15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024

ക്രൈസ്തവ ദേവാലയങ്ങളിലേക്ക് ബിജെപിയുടെ പരിഹാസയാത്ര

കെ കെ ജയേഷ്
കോഴിക്കോട്
April 9, 2023 11:26 pm

ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ സ്നേഹയാത്രയെന്ന കപടനാടകവുമായി രംഗത്ത്. രാജ്യവ്യാപകമായി നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷൻമാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇതില്‍ പങ്കാളിയായി.
മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും പോലെ ക്രിസ്ത്യാനികളും രാജ്യത്ത് നിന്ന് പുറത്താക്കപ്പെടേണ്ടവരാണെന്ന് വിചാരധാരയിൽ വളരെ കൃത്യമായി ഗോൾവാൾക്കർ വ്യക്തമാക്കുന്നുണ്ട്. ഈ ആശയത്തിൽ അടിയുറച്ച് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് ക്രൈസ്തവ സഭാ അധ്യക്ഷൻമാരെയും നേതാക്കളെയും ചെന്നു കാണുന്നത് എന്നതാണ് കാപട്യം. മുസ്ലിങ്ങൾക്ക് നേരെയുള്ള നീക്കങ്ങൾക്ക് സഹായം ലഭ്യമാക്കുകയെന്ന ഗൂഢോദ്ദേശ്യവും ഇതിന് പിന്നിലുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ അവകാശങ്ങളിൽ കേരളത്തിൽ വേർതിരിവുണ്ടെന്ന പ്രചാരണവുമായി ബിജെപി രംഗത്തെത്തിയതും ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിങ്ങള്‍ക്ക് അനർഹ അവകാശങ്ങൾ ലഭിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതിക ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്. മതന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളുടെ വലിയ പങ്കും മുസ്ലിങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും ക്രിസ്ത്യൻ പിന്തുണ നേടാൻ പാർട്ടിക്ക് സാധിച്ചില്ല. 

തീവ്രനിലപാടുകളുള്ള കാസയെന്ന ക്രിസ്ത്യൻ സംഘടനയെ കൂടെനിർത്തി കോടതി പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണങ്ങളും ബിജെപി പൊടിതട്ടിയെടുത്തിരുന്നു. ഇതും പൊതുസമൂഹം തള്ളി. കാസയുടെ തീവ്രനിലപാടുകളെ മുഖ്യധാരാ ക്രിസ്ത്യൻ വിഭാഗങ്ങൾ അംഗീകരിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപി, ക്രൈസ്തവ സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് സൺ ഇന്ത്യ എന്ന സംഘടനയ്ക്കും രൂപം നൽകി. എന്നാൽ രാജ്യത്തുടനീളം സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന ക്രിസ്ത്യൻ വേട്ടയെക്കുറിച്ച് വ്യക്തമായറിയാവുന്ന ക്രിസ്ത്യൻ വിഭാഗങ്ങൾ ബിജെപി-സംഘപരിവാർ നീക്കങ്ങളെ പൂർണമായും തള്ളിക്കളയുകയായിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർ കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്നതെന്ന് സര്‍ക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഈ അതിക്രമങ്ങൾക്കെതിരെ ചെറുവിരലനക്കാത്ത കേന്ദ്ര സർക്കാരും ബിജെപിയുമാണ് ഇപ്പോൾ വീണ്ടും പള്ളികൾ സന്ദർശിച്ചും സഭാ അധ്യക്ഷൻമാരെ കണ്ടു സ്നേഹം അറിയിക്കുന്നത്. 

ക്രിസ്മസിന് ഹിന്ദു ഭവനങ്ങളിൽ നക്ഷത്ര വിളക്ക് തൂക്കരുതെന്ന് നിർദേശിച്ചത് ആർഎസ്എസ് ആണ്. ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കുന്നവർക്ക് ബിജെപി മൗനസമ്മതം നൽകുന്നതായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വ്യക്തമാക്കിയത് ഈ കാപട്യം തിരിച്ചറിഞ്ഞാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലെ തിരുഹൃദയ ദേവാലയത്തിലാണ് സന്ദര്‍ശനം നടത്തിയത്. ക്രൈസ്തവ സമുദായ നേതാക്കളെ കണ്ടുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലയ്ക്കിനെയും കേന്ദ്രമന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെയും പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ കണ്ണൂരിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെയുമാണ് സന്ദര്‍ശിച്ചത്.

Eng­lish Sum­ma­ry: BJP’s Mock Trip to Chris­t­ian Churches

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.