പ്രതിപക്ഷ നേതാക്കളെയും ഭരണാധികാരികളെയും വേട്ടയാടുന്ന വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തങ്ങള്‍ അഴിമതിക്കെതിരാണ് എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കാറുള്ളത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ അന്വേഷണ ഏജന്‍സികള്‍ അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ കാരണം നിരത്തി പ്രതിപക്ഷ വേട്ട ശക്തിപ്പെടുത്തിയിരുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റങ്ങളും അല്ലാതുള്ളവരെ എന്‍ഐഎ പോലുള്ളവയെ ഉപയോഗിച്ച് ദേശദ്രോഹം, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് നിരന്തരം വേട്ടയാടുന്നത്. വിനീതദാസന്മാരായി കുനിഞ്ഞുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ നിയോഗിച്ച് നടത്തുന്ന എല്ലാ ഹീനമായ നടപടികളും പ്രതിപക്ഷം എത്രത്തോളം അഴിമതിയില്‍ ആണ്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുവാനും അവര്‍ ഉപയോഗിക്കുന്നു. പരാതിഘട്ടത്തിലുള്ള കേസുകള്‍ പോലും നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഴിമതി ആരോപണത്തിനുപയോഗിക്കുന്നു. അതേസമയം ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരുകളും മോഡിയുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരും കുറ്റാരോപിതരാകുന്ന അഴിമതിക്കേസുകളെ കുറിച്ച് അവര്‍ക്ക് മിണ്ടാട്ടമുണ്ടാകാറില്ല. മധ്യപ്രദേശില്‍ കുപ്രസിദ്ധമായ വ്യാപം കുംഭകോണം, അനധികൃത ഖനനം, ഇ ടെന്‍ഡര്‍, ആര്‍ടിഒ, മദ്യം, വൈദ്യുതി എന്നിങ്ങനെ വിവിധ മേഖലകളെ ബന്ധപ്പെടുത്തിയുള്ള ഡസനോളം അഴിമതി ആരോപണങ്ങളും പരാതികളുമുണ്ടായി. പക്ഷേ ഒരു ഏജന്‍സിക്കും അത് അന്വേഷണ വിഷയം പോയിട്ട് പ്രാഥമിക കേസ് പോലുമായില്ല. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ വ്യാപാരികള്‍, കരാറുകാര്‍ എന്നിവര്‍ ഓരോ പ്രവൃത്തിക്കും നിശ്ചിത കമ്മിഷന്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടെന്ന ആരോപണമുന്നയിച്ചു. നടപടിയുണ്ടാകാതിരുന്നതിനാല്‍ കരാര്‍ ബഹിഷ്കരിക്കുന്ന നടപടിയുമുണ്ടായി. ഇപ്പോള്‍ അതേക്കുറിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് അഴിമതിയോടുള്ള ബിജെപിയുടെ യഥാര്‍ത്ഥ സമീപനം. പ്രതിപക്ഷമാണെങ്കില്‍ അഴിമതി. തങ്ങളാണെങ്കില്‍ ക്രമപ്രകാരം.
ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത് പേടിഎമ്മുമായി ബന്ധപ്പെട്ട് നടന്ന കുംഭകോണമാണ്. നോട്ടുനിരോധനത്തിന്റെ ഘട്ടത്തില്‍ ബിജെപി നേതൃത്വത്തിലുള്ള വിവിധ സഹകരണ സംഘങ്ങളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെടുത്തതിന്റെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സാധാരണക്കാര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുവാന്‍ കയ്യില്‍ പണമില്ലാതെ നെട്ടോട്ടമോടിയ ആ ഘട്ടത്തില്‍ നരേന്ദ്ര മോഡിയും ബാങ്കിങ് അധികൃതരും ഡിജിറ്റല്‍ പേയ്‌മെന്റിനെ കുറിച്ച് സംസാരിച്ചു തുടങ്ങി. അതോടെയാണ് രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളും ബാങ്കുകളും തഴച്ചുവളര്‍ന്നത്. അതിന്റെ ശിശുവായി പിറന്നതെന്ന് വിശേഷിപ്പിക്കാവുന്നതാണ് പേടിഎം. ഇവിടെയാണ് ആയിരക്കണക്കിന് കോടി രൂപയുടെ കുംഭകോണവും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കുംഭകോണവും ബിജെപി ഉന്നതങ്ങളുടെ അറിവോടെയാണ് എന്ന് സംശയിക്കണം. അതിന് ഉപോദ്‌ബലകമായ ചില വിവരങ്ങളും പുറത്തുവന്നിരിക്കുന്നു. നരേന്ദ്ര മോഡിയുടെ നയരൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് പേടിഎമ്മിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരില്‍ ഒരാള്‍ എന്നതാണത്. 2016ല്‍ നോട്ടുനിരോധനമുണ്ടാകുന്നു, 2017ല്‍ പേടിഎം പിറക്കുന്നു, 2019ല്‍ ബാങ്കിങ് പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ആ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ച നരേന്ദ്ര മോഡിയുടെ വിശ്വസ്തനായ കേന്ദ്ര ഉദ്യോഗസ്ഥന്‍ രമേശ് അഭിഷേക് ബാങ്കിന്റെ ഡയറക്ടറായി മാറുന്നു. കാലഗണന ശ്രദ്ധിക്കണം. ആ ഒരു ബന്ധത്തില്‍ കാര്യങ്ങള്‍ അവസാനിക്കുന്നില്ല. മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മേല്‍നേട്ടം വഹിച്ച ഉദ്യോഗസ്ഥനായ രമേശ് അഭിഷേക് ഇപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നേരത്തെ ആരോപണമുയര്‍ന്നുവെങ്കിലും അന്വേഷണമോ നടപടിയോ സ്വീകരിക്കുവാന്‍ മോഡീദാസന്മാരായ കേന്ദ്ര ഏജന്‍സികള്‍ക്ക് നേരമുണ്ടായില്ല. പരാതി ലോക്പാലിലെത്തിയതിനെ തുടര്‍ന്ന് അവരുടെ നിര്‍ദേശാനുസരണം സിബിഐ കേസെടുക്കുവാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതാണ് അഴിമതിയോടുള്ള മോഡിയുടെ സമീപനത്തിന്റെ ഒരുദാഹരണം. തന്റെ വിശ്വസ്തനാണെങ്കില്‍ ഒരു അഴിമതിയും അന്വേഷിക്കപ്പെടില്ല.
മോഡി സര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് ലേലത്തിന് നല്‍കിയതില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ടെന്ന് സൂചന നല്‍കിയത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലാ (സിഎജി) ണ്. പക്ഷേ അതിന് മുമ്പ് 2015ല്‍ തന്നെ രണ്ട് ബിജെപി എംപിമാര്‍ അഴിമതിയുടെ സാധ്യതയെക്കുറിച്ച് സൂചന നേതൃത്വത്തിനും മോഡിക്കും നല്‍കിയിരുന്നു. ഒരു തിരുത്തല്‍ നടപടിയുമുണ്ടായില്ല. പ്രവര്‍ത്തനക്ഷമമായ കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിന് നല്‍കിയതുവഴി അഡാനി ഉള്‍പ്പെടെയുള്ള മോഡിയുടെ ചങ്ങാത്ത മുതലാളിമാര്‍ക്ക് നേട്ടമുണ്ടായി. സ്വകാര്യമേഖലയ്ക്ക് മെച്ചമുണ്ടായെന്നാണ് സിഎജി കണ്ടെത്തിയത്. അപ്പോള്‍ മോഡി ഒരുകാര്യം ചെയ്തു. നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്ന രണ്ട് എംപിമാരും ഇനി മിണ്ടാതിരിക്കാനായി അവരെ കേന്ദ്രമന്ത്രിമാരായി ഉയര്‍ത്തി. മറ്റുള്ളവരുടെ അഴിമതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി നേതാക്കളുടെയും കാപട്യമാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.