വയനാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസുമായുള്ള ഡീലിന്റെ തെളിവാണ് ബിജെപിയുടെ ദുർബല സ്ഥാനാർത്ഥിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി സംസ്ഥാന പ്രസിഡന്റ് മത്സരിച്ചിടത്ത് കോർപറേഷൻ കൗൺസിലറെ സ്ഥാനാർത്ഥിയാക്കിയെങ്കിൽ അതിന് പിന്നിലെ ഡീൽ ആർക്കും വ്യക്തമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയ ശ്രദ്ധയാകർഷിക്കുന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി രാഷ്ട്രീയമായി ദുർബല സ്ഥാനാർത്ഥിയെ ഇറക്കിയത്. ഇതിലൂടെ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് കോൺഗ്രസിനോട് പറയുകയാണ്. പ്രിയങ്ക നാമനിർദേശ പത്രിക നൽകുമ്പോൾ ആദ്യം കയറിയത് റോബർട്ട് വാദ്രയും മകനുമാണ്. പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ പുറത്തായിരുന്നു.
ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് 170 കോടി രൂപ സംഭാവന നൽകിയ വ്യവസായിയാണ് വാദ്ര. പണത്തിന് വേണ്ടി എന്തും കാണിക്കുന്ന ആർത്തിപിടിച്ച ബിസിനസുകാരൻ മാത്രമാണദ്ദേഹം. വാദ്രയുമായുള്ള ഡീലിന്റെ ഭാഗമായിട്ടാണോ ദുർബല സ്ഥാനാർത്ഥിയെ നിർത്തിയതെന്ന ചോദ്യത്തിന് ബിജെപി മറുപടി നൽകണം.
വയനാട്ടിലെ മുഖ്യഎതിരാളി ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. വർഗീയ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയാണോ വർഗീയതയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഇടതുപക്ഷമാണോ മുഖ്യശത്രുവെന്ന് കോൺഗ്രസ് പറയണം. ഗാന്ധി-നെഹ്രു പാരമ്പര്യം കൈവിട്ടതുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസ് ബിജെപിയുമായി ചങ്ങാത്തം കൂടാൻ ആവേശം കാണിക്കുന്നത്. ആ പാര്‍ട്ടിയുടെ ദയനീയാവസ്ഥയാണ് ഇത് കാണിക്കുന്നത്. കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകരും കാണാത്ത അടിയൊഴുക്ക് വയനാട്ടിലുണ്ടാവും. ഇടതു മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയെ ജനങ്ങൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. വിദ്യാർത്ഥി കാലം മുതൽ ജനകീയ വിഷയങ്ങളിൽ ഇടപെടുകയും കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത നേതാവാണ് സത്യൻ മൊകേരി. ഉരുൾപൊട്ടൽ ദുരന്തകാലത്ത് വയനാടിന് വേണ്ടി സംസാരിക്കാൻ ഒരു എംപി ഇല്ലായിരുന്നു. അതില്ലാതാക്കിയത് കോൺഗ്രസാണ്. ദുരന്തം വേട്ടയാടിയ വയനാടിനെ സഹായിക്കാത്ത മോഡി സർക്കാരിനെതിരായി രാഹുൽ ഗാന്ധി ഒന്നും മിണ്ടിയില്ല. ഇക്കാര്യങ്ങളെല്ലാം വയനാട്ടിലെ ജനങ്ങൾ കാണുന്നുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ട്രക്കിലും ചാക്കിലും നിറയെ പണവും ആംബുലൻസിൽ സ്ഥാനാർത്ഥിയുമെന്നതാണ് ബിജെപിയുടെ രാഷ്ട്രീയം. കള്ളപ്പണ രാഷ്ട്രീയത്തിന്റെ ദല്ലാള്‍മാരായി ബിജെപി നേതാക്കൾ മാറിയിരിക്കുകയാണ്. ഇത് വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും ജനം തിരിച്ചറിയും. എല്ലായിടത്തും ഇടതുപക്ഷ അനുകൂല കാറ്റാണുള്ളത്. അത് തടയാൻ ആർക്കും കഴിയില്ല. അതിന്റെ അങ്കലാപ്പിലാണ് കോൺഗ്രസും ബിജെപിയും. അതാണവർ പരസ്പരം കൈകോർത്ത് തടയാൻ ശ്രമിക്കുന്നത്.
രാഷ്ട്രീയേതരമായ കാര്യങ്ങൾ പറഞ്ഞാണ് ഇരുപക്ഷവും മുന്നോട്ടുപോകുന്നത്. രാഷ്ട്രീയ ധർമ്മങ്ങളെ കുഴിച്ചുമൂടുന്ന ബിജെപിക്കെതിരായും അവരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്ന കോൺഗ്രസിന് എതിരെയുമാണ് ഇടതുപക്ഷത്തിന്റെ പോരാട്ടം. അതുകൊണ്ട് തന്നെ ഗാന്ധിയൻ മൂല്യം നെഞ്ചിലേറ്റുന്ന കോൺഗ്രസ് പ്രവർത്തകരുടെ വോട്ടും ഇടതുപക്ഷത്തിന് ലഭിക്കും.
തൃശൂര്‍ പൂരം നടക്കേണ്ടതുപോലെ നടന്നില്ലെന്ന് എല്ലാവർക്കുമറിയാം. അന്വേഷണത്തിൽ യാഥാർത്ഥ്യം പുറത്തുവരും. എഡിഎം നവീൻ ബാബുവിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. ഇടതുപക്ഷവും സർക്കാരും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൃഷ്ണപിള്ള മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ഗവാസ്, പി കെ നാസർ തുടങ്ങിയവരും സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.