽമാത്രം ക്രൈസ്തവ സമൂഹത്തിനെതിരെ 21 സംസ്ഥാനത്തായി 597 അക്രമങ്ങളുണ്ടായെന്നാണ് യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം ഭാരവാഹികൾ അന്ന് ഔദ്യോഗിക രേഖകള്‍ നിരത്തി പറഞ്ഞത്. ഇതെല്ലാം അവാസ്തവമാണെന്ന് ആലഞ്ചേരിയുടെ പുതിയ വചനങ്ങളെ ഉദ്ദരിച്ച് ഒരു ക്രൈസ്തവനും ഇന്ന് പറയില്ല. ഇതിന് തെളിവാണ് ഈസ്റ്റര്‍ ദിവസം ഡല്‍ഹിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോടായി ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍. രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ‘ബിജെപിയുടെ നയങ്ങളും സമീപനങ്ങളും എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു ഭാഗത്ത് ക്രിസ്തീയ സഭകളുടെ പള്ളികള്‍ അക്രമിക്കുന്നതായിട്ടും നശിപ്പിക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികള്‍ ഇങ്ങനെ നശിപ്പിക്കപ്പെട്ടതായി അറിഞ്ഞിട്ടില്ല. എങ്കിലും പൊതുവെ ക്രിസ്ത്യാനികളോട് മോശം സമീപനം അവര്‍ക്കുണ്ടായിട്ടുണ്ട്. അത് തീവ്രവാദ സംഘങ്ങളാണ് നടത്തുന്നതെങ്കിലും ബിജെപി സര്‍ക്കാര്‍ അതിനെ അപലപിച്ചതായി കാണുന്നില്ല. ഇതിനൊക്കെ ബിജെപിയുടെ നിശ്ബ്ദ പിന്തുണയുണ്ടോ എന്ന് ക്രിസ്തീയ സഭകള്‍ സംശയിക്കേണ്ടിയിരിക്കുന്നു’. മാത്യൂസ് തൃതീയന്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. കഴി‍ഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പ്രസിഡന്റ് ദ്രൗപതി മുര്‍മ്മുവിനെയും സന്ദര്‍ശിച്ച മാത്യൂസ് തൃതീയന്‍, ബിജെപിയുടെ ഇപ്പോഴത്തെ ക്രൈസ്തവ പ്രീണന നയം ക്രിസ്ത്യാനികള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്നും പറയുന്നു.

ആലഞ്ചേരിയുടെ പ്രസ്താവനയ്ക്കെതിരെ റവ.ജെയിംസ് വീരമലയുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തൊരു ഉദാഹരണമാണ്. അതിങ്ങനെയാണ്; ‘നാം പിന്നിട്ട വിശുദ്ധ വാരത്തിനു തൊട്ടു മുമ്പ് മദ്ധ്യപ്രദേശിലെ പല സ്ഥലങ്ങളിലും വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. മധ്യപ്രദേശ് സംസ്ഥാനത്തെ ഝഭുവ രൂപതയിലെ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ ഹൈക്കോടതിയെ സമീപിച്ച് വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും കോടതി അത് അനുവദിച്ചതായും കണ്ടു. ബംഗളൂരു രൂപതയുടെ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ സുപ്രീം കോടതിയെ സമീപിച്ചതായും വാര്‍ത്തയുണ്ടായി. ഇതൊന്നും അങ്ങേയ്ക്ക് (കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി) കൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഉദാഹരണങ്ങളല്ലേ?’ ഭാരതത്തിലെ മുഴുവന്‍ ക്രൈസ്തവരുടെ കാര്യം പോട്ടേ, കത്തോലിക്കാ സഭയുടെ അരക്ഷിതാവസ്ഥയും താങ്കള്‍ അറിഞ്ഞില്ലേ. ഭാരതത്തിലെ കത്തോലിക്കാ സഭയില്‍ കര്‍ദ്ദിനാള്‍ പദവി അലങ്കരിക്കുന്ന അങ്ങ്, മുഴുവന്‍ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പോകട്ടെ, കത്തോലിക്കാ സഭയിലെ അംഗങ്ങളുടെ അരക്ഷിതാവസ്ഥയെ നീതിപീഠത്തിന്റെ മുമ്പില്‍ എത്തിച്ച അഭി. പിതാക്കന്മാരുടെ നിലപാടുകള്‍ അറിഞ്ഞില്ല എന്നു പറയുന്നത് ശരിയാണോ? സ്റ്റാന്‍ സ്വാമി എന്ന ‘വിശുദ്ധനായ’ മനുഷ്യനെ പെട്ടെന്ന് മറന്നു പോയോ?’-ജെയിംസ് വീരമലയുടെ ഇതേ ചോദ്യങ്ങള്‍ ഒരായിരം ക്രസ്തവരില്‍ നിന്ന് ഉയര്‍ന്നുകൊണ്ടേയിരിക്കും.

ഛത്തീസ്ഗഢില്‍ കാവിത്തലപ്പാവുവച്ച അക്രമിസംഘങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഫെബ്രുവരി മാസവും മാര്‍ച്ച് ആദ്യവാരവുമായി നാല് വ്യത്യസ്ഥ ആക്രമങ്ങളുണ്ടായി. പള്ളിക്കും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം വിശ്വാസികള്‍ക്കും നേരെയാണിത്. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് പള്ളിയിലേക്ക് അക്രമികള്‍ രൂപക്കൂടുകള്‍ നശിപ്പിക്കുകയും വിശ്വാസികളെ അടിച്ച് പുറത്തേക്ക് ഓടിക്കുകയും ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയത് മാര്‍ച്ച് ഏഴിനാണ്. ഇതുവരെ തുടര്‍നടപടിയുണ്ടായിട്ടില്ല.

മാര്‍ച്ച് 15നാണ് ഹരിയാനയിലെ ഹിസാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളി സംഘ്പരിവാറുകാരായ അക്രമികള്‍ തകര്‍ത്തത്. പള്ളി തകര്‍ക്കുക മാത്രമല്ല, അവിടെ ഹനുമാന്റെ വിഗ്രഹം സ്ഥാപിക്കുകകൂടി ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഹരിയാന ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടര്‍ ജനറലിനും നോട്ടീസയച്ചിട്ടും അനക്കമില്ല. ഒരാളെ അറസ്റ്റുചെയ്തെന്നും നാലുപേരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് പറഞ്ഞെങ്കിലും അക്രമികള്‍ ഇപ്പോഴും നാട്ടില്‍ വിലസുകയാണ്.

ഹിന്ദുത്വവാദികളും സംഘ്പരിവാര്‍ ഗുണ്ടകളും അക്രമിച്ചേക്കുമെന്ന സംശയിക്കുന്ന 240 പള്ളികളാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പള്ളികളുടെയും സഭാ സമൂഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി എസ് ബസ്സി ജോയ് ടിര്‍ക്കിയെ നോഡല്‍ ഓഫീസറായി നിയമിച്ചിരിക്കുകയാണ്. ഏതെങ്കിലും രീതിയില്‍ അക്രമങ്ങളുണ്ടായാല്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ‘ന്യൂനപക്ഷ സഹോദരങ്ങള്‍’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജും പൊലീസ് സൃഷ്ടിച്ചിരിക്കുന്നു. കേന്ദ്ര ഇന്റലിജന്‍സിന് മുന്നില്‍ നിരന്തരം അക്രമസൂചനകള്‍ വന്നുപെടുന്നതിന്റെ ഭാഗമായാണിത്. മോഡിയുടെ രണ്ടാം സര്‍ക്കാര്‍ ഭരണകാലത്തും ഏത് നിമിഷവും ആക്രമിക്കപ്പെടുന്നവരായി ക്രൈസ്തവരടക്കം മതന്യൂനപക്ഷങ്ങള്‍ മാറിയിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഡല്‍ഹിയിലെ അഞ്ച് ക്രിസ്ത്യന്‍ പള്ളികളാണ് പൊലീസിന്റെ ഈ നീക്കത്തിന് തൊട്ടുമുമ്പ് ആക്രമിക്കപ്പെട്ടത്.

ഡിസംബറില്‍ ആരംഭിച്ച ക്രിസ്ത്യന്‍ പള്ളി ആക്രമണം ഫെബ്രുവരി ഒന്നുവരെ നടന്നു. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലെ പള്ളിമേട ആക്രമിച്ച് രൂപക്കൂടുകള്‍ തകര്‍ത്തു. അവിടത്തെ കോണ്‍വെന്റ് സ്കൂളിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറി സര്‍വവും നശിപ്പിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പഠിച്ചിരുന്ന സ്കൂള്‍ കൂടിയാണ് അവര്‍ നശിപ്പിച്ചത്. ഇപ്പോള്‍ ആലഞ്ചേരി പിതാവ് ‘നല്ല നേതാവ്’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നരേന്ദ്രമോഡി ‘ഉത്തരവ്’ ഇറക്കിയിട്ടും അക്രമികളെ പിടികൂടാന്‍ പൊലീസിനായില്ല. ഇതോടെയാണ് വൈദികരും കന്യാസ്ത്രീകളും മതമേലധികാരികളും നേതൃത്വം നല്‍കി സഭകളും സംഘടനകളുമായി 79 കൂട്ടായ്മകള്‍ ജന്തര്‍മന്ദറിലേക്ക് പ്രതിഷേധവുമായി ചെന്നത്. മാര്‍ച്ചിനെ പൊലീസ് കിരാതമായി അടിച്ചമര്‍ത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട വിശ്വാസികളും കന്യാസ്ത്രീകളും പുരോഹിതന്മാരും പൊലീസ് തേര്‍വാഴ്ചയില്‍ അടിയേറ്റ് വീണു. പള്ളിയും സ്കൂളും ആക്രമിക്കുക മാത്രമല്ല, കവര്‍ച്ചയും നടത്തിയാണ് അക്രമികള്‍ പിന്മാറിയതെന്നാണ് പുരോഹിതര്‍ പറയുന്നത്. രാത്രിയെത്തി സിസിടിവി കാമറ തല്ലിപ്പൊളിച്ചാണ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ മോഷണം നടത്തിയത്. ഇവിടേയ്ക്കാണ് ഈസ്റ്റര്‍ ദിനത്തില്‍ നരേന്ദ്രമോഡി സധൈര്യം കടന്നുചെന്നത്. നരേന്ദ്രമോഡിയുടെയും ബിജെപി ഭരണകൂടത്തിന്റെയും ക്രൈസ്തവരോടുള്ള നിലപാടാണ് ഇങ്ങനെ രണ്ടുവിധം വെളിപ്പെടുന്നത്.

ഡല്‍ഹിയിലെ ദേവാലയങ്ങള്‍ക്കും സ്കൂളുകള്‍ക്കും നേരെ സംഘ്പരിവാര്‍ നടത്തിയ അക്രമണങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് ക്രൈസ്തവരാണ് ബംഗളൂരുവില്‍ കന്യാസ്ത്രീകളുടെയും വൈദികരുടെയും ആര്‍ച്ച് ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ പ്രകടനം നടത്തിയത്. ‘രാജ്യത്തുടനീളമുള്ള ക്രിസ്ത്യാനികള്‍ക്കും പള്ളികള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ വാര്‍ത്തകളില്ലാതെ അടുത്ത മാസങ്ങളില്‍ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല’ എന്നായിരുന്നു കര്‍ണാടകയിലെ ആര്‍ച്ച് ബിഷപ്പുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ രേഖപ്പെടുത്തിയത്.

ആലഞ്ചേരി പിതാവ് പറയുന്നതനുസരിച്ച് നരേന്ദ്രമോഡി ഭരണത്തിലേറിയതുമുതല്‍ ക്രൈസ്തവര്‍ക്കുനേരെ അക്രമങ്ങളുണ്ടായില്ലെന്നാണ്. ബിജെപി ഭരണത്തിന്റെ തുടക്കകാലത്ത് ചിലതെല്ലാം ഉണ്ടായെങ്കിലും അത് മോഡിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവസാനിച്ചുവെന്നും പറയുന്നു. എന്നാല്‍ 2023 പിറന്നശേഷം രാജ്യതലസ്ഥാനത്തുള്‍പ്പെടെ തുടരുന്ന അക്രമങ്ങള്‍ക്കെതിരെയാണ് ഈ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. മോഡി ഭരണകാലത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരായ രക്തസാക്ഷികളുടെ നീട്ട പട്ടികയിലെ പ്രധാനിയാണ് ഫാദര്‍ സ്റ്റാന്‍സ്വാമി. ഭീമ കൊറേഗാവ് കേസില്‍ മോഡി ഭരണകൂടം അറസ്റ്റുചെയ്ത് ജയിലറയില്‍ കൊന്നുതള്ളിയ മനുഷ്യസ്നേഹി. ഫാദര്‍ ഗ്രഹാംസ്റ്റെയിന്‍സിനും കുടുംബവും സംഘ്പരിവാര്‍ ചൂടുതട്ടാന്‍ തയ്യാറാക്കിയ തീഗോളത്തിലേക്ക് എടുത്തുചാടിയതല്ല. ഒഡിഷയിലെ ഖാണ്ഡമാലിലെ ക്രൈസ്തവര്‍ക്കുനേരെ സംഘ്പരിവാര്‍ നടത്തിയ നരനായാട്ട് മതേതരരാജ്യത്തിന് മറക്കാനാവാത്തതാണ്. മണ്ണോടുചേര്‍ന്നിട്ടും ലോകം വാഴ്ത്തുന്ന മദര്‍ തെരേസയെപ്പോലും വെറുതേ വിടാത്ത സംഘ്പരിവാര്‍ കൂട്ടങ്ങളോടുള്ള ഒരു ഒത്തുതീര്‍പ്പ് ആലഞ്ചേരിമാരില്‍ നിന്ന് എന്തിനാണെന്ന ചോദ്യം സഭയ്ക്കുള്ളില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുകയാണ്. ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ഏതാനും മതാധ്യക്ഷന്മാരുടെ മോഡീ പ്രണയവും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടാത്തവര്‍ തന്നെയാണ് മലയാളികള്‍ എന്നതിന്റെ തെളിവാണത്.

 

Eng­lish Sam­mury: janayu­gom arti­cle by val­san ramamkulth, BJP’s Chris­t­ian appease­ment and Alencher­i’s love for Modi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.