20 December 2025, Saturday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025

കര്‍ണാടകയില്‍ ബിജെപിയുടെ തോല്‍വി; വെറും തെരഞ്ഞെടുപ്പ് പരാജയമല്ല

Janayugom Webdesk
ബംഗളൂരു
May 14, 2023 11:04 pm

കര്‍ണാടകയില്‍ കഴിഞ്ഞദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം രാജ്യംഭരിക്കുന്ന സംഘ്പരിവാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. പ്രധാനമന്ത്രി മോഡിയും കേന്ദ്ര ഭരണകൂടവും മൊത്തത്തിലും ബിജെപി മുഖ്യമന്ത്രിമാര്‍ കൂട്ടത്തോടെയും പ്രചരണം നടത്തിയിട്ടും കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണകൂടത്തെ എളുപ്പത്തില്‍ തോല്പിക്കാമെന്ന സൂചനയായി ഈ വിജയത്തെ കാണാനാകില്ല. മോഡി ഭരണത്തിന്‍ കീഴില്‍ ആരോഗ്യകരമായ ജനാധിപത്യം അസാധ്യമാണെന്ന വസ്തുതയാണ് കര്‍ണാടക നല്കുന്ന പ്രധാന പാഠം.
കടുത്ത വെല്ലുവിളികളുടെ ഒരു പരമ്പരയെയാണ് കര്‍ണാടക ജനത പാെരുതിത്തോല്പിച്ചത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് ഭരണം നടത്തുന്നതെങ്കിലും മോഡിയുടെ സ്വേച്ഛാധിപത്യ രീതിയെ പരാജയപ്പെടുത്താന്‍ കര്‍ണാടകയിലെ ജനങ്ങൾ സ്വീകരിച്ച കടുത്തനിലപാട് പിന്തുടര്‍ന്നില്ലെങ്കില്‍ എളുപ്പമാകില്ല. പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ്, മറ്റ് കേന്ദ്ര ഏജൻസികൾ എന്നിവ ഉപയോഗിച്ചുള്ള വേട്ടയാടല്‍ തെരഞ്ഞെടുപ്പ് ‌വേളയിൽ കേന്ദ്രം അനുസ്യൂതം തുടർന്നു. അതിന്റെ ഉപകാരസ്മരണയായിട്ടാണ് പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും വര്‍ഗീയ പ്രസ്താവനകൾക്കെതിരെ കോൺഗ്രസും മറ്റും നല്കിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അവഗണിച്ചു. വോട്ട് രേഖപ്പെടുത്താന്‍ ജയ് ബജ്‌റംഗ് ബലി എന്ന വര്‍ഗീയ ആഹ്വാനവുമായി എത്തണമെന്ന വോട്ടർമാരോടുള്ള മോഡിയുടെ ആഹ്വാനത്തില്‍ ഇസിയിൽ നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ച ഫണ്ട് വാരിക്കോരിയാണ് ബിജെപി ചെലവഴിച്ചത്. ബോണ്ടുകളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി മാറ്റിവയ്ക്കുന്നത് തുടരുകയുമാണ്. അതുകാെണ്ടുതന്നെ കർണാടകയിലെ തെരഞ്ഞെടുപ്പ് വളരെ ചെലവേറിയതായിരുന്നു. ബെല്ലാരിയിലെ ബി നാഗേന്ദ്രയെ പോലെ ധനസ്ഥിതി കുറഞ്ഞ സ്ഥാനാർത്ഥികളുടെ വിജയം അപവാദമാണ്.
കോര്‍പറേറ്റ് മാധ്യമങ്ങളാകട്ടെ ബിജെപിയുടെ പ്രചരണ വിഭാഗമായാണ് പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഔദ്യോഗിക സന്ദർശനങ്ങളെന്ന പേരില്‍ മോഡി പൊതുഖജനാവിലെ പണം വൻതോതിൽ ചെലവഴിച്ചു. കോൺഗ്രസ് ഭീകരർക്കൊപ്പമാണെന്നതു മുതൽ, അവര്‍ ജയിച്ചാൽ കലാപമുണ്ടാകുമെന്ന് വരെയുള്ള അമിത് ഷായുടെയും മോഡിയുടെയും പ്രസംഗങ്ങള്‍ വർഗീയവും വിദ്വേഷം പരത്തുന്നതുമായിരുന്നു. മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം നിർത്തലാക്കാനുള്ള തീരുമാനത്തോടെയാണ് ബിജെപി പ്രചാരണം ആരംഭിച്ചതു തന്നെ. ഈ നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തു.
മണിപ്പൂരിൽ 60ലധികം പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും 35,000ത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്ത അക്രമത്തെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അവഗണിച്ചു. കർണാടകയിൽ ‘ഇരട്ട എൻജിൻ സർക്കാരിന്റെ’ പ്രാധാന്യത്തെക്കുറിച്ചും ‘ക്രമസമാധാന’ത്തെക്കുറിച്ചും അവകാശവാദം ഉന്നയിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ഇക്കാലയളവില്‍ ജമ്മു കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ ഇന്ത്യൻ ആർമിയിലെ അഞ്ച് സ്പെഷ്യൽഫോഴ്സ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. രാഹുൽ ഗാന്ധിയെ സംശയാസ്പദമായ ഒരു കേസിന്റെ പേരില്‍ ഗുജറാത്ത് കോടതി ശിക്ഷിക്കുകയും ലോക്‌സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തതും ഇതിനിടയിലാണ്. ലോക്‌സഭാ സ്പീക്കറുടെ അടിയന്തര നടപടിയും സംശയാസ്പദമായിരുന്നു. പ്രചാരണത്തിൽ എതിരാളിയുടെ മനോവീര്യം തകർക്കുക എന്നതായിരുന്നു മോഡിയുടെ ലക്ഷ്യം. പക്ഷേ ഇത് തിരിച്ചടിച്ചു.
കര്‍ണാടക സര്‍ക്കാരിനെതിരെ ’40 ശതമാനം കമ്മിഷന്‍ സർക്കാർ’ എന്ന ആരോപണം നിലനില്‍ക്കേ, പ്രചാരണകാലത്ത് അഡാനി അഴിമതിയെക്കുറിച്ച് മോഡി മൗനം തുടർന്നു. മുൻ കശ്മീര്‍ ഗവർണർ സത്യപാൽ മാലിക് പറഞ്ഞതുപോലെ “മോഡിക്ക് അഴിമതിയെ വെറുപ്പില്ല” എന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി, നിസാരമായ കേസുകളും പ്രതികാര നടപടികളും കോണ്ട് പൊതുസമൂഹത്തിന്റെ ശബ്ദങ്ങളെ ഭയപ്പെടുത്താനും ബിജെപി സർക്കാർ ശ്രമിച്ചിരുന്നു. ഹിന്ദുത്വയെ വിമർശിച്ചുകൊണ്ടുള്ള സമൂഹപോസ്റ്റിന്റെ പേരിൽ നടൻ ചേതൻ കുമാറിന്റെ അറസ്റ്റും അദ്ദേഹത്തിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് റദ്ദാക്കാനുള്ള തീരുമാനവും ഉദാഹരണം.

eng­lish sum­ma­ry; kar­nata­ka elec­tion; BJP’s defeat in Kar­nata­ka, Not just an elec­tion failure
you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.