19 December 2024, Thursday
KSFE Galaxy Chits Banner 2

അടി,തിരിച്ചടി,സമനില; ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് ചെന്നൈയിന്റെ പൂട്ട്

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
November 29, 2023 11:30 pm

ത്രില്ലർ സിനിമകളെ അനുസ്മരിക്കുന്ന സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച പോരാട്ടത്തിൽ ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും സമനിലയിൽ പിരിഞ്ഞു. കളിയുടെ ഒന്നാം മിനിറ്റിൽ ഗോൾ വഴങ്ങിയിട്ടും പിന്നീട് രണ്ട് ഗോളുകൾക്ക് പിന്നിൽ പോയിട്ടും സമനില പിടിച്ച പോരാട്ട വീര്യം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സിന് 100 മാർക്ക് നൽകണം. തോൽവിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ നിന്ന് രണ്ട് ഗോളുകൾ തിരികെ അടിച്ച ബ്ലാസ്റ്റേഴ്സ് ഹോം മൈതാനത്ത് ഈ സീസണിൽ തോൽവി വഴങ്ങിയിട്ടില്ലെന്ന മികച്ച റെക്കോഡ് കാത്ത്സൂക്ഷിച്ചു. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് (11 ‑പെനാൽറ്റി, 59) ഇരട്ട ഗോൾ നേടിയപ്പോൾ പെപ്ര വകയായിരുന്നു (38) മറ്റൊരു ഗോൾ. മറുവശത്തായി സന്ദർശകർക്ക് വേണ്ടി ജോർദാൻ മുറെ (13‑പെനാൽറ്റി, 24) ഇരട്ട ഗോൾ നേടിയപ്പോൾ റഹീം അലി (1) വകയായിരുന്നു അക്കൗണ്ട് തുറന്നത്. സമനിലയോടെ 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ഇനി ഡിസംബർ മൂന്നിന് ഗോവയിൽ അവർക്കെതിരയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. 

കഴിഞ്ഞ കളിയിൽ ജയിച്ച ടീമിൽ നിന്ന് കാതലായ മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പ്രബീർദാസും കെ പി രാഹുലും ദിമിത്രിയോസും ആദ്യ 11ൽ എത്തിയപ്പോൾ മഞ്ഞക്കുപ്പായത്തിൽ സ്ഥിരം സാന്നിധ്യമായിരുന്ന ജപ്പാൻതാരം ഡയസൂക്കിയും പ്രീതം കോട്ടാലും സൈഡ് ബെഞ്ചിലേയ്ക്ക് മാറി. ക്യാപ്റ്റൻ ലൂണയ്ക്ക് പുറമേ ക്വാമി പെപ്രയും ഹോർമിപാമും വിപിൻ മോഹനനും ഡാനിഷും മിലോസ് ഡ്രിൻസിച്ചുമെല്ലാം ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ ഗോൾ ബാറിന് കീഴിൽ സച്ചിൻ തന്നെ വീണ്ടുമെത്തി. പരിക്ക് മാറി തിരികെ എത്തിയ ജോർദാൻ മുറേയ്ക്ക് ചെന്നൈയിൻ അവസരം നൽകി. ബ്രസീലിയൻ പ്ലേമേക്കർ റാഫേൽ ക്രിവല്ലാരോ മധ്യനിരയെ നയിച്ചപ്പോൾ ഗോൾബാറിന് കീഴിൽ ദേബ്ജിത് മജുംദാർ തന്നെ വീണ്ടുമെത്തി. 

അവിശ്വസനീയമായ ആദ്യപകുതിയായിരുന്നു മത്സരത്തിന്റെത്. ബ്ലാസ്റ്റേഴ്സിന്റെ ടച്ചോടെ ആരംഭിച്ച കളിയുടെ ഒന്നാം മിനിറ്റിൽ പക്ഷെ ചെന്നൈയിൻ മുന്നിലെത്തി. മൈതാന മധ്യത്തിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ബോക്സിൽ അപകടംവിതയ്ക്കുകയായിരുന്നു. താഴ്ന്നുവന്ന പന്ത് കൃത്യമായി സ്വീകരിച്ച മുന്നേറ്റനിരതാരം റഹീം അലി ബ്ലാസ്റ്റേഴ്സ് വല കുലുക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം തരിച്ച് പോയി. കളിക്കാണാനുള്ള ഇരിപിഠം സജ്ജമാക്കുന്നതിന് മുമ്പ് തന്നെ ഗോൾ വീണതിന്റെ ഞെട്ടലിലായിരുന്നു ആരാധകർ. സീസണിലെ അതിവേഗ ഗോളിന് കൂടി ചെന്നൈ അവകാശികളാകുന്നത് നോക്കി നിൽക്കാൻ മാത്രമേ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സാധിച്ചുള്ളു. കൃത്യം 11-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മറുപടി ഗോൾ വന്നു. എതിരാളികളുടെ ബോക്സിലേയ്ക്ക് അതിവേഗം കുതിച്ചെത്തിയ പെപ്രയെ തടഞ്ഞിട്ടതിന് റഫറി വക ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിക്ക് തെറ്റിയില്ല. മഞ്ഞപ്പട സമനില പിടിച്ചു. ഗ്യാലറിയുടെ സന്തോഷത്തിന് ആയുസ് വെറും രണ്ട് മിനിറ്റ് മാത്രമായിരുന്നു. 13-ാം മിനിറ്റിൽ വീണ്ടും ചെന്നൈയിൻ വക ആതിഥേയർക്ക് ഇരിട്ടടി. ഇത്തവണ ബ്ലാസ്റ്റേഴ്സ് പ്രതിരോധം സമ്മാനിച്ച ഗോളാണ് ചെന്നൈയിന് അനുഗ്രഹമായതെന്ന് പറയാം. പോസ്റ്റിന് തൊട്ടുപുറത്ത് നിന്ന് പന്ത് തട്ടി മാറ്റുന്നതിൽ പ്രതിരോധനിരതാരം മിലോസിന് പിഴച്ചിടത്ത് നിന്നാണ് ബ്ലാസ്റ്റേഴ്സിന് കഷ്ടകാലം തുടങ്ങിയത്. ഓടിയെത്തിയ നവോച്ച സിങിന്റെ കിക്ക് പക്ഷെ ഉന്നംതെറ്റി കൊണ്ടത് ചെന്നൈയിൻ താരത്തിന്റെ കാലിൽ. ശിക്ഷയായി റഫറിവക ബ്ലാസ്റ്റേഴ്സിന് എതിരായി പെനാൽറ്റി വിധിച്ചു. ജോർദ്ദാൻ മുറെയ്ക്ക് തെറ്റിയില്ല. ചെന്നൈയിൻ ഒരു ഗോളിന് മുന്നിൽ. 

സമനില പിടിക്കാനുള്ള ബ്ലാസ്റ്റേഴ്സ് മോഹങ്ങളുടെ നെഞ്ചിൽ തീ കോരിയിട്ട് വീണ്ടും ജോർദ്ദാൻ മുറെ വക ചെന്നൈയിൻ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. പ്രതിരോധനിര ഒന്നടങ്കം ദിശ തെറ്റി നിന്ന നിമിഷം മുതലാക്കിയ മുറെ പന്തുമായി ബോക്സിലേയ്ക്ക് കുതിച്ചു. ഗോളി സച്ചിൻ നിസഹായനായി ഒന്ന് ചാടി നോക്കിയെങ്കിലും കലൂർ സ്റ്റേഡിയത്തിനെ ഒന്നടങ്കം നിശബ്ദമാക്കി പന്ത് ഇടത്തേ മൂലയിലേയ്ക്ക് പതിച്ചു. സ്വന്തം തട്ടകത്തിൽ രണ്ട് ഗോളിന് പിന്നിലാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട ബ്ലാസ്റ്റേഴ്സ് തിരിച്ചടികൾക്ക് ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്ഷയ്ക്ക് എത്തിയത് ക്വാമി പെപ്രയാണ്. 38-ാം മിനിറ്റിൽ ബോക്സിലേക്ക് ലൂണ നൽകിയ പന്ത് സ്വീകരിച്ച പെപ്രയുടെ ഇടംകാലൻ ഷോട്ട് ചെന്നൈയിൻ ഗോളിയെ മറികടന്ന് വലകുലുക്കി. എട്ടാം മത്സരം കളിച്ച പെപ്രയുടെ ലീഗിലെ കന്നി ഗോളിന് കൂടിയാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴും തുടരെ തുടരെ അവസരങ്ങൾ നൽകിയ പരിശീലകൻ ഇവാൻ വുക്കുമനോവിച്ചിനുള്ള ട്രിബ്യൂട്ട് കൂടിയായി പെപ്രയുടെ ഗോൾ. 

രണ്ട് ഗോൾ കൂടി നേടി ജയിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. 58-ാം മിനിറ്റിൽ അതിന് നിയോഗമുണ്ടായത് ദിമിത്രിയോസിന്. അപകടം ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷമാണ് ആ ഗോൾ പിറന്നത്. ബോക്സിന് വെളിയിൽ നിന്ന് കാലിലെത്തിയ പന്ത് ദിമി പാസ് നൽകുമെന്ന് പ്രതീക്ഷിച്ച ചെന്നൈയിൻ നിരയ്ക്ക് തെറ്റി. ഗംഭീരമായി ദിമിയെടുത്ത ഷോട്ട് നെടുനീളെ ചാടിയ ചെന്നൈയിൻ ഗോളിയെ കാഴ്ച്ചക്കാരനാക്കി നിർത്തി വലയിൽ മുത്തമിട്ടു. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം കാഴ്ച്ചവച്ച ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവിരം അടയാളപ്പെടുത്തിയ നിമിഷമായിരുന്നു അത്. ഗോൾ നില തുല്യതയിലാക്കിയതിന് ശേഷം ജയത്തിനായുള്ള പോരാട്ടത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ഗോളെന്ന് ഉറച്ച നിരവധി അവസരവങ്ങളാണ് പിന്നീട് മഞ്ഞക്കാർ മൈതാനത്ത് തീർത്തത്. ഏത് നിമിഷവും വിജയഗോൾ വീഴുമെന്ന പ്രതീതിയിൽ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങൾ ആർപ്പുവിളിക്കുന്നുണ്ടായിരുന്നു. 

Eng­lish Summary:Blasters’ win­ning streak

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.