
അടിയന്തരാവസ്ഥയുടെ തിക്താനുഭവങ്ങളെ മറയാക്കി ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു. കല്ലാച്ചിയിൽ നടക്കുന്ന സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഓത്തിയിൽ കൺവെൻഷൻ സെന്ററിലെ എം നാരായണൻ മാസ്റ്റർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യപടിയായി ഭരണഘടനയിൽ നിന്നും മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കാനാണ് നീക്കം. ഭരണഘടന രൂപപ്പെട്ടപ്പോള്‍ മതേതരത്വ, സോഷ്യലിസ്റ്റ് ആശയങ്ങൾ ഇല്ലായിരുന്നുവെന്ന് പറയുന്നത് തെറ്റാണ്. ഭരണഘടനയുടെ അന്തസത്ത തന്നെ മതേതരത്വത്തിലും സോഷ്യലിസ്റ്റ് ആശയങ്ങളിലുമാണ് നിലകൊള്ളുന്നത്. ബി ആര്‍ അംബേദ്കര്‍ അടക്കമുള്ള ഭരണഘടനാ ശില്പികള്‍ ഇക്കാര്യം വിഭാവനം ചെയ്തിട്ടുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു.
ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുന്ന ഇടതുപക്ഷ സർക്കാരിനെ എങ്ങിനെ തകർക്കാമെന്നാണ് കേന്ദ്ര സർക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന പ്രതിനിധി കെ ജി പങ്കജാക്ഷൻ പതാക ഉയർത്തി. ആർ സത്യൻ രക്തസാക്ഷി പ്രമേയവും അജയ് ആവള അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ ബാലൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി സുരേഷ് ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, മന്ത്രി ജി ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ രജീന്ദ്രൻ കപ്പള്ളി സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, സി കെ ശശിധരൻ, ടി വി ബാലൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകുന്നേരം കാനം രാജേന്ദ്രന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.