
സമയബന്ധിതമായി ടാർഗറ്റ് പൂർത്തിയാക്കിയില്ലെങ്കില്‍ പണി മതിയാക്കി വേറെ പണിക്കു പോകണം. ഇങ്ങനെയായാൽ അധികകാലം സർവീസിൽ കാണില്ല — എസ്ഐആര്‍ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസറോട് (ബിഎല്‍ഒ) വില്ലേജ് ഓഫീസറുടെ അന്ത്യശാസനം ഇങ്ങനെയായിരുന്നു. അമിത ജോലിഭാരത്താല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായി കണ്ണൂരില്‍ ബിഎല്‍ഒ ആയിരുന്ന അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവം ബിഎല്‍ഒമാരെ അരക്ഷിതാവസ്ഥയിലാക്കിയിട്ടുണ്ട്. ഇത്തരം മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് ബിഎല്‍ഒമാരുണ്ട്. പക്ഷേ, അച്ചടക്ക നടപടി പേടിച്ച് എല്ലാം ഉള്ളിലൊതുക്കി നേരം പുലരുന്നതു മുതല്‍ രാത്രി വൈകിയും അവര്‍ ജോലി ചെയ്യുന്നു.
എസ്ഐആറിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ചെയ്യേണ്ടി വരുന്നതാണ് ബിഎല്‍ഒമാരെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്. നേരിട്ടുള്ള ഫോം വിതരണം, ഫോം പൂരിപ്പിച്ച് തിരിച്ചു വാങ്ങൽ, 2002ലെ വോട്ടർപട്ടികയുമായി ഒത്തുനോക്കൽ, മൊബൈൽ ആപ്ലിക്കേഷൻ വഴി ഓൺലൈനിൽ രേഖപ്പെടുത്തല്‍ എന്നിവയാണ് ബിഎല്‍ഒയുടെ ചുമതലകള്‍. ഡിസംബര്‍ ഒമ്പതിന് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിക്കേണ്ടതിനാല്‍ ഓരോ ദിവസവും ബിഎല്‍ഒമാര്‍ക്ക് മേല്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദമേറ്റുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മേല്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ അത് ഒട്ടുംകുറയാതെ അവര്‍ താഴേത്തട്ടിലെ ബിഎല്‍ഒമാര്‍ക്ക് മേലേ ചുമത്തും. കിലോമീറ്ററുകളോളം അലയുന്ന ബിഎല്‍ഒമാര്‍ക്ക് ഇത് താങ്ങാനാവുന്നതിലും അപ്പുറമാണ്. 50% ഫോം മാത്രം വിതരണം ചെയ്ത പാലക്കാട് ആലത്തൂരിലുള്ള ഒരു ബിഎല്‍ഒയോട് രാത്രി കാമ്പെയിൻ നടത്തി 15ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാൻ നിര്‍ദേശിച്ച് ഇലക്ട്രല്‍ രജിസ്ട്രേഷൻ ഓഫിസര്‍ നല്‍കിയ നോട്ടീസും പുറത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്താകെ 25,000 ബിഎല്‍ഒമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ ബൂത്തിനുകീഴിലും 1000 മുതല്‍ 1200 വോട്ടർമാര്‍ വരെയുണ്ടാവും. ആദ്യം 300 ഫോമാണ് നൽകിയത്. രണ്ടും മൂന്നും ഘട്ടമായാണ് ശേഷിക്കുന്ന ഫോം നൽകിയത്. ഇതോടെ ബിഎല്‍ഒമാര്‍ക്ക് ഒരു വീട്ടിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും പോവേണ്ടിവരും. ഇത് സമയനഷ്ടമുണ്ടാക്കുന്നു. കുന്നും മലയും കയറി ഗ്രാമങ്ങളിലെ വീടുകളിലെത്തുമ്പോള്‍ ആളുണ്ടാവാറുമില്ല.
ബിഎല്‍ഒമാര്‍ 300 ഫോം വിതരണം ചെയ്താല്‍ മതിയെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. ഒരു ദിവസം 10 ഫോം വിതരണം ചെയ്താല്‍ 30 ദിവസം കൊണ്ട് ജോലി പൂര്‍ത്തിയാക്കാനാവുമെന്നും ബിഎല്‍ഒമാര്‍ മറ്റ് ജോലികളൊന്നും ചെയ്യേണ്ടതില്ലെന്നും കമ്മിഷൻ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.