നിറത്തിന്റെ പേരിലുള്ള അവഗണന കേരളത്തിലും ഉണ്ടാകുന്നു എന്നതിനെ ഗൗരവമായി കാണണമെന്നും കേരളത്തെ പുതുക്കിപ്പണിയേണ്ട സ്ഥിതിയാണെന്നും കൃഷി മന്ത്രി പി പ്രസാദ്. അഖിലേന്ത്യാ ആദിവാസി മഹാസഭ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന കേരളം പടിയിറക്കി വിട്ടു എന്നുപറയുന്ന ജാതിചിന്തകൾ പലതും മനുഷ്യർ അകത്തേക്ക് ഇറക്കിവയ്ക്കുകയാണ്. നിറത്തിന്റെ പേരിൽ അവഗണന നേരിട്ടുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുറന്നു പറഞ്ഞതിലൂടെ കേരളത്തിലും ഇത്തരം ചിന്തകൾ ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് തെളിയുന്നത്.
കറുപ്പ് എന്നത് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അടയാളമായി നാം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. നവോത്ഥാന മൂല്യങ്ങളെയും ജനാധിപത്യ ചിന്തകളെയും ഉറപ്പിച്ചു നിർത്താനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദളിത് ‑ആദിവാസി ജനതയുടെ ശാക്തീകരണത്തിനായി ചട്ടപ്പടി പരിപാടികൾ നടത്താതെ ജനതയുടെ അന്തസ് ഉയർത്തുക എന്നതാണ് പ്രധാനമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എൻ രാജൻ അധ്യക്ഷത വഹിച്ചു. വി ശശി എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, എഐഡിആർഎം സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ബി ഇടമന, എം കുമാരൻ, എംപിഐ ചെയർമാൻ ഇ കെ ശിവൻ, മരുതി മുരുകൻ, വിജയലക്ഷ്മി, ടി മണി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി വിജയലക്ഷ്മി (പ്രസിഡന്റ്), മരുതി മുരുകൻ, ആർ ബാബു, ഇ എൻ ഗോപി, (വൈസ് പ്രസിഡന്റുമാർ), എം കുമാരൻ (സെക്രട്ടറി), മനോഹരൻ കാണി, പി കെ കരുണാകരൻ, എ ഒ ഗോപാലൻ (ജോയിന്റ് സെക്രട്ടറിമാർ), ടി മണി (ട്രഷറർ) എന്നിവരടങ്ങിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.