18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024

ഡല്‍ഹിയില്‍ ബിജെപിയുടെ ഗൂഢപദ്ധതി; രാഷ്ട്രപതി ഭരണത്തിന് നീക്കം

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2024 10:55 pm

മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നു. ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രി പദവിയിലിക്കെ ഒരു വ്യക്തി രാജ്യത്ത് അറസ്റ്റിലാകുന്നത്. ഇത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നിയമോപദേശം. ഇതോടെ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയേക്കും. നിയമ വിദഗ്ധരുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തി ലഫ്റ്റനന്റ് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. ഗവർണറുടെ റിപ്പോർട്ട് കണക്കിലെടുത്ത് ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും. ഇഡി കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ ബിജെപി ലഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകിയിരുന്നു. 

കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാള്‍ രണ്ട് തവണയാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന പശ്ചാത്തല സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് വിശദീകരിച്ച ഇഡി വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഭാര്യ സുനിത കെജ്‌രിവാളിനും പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനും മാത്രമാണ് കെജ്‌രിവാളിനെ സന്ദര്‍ശിക്കുന്നതിനായി കോടതി അനുമതി നല്‍കിയിരിക്കുന്നത്. എല്ലാദിവസവും അരമണിക്കൂര്‍ നേരമാണ് കൂടിക്കാഴ്ച. എപിജെ അബ്ദുള്‍കലാം റോഡിലെ ഇ ഡി ആസ്ഥാനത്ത് അറസ്റ്റിലുള്ളവരുമായി അഭിഭാഷകരോ കുടുംബമോ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിലാണെന്നും ഇഡി അറിയിച്ചിരുന്നു. 

അതേസമയം കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയായി തുടരുന്നതിന് കെജ്‌രിവാളിന് നിയമപരമായ എന്ത് തടസമാണ് ഉള്ളതെന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. സാമ്പത്തിക അഴിമതിക്കേസിൽ പ്രതിയായ മുഖ്യമന്ത്രിയെ ഓഫീസിൽ തുടരാൻ അനുവദിക്കരുതെന്നായിരുന്നു സുർജിത് സിങ് യാദവ് ഹർജിയിൽ ആവശ്യപ്പെട്ടത്. ആക്‌ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയം ജുഡീഷ്യൽ ഇടപെടലിന്റെ പരിധിക്ക് പുറത്താണെന്നായിരുന്നു കോടതിയുടെ നിലപാട്. മുഖ്യമന്ത്രിയെ തത്‌സ്ഥാനത്ത് നിന്നും മാറ്റാന്‍ ചട്ടമില്ലെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യറി ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. സർക്കാർ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള വിഷയമാണിത്. അതിനാല്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: BJP’s secret plan in Del­hi; Move to Pres­i­den­t’s rule

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.