മയക്കുമരുന്ന് വ്യാപനത്തിനെതിരെ കേരളം ഒരുമിച്ച് നീങ്ങുന്നു. എക്സൈസിന്റെ ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ തീവ്രയത്ന എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിലെ ആദ്യ അഞ്ചുദിവസം കൊണ്ട് 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേസുകളിൽ 378 പേരെയാണ് പ്രതിചേർത്തത്. പ്രതികളിൽ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.
ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 2,181 പരിശോധനകൾ നടത്തി. ഇതിനുപുറമേ മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിട്ടുണ്ട്. 21,389 വാഹനങ്ങൾ എക്സൈസ് പരിശോധിച്ചു. മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങള്‍ പിടിച്ചിട്ടുണ്ട്. 602 സ്കൂൾ പരിസരം, 152 ബസ് സ്റ്റാന്റ് പരിസരം, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി മയക്കുമരുന്ന് വില്പനക്കാരെ പിടികൂടി. മയക്കുമരുന്നിനെതിരെ കൂടുതൽ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
സ്കൂളുകളും കോളജുകളും ബസ് സ്റ്റാന്റുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള വ്യാപകപരിശോധന തുടരും. അതിർത്തിയിലും ജാഗ്രത തുടരും. മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.