പുതിയ സീസണിൽ അടിമുടി മാറ്റത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ടീമിൽ മാത്രമല്ല ടീമിന്റെ ഹോം ഗ്രൗണ്ടിലുൾപ്പെടെ മാറ്റങ്ങളുണ്ടാവുമെന്ന സൂചനയാണ് ടീം മാനേജ്മെന്റ് നൽകുന്നത്. മുൻ സ്പാനിഷ് താരം ദവീദ് കറ്റാല പുതിയ ടീം കോച്ചായി ചുമതലയേറ്റതിനെ തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി കോഴിക്കോട്ടേക്ക് കൂടി ടീമിന്റെ തട്ടകം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. അത്തരമൊരു ആലോചന ക്ലബ്ബിലുണ്ട്. മറ്റു കാര്യങ്ങളെല്ലാം ശരിയായി വന്നാൽ അടുത്ത ഐഎസ്എൽ സീസണിൽ ചില മത്സരങ്ങൾ കോഴിക്കോട്ടും കളിക്കുമെന്നും അഭിക് ചൂണ്ടിക്കാട്ടി. ആരാധകരുടെ സൗകര്യാർത്ഥമാണ് കൊച്ചിക്ക് പുറമേ കോഴിക്കോടും ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകൾ നടത്തുന്നതിനുള്ള സാധ്യതകൾ ക്ലബ്ബ് പരിഗണിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് മലബാറിൽ വലിയ ആരാധകകൂട്ടമുണ്ട്. മോശം സീസണിനെത്തുടർന്ന് ആരാധകർ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ അവരെ സമന്വയിപ്പിക്കാനുള്ള തീരുമാനമാണിതെന്നും സൂചനയുണ്ട്. ഹോം ഗ്രൗണ്ട് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൂപ്പർ ലീഗ് അധികൃതരുമായി ഉൾപ്പെടെ ക്ലബ്ബ് പ്രാഥമിക ചർച്ചകൾ നടത്തി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് സൂചന. നിലവിൽ ഐ ലീഗിൽ കളിക്കുന്ന ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. ഇവിടെ അടിസ്ഥാന സൗകര്യമുൾപ്പെടെ പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് അഭിക് ചാറ്റർജി പറഞ്ഞു. കുറച്ച് മത്സരങ്ങൾക്ക് മാത്രമായിരിക്കും കോഴിക്കോട് വേദിയാവുക. കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയം ക്ലബ്ബിന്റെ പ്രധാന ഹോം ഗ്രൗണ്ടായി തുടരുകയും ചെയ്യും.
അതേസമയം മഞ്ഞപ്പട ഉൾപ്പെടെ ഓരോ ആരാധക കൂട്ടായ്മയും തങ്ങൾക്ക് പ്രധാനമാണെന്ന് സിഇഒ പറഞ്ഞു. ക്ലബ്ബ് മാനേജ്മെന്റിന് ആരുമായും പ്രശ്നമില്ല, മറ്റുള്ളവർക്ക് മാനേജ്മെന്റിനോടാണ് പ്രശ്നമെന്നും അഭിക് പറഞ്ഞു. വിമർശനങ്ങളോട് തുറന്ന സമീപനമാണ് ക്ലബ്ബിനുള്ളത്. ടീമുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. അതിൽ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ക്ലബ്ബും ആരാധകരുമായുള്ള ആശയവിനിമയം കൂടുതൽ വ്യക്തവും സുതാര്യവുമാക്കുന്നതിനായാണ് ഫാൻ അഡ്വൈസറി ബോർഡ് രൂപവല്‍കരിച്ചത്. ദവീദ് കറ്റാല ഞങ്ങൾക്കൊപ്പം ചേർന്നതിൽ സന്തോഷമുണ്ട്. ടീമിനെ നയിക്കാൻ അദ്ദേഹം പ്രാപ്തനാണെന്ന ആത്മവിശ്വാസം ക്ലബ്ബിനുണ്ടെന്നും അഭിക് ചാറ്റർജി പറഞ്ഞു. ഓരോ അംഗങ്ങളുടേയും ഏറ്റവും മികച്ച പ്രകടനം ഉറപ്പാക്കി മികച്ച ടീമിനെ വാർത്തെടുക്കുന്നതിലാണ് പുതിയ ഹെഡ് കോച്ച് ഊന്നൽ നൽകുകയെന്നും, അറ്റാക്കിങ്ങിനും പ്രതിരോധത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള സന്തുലിത രീതിയാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നതെന്നും സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് വ്യക്തമാക്കി. നായകൻ അഡ്രിയാൻ ലൂണ, നോഹ സദൂയി തുടങ്ങിയ താരങ്ങൾ വിട്ടുപോകുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.