15 January 2026, Thursday

Related news

January 1, 2026
November 16, 2025
November 6, 2025
November 3, 2025
October 31, 2025
October 10, 2025
October 10, 2025
October 9, 2025
July 14, 2025
April 27, 2025

ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വരുന്നു; ഒഡിഷയെ തകര്‍ത്ത് സൂപ്പര്‍ ജയം

നിഖില്‍ എസ് ബാലകൃഷ്ണന്‍
കൊച്ചി
January 13, 2025 10:34 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ഒഡിഷന്‍ വെല്ലുവിളി മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആദ്യ മിനിറ്റുകളില്‍ ഗോള്‍ വഴങ്ങി പിന്നിലേക്ക് പോയ ടീം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് ത്രസിപ്പിക്കുന്ന ജയം കരസ്ഥമാക്കിയത്. ഒഡിഷയ്ക്കായി മവ്ഹിങ്തങ്ക (4-ാം മിനിറ്റ്), ഡോറി (80) ഗോളുകള്‍ നേടി. രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് ഗോളുകളും പിറന്നത്. ക്വാമി പെപ്ര (60), ജീസസ് ജിമിനെസ് (73), നോവ സദോയി (95) എന്നിവരാണ് മഞ്ഞപ്പടയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് എത്തി. ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. 

കളിയുടെ നാലാം മിനിറ്റില്‍ തന്നെ വല കുലുക്കി ഒഡിഷ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. മൈതാന മധ്യത്ത് നിന്ന് ഡൊറി ഉയര്‍ത്തി നല്‍കിയ പാസ് കാലില്‍ സ്വീകരിച്ച മവ്ഹിങ്തങ്ക ഗോളി സച്ചിനെ നിഷ്പ്രഭനാക്കി ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി. കളിയില്‍ നിലയുറപ്പിക്കും മുമ്പ് വീണ ഗോള്‍ മടക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടായത്. തൊട്ടുപിന്നാലെ പന്തുമായി ബ്ലാസ്റ്റേഴ്‌സ് നായകന്‍ ലൂണയുടെ മിന്നല്‍ നീക്കം. പന്ത് മറിച്ച് നല്‍കാന്‍ മറ്റുതാരങ്ങള്‍ ബോക്‌സിലുണ്ടാകാതിരുന്നതുകൊണ്ട് തന്നെ ഗോളിലേക്കുള്ള അവസരം തുറക്കാനുള്ള നീക്കമാണ് ലൂണ നടത്തിയത്. എന്നാല്‍ ഒഡിഷ പ്രതിരോധ നിരയുടെ ശക്തിയില്‍ ഗോള്‍ വഴി മാറി നിന്നു. ഗോള്‍ മടക്കാനുള്ള ലക്ഷ്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് പ്രത്യാക്രമണം കടുപ്പിച്ചതോടെ ഒഡിഷ പ്രതിരോധം പലപ്പോഴും ചിന്നിച്ചിതറി. ലൂണ‑പെപ്ര‑നോവ കോമ്പിനേഷന്‍ അപകടകരമായ പല നീക്കങ്ങളും നടത്തിയെങ്കിലും നിര്‍ഭാഗ്യത്തില്‍ തട്ടി ഗോള്‍ മാറി നിന്നു. 

രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിന് അടുത്ത് വീണ്ടുമെത്തി. ബോക്‌സിലേക്ക് പന്തുമായി കുതിച്ച ലൂണ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ നല്‍കിയ ക്രോസ് പക്ഷെ മുതലാക്കാന്‍ നോവയ്ക്ക് സാധിച്ചില്ല. ഒഡിഷ ഗോളി അമരീന്ദര്‍ സിങ്ങിന്റെ മിന്നും സേവുകളാണ് ബ്ലാസ്റ്റേഴ്‌സിനെ ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. തൊട്ടുപിന്നാലെ മറ്റൊരു മികച്ച അവസരം. കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ന്നുവന്ന പന്തില്‍ നോവ കൃത്യമായി തലവച്ചതാണ്. ഗോളിയെയും കടന്ന് വലയിലേക്ക് കുതിച്ച പന്തിനെ പക്ഷെ ഗോള്‍വരയില്‍ നിന്ന് മുന്നേറ്റനിരതാരം റഹീം അലി തട്ടിയകറ്റി. എന്നാല്‍ ഒഡിഷയുടെ ചെറുത്ത് നില്‍പ്പ് 60-ാം മിനിറ്റില്‍ അവസാനിച്ചു. മൈതാന മധ്യത്ത്നിന്ന് കോറോ സിങ് നല്‍കിയ മികച്ച പാസ് ഒഡിഷ പ്രതിരോധത്തിനെ കീറി മുറിച്ച് പെപ്രയുടെ കാലുകളിലേയ്ക്ക്. മുന്നോട്ട് ആഞ്ഞുവന്ന ഗോളി അമരീന്ദര്‍ സിങ്ങിനെ മറികടന്ന് പെപ്ര ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ വീണ്ടും പെപ്ര വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. 

പരിക്കുമൂലം കഴിഞ്ഞ കളികളില്‍ പുറത്തിരുന്ന ജീസസ് ജിമിനെസ് പകരക്കാരനായി കളത്തിലേക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്കാണ് പിന്നീടും മൈതാനം സാക്ഷ്യം വഹിച്ചത്. മത്സരം 70 മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ തന്നെ 14 കോര്‍ണര്‍കിക്കുകളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. അതില്‍ ഒന്ന് പോലും ഗോളാക്കി മാറ്റാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. ഒടുവില്‍ 73-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തി. ലൂണ ഉയര്‍ത്തി നല്‍കിയ പന്തില്‍ ചാടി തലവച്ച നോവയുടെ നീക്കം മുതലെടുത്ത് ജീസസ് പന്ത് വലയിലാക്കി. പരിക്ക് മാറി മൈതാനത്തേക്കുള്ള മടക്കം ആഘോഷമാക്കാനും ജീസസ് ജിമിനെസിനായി. ടൂര്‍ണമെന്റില്‍ താരം നേടുന്ന പത്താമത്തെ ഗോളുകൂടിയായി അത് മാറി. 

കളി കൈപ്പിടിയിലായെന്ന് കരുതിയിടത്ത് നിന്ന് വീണ്ടും തിരികെയെത്തി ഒഡിഷ. ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് കിട്ടിയ ഫ്രികിക്ക് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലിടിച്ച് മടങ്ങി. അപകടമൊഴിവായി എന്ന് കരുതിയിടത്ത് നിന്ന് ഡോറിയുടെ ഷോട്ട് ഗോളി സച്ചിനെയും മറികടന്ന് വല കുലുക്കി. സമനില കുരുക്ക് പൊട്ടിക്കാനുള്ള നീക്കമായിരുന്നു പിന്നീട് മഞ്ഞപ്പട നടത്തിയത്. പിന്നാലെ മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് കാര്‍ലോസ് ഡെല്‍ഗാഡോ പുറത്തായതോടെ പത്തുപേരുമായി ഒഡിഷ ചുരുങ്ങി. ഈ അവസരം മുതലാക്കാനുള്ള ശ്രമത്തിന്റെ ഫലം 90-ാം മിനിറ്റിന് ശേഷമുള്ള അധിക സമയത്ത് ലഭിച്ചു. നോവാ സദോയിയുടെ മികച്ചൊരു ഷോട്ട് പ്രതിരോധനിര താരത്തിന്റെ കാലിലുരസി ഒഡിഷ വല കുലുക്കി. ഒടുവില്‍ ലോങ് വിസില്‍ മുഴുങ്ങിയപ്പോള്‍ വിലപ്പെട്ട മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് കൂടാരം കയറി.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.