23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

പ്രജ്വലിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ്

Janayugom Webdesk
ബംഗളൂരു
May 5, 2024 10:23 pm

ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതിയും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയെ കണ്ടെത്താൻ ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സംസ്ഥാന സർക്കാർ പൂർണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പരമേശ്വര വ്യക്തമാക്കി. നടപടിക്രമങ്ങള്‍ക്കനുസരിച്ചാണ് അന്വേഷണം സംഘം നീങ്ങുന്നതെന്നും കേസില്‍ നീതിയുക്തമായ അന്വേഷണത്തിന് എസ്ഐടിക്ക് പൂർണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പരമേശ്വര പറഞ്ഞു. പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎൽഎയും പ്രജ്വലിന്റെ പിതാവുമായ എച്ച് ഡി രേവണ്ണയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രജ്വല്‍ ഇന്ത്യയിലേക്ക് മടങ്ങി കീഴടങ്ങിയേക്കുമെന്ന സൂചനകളും നിലനില്‍ക്കുന്നു.
ലൈംഗികാതിക്രമ പരാതി ഉയർന്നതിനു പിന്നാലെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്കു കടന്ന പ്രജ്വൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് ജെഡിഎസ് നേതാവ് സി എസ് പുട്ടരാജു സൂചന നല്‍കി. പ്രജ്വല്‍ കീഴടങ്ങി നിയമനടപടിക്കു വിധേയനാകണമെന്ന് ജെഡിഎസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രജ്വലിന്റെ ജാമ്യഹർജി കോടതി തള്ളിയതിനാൽ ഇന്ത്യയിൽ എത്തിയാലുടനെ അറസ്റ്റുണ്ടാകും. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാതെ പ്രജ്വല്‍ ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടല്‍. പ്രജ്വലിനെ പിടികൂടുന്നതിനായി എസ്ഐടിയുടെ ഒരു സംഘം ജര്‍മ്മനിയില്‍ എത്തിയിട്ടുണ്ട്.
പ്രജ്വൽ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ മൂവായിരത്തിലധികം വീഡിയോകൾ ഏപ്രിൽ ഇരുപത്തിയെട്ടിനാണ് പുറത്തുവരുന്നത്. ഹാസനിൽ എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ പ്രജ്വലിനെതിരെയുള്ള പരാതികൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇതോടെ കർണാടകയിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26ന് തൊട്ടടുത്ത ദിവസം പ്രജ്വൽ രാജ്യം വിടുകയായിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ സംഭവം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചത്. പ്രജ്വലിനെതിരെ അന്വേഷണ സംഘം രണ്ടുതവണ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നിലവില്‍ പ്രജ്വല്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ഉള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടക്കിടെ പ്രജ്വല്‍ ഒളിത്താവളം മാറുന്നതായും കണ്ടെത്തി. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വരുകയാണെന്നും എസ്ഐടി അറിയിച്ചു. അതിനിടെ മൂന്ന് അതിജീവിതമാര്‍ കൂടി എസ്ഐടിക്ക് മൊഴി നല്‍കി. നിലവില്‍ രണ്ട് ബലാത്സംഗക്കേസുകളാണ് പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതിജീവിതയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന്റെ പേരിലുള്ള കേസിലും രേവണ്ണ മുഖ്യപ്രതിയാണ്. ഈ കേസില്‍ രേവണ്ണയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അതിജീവിതമാര്‍ക്ക് ധനസഹായം നല്‍കുമെന്ന് കോണ്‍ഗ്രസ്

ജെഡി(എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ ലെെംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ധനസഹായം നല്‍കും.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രജ്വല്‍ രേവണ്ണയ്ക്ക് രാജ്യം വിടുന്നതിന് വേണ്ട സഹായം ഒരുക്കിയത് മോഡിയും അമിത് ഷായുമാണെന്നും സുര്‍ജേവാല ആരോപിച്ചു. കര്‍ണാടക ആവശ്യപ്പെട്ടിട്ടും പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Summary:Blue Cor­ner Notice against Prajwal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.