തമിഴ്‌നാട് വിരുദുനഗറിലെ ബൊമ്മൈപുരത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. ആറ് പേര്‍ മരിച്ചു. സത്തൂർ താലൂക്കിലെ അപ്പയ്യാനിക്കൻപട്ടി ഗ്രാമത്തിലെ സായ്‌നാഥ് പടക്കനിർമാണ യൂണിറ്റിലാണ് വന്‍ സ്ഫോടനമുണ്ടായത്. പടക്കനിർമാണത്തിനായുള്ള രാസവസ്തുക്കൾ സംയോജിപ്പിക്കുന്നതിനിടെയായിരിക്കാം സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പല നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മ്മാണശാലയില്‍ 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ നിരവധി മുറികള്‍ തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ശിവകാശിയിലെയും മാത്തൂരിലെയും അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സ്ഫോടനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു.
തമിഴ്‌നാട്ടിൽ പടക്കനിർമാണശാലയിൽ സ്ഫോടനങ്ങൾ സ്ഥിരം സംഭവങ്ങളായി മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം തിരുപ്പൂരിൽ നടന്ന സ്ഫോടനത്തിൽ ഒമ്പത് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാനരീതിയിൽ സേലത്തും ഒരാൾ മരിച്ചിരുന്നു. സംസ്ഥാനത്തെ പടക്ക നിർമാണശാലകളിൽ ഭൂരിഭാഗവും വിരുദനഗർ ജില്ലയിലാണ്. വിരുദുനഗറിലെ 1,150 ഫാക്ടറികളിലായി ഏകദേശം നാല് ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ പടക്ക ഉല്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.