
ബംഗ്ലാദേശിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎൻപി)യും സഖ്യകക്ഷികളും ചേർന്ന് വൻ വിജയം നേടി. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഎൻപി അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. 300 അംഗ പാർലമെന്റിൽ 212 സീറ്റുകൾ നേടിയ ബിഎൻപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ, 17 വർഷത്തെ പ്രവാസത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
2006‑ൽ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ശേഷം ഇതാദ്യമായാണ് ബിഎൻപി ഭരണത്തിലെത്തുന്നത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 59.4% പോളിങ് രേഖപ്പെടുത്തി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (ധാക്ക‑17, ബൊഗുര‑6) താരിഖ് റഹ്മാൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ബിഎൻപിയുമായി സഹകരിച്ചിരുന്ന ജമാഅത്തെ ഇസ്ലാമി ഇത്തവണ 11 കക്ഷി സഖ്യമായാണ് മത്സരിച്ചത്. 77 സീറ്റുകൾ നേടിയ അവർ പ്രധാന പ്രതിപക്ഷമായി മാറും. വോട്ടെണ്ണലിൽ അപാകതകളുണ്ടെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്ലാമിയും നാഷണൽ സിറ്റിസൺ പാർട്ടിയും (എന്‍സിപി) രംഗത്തെത്തി. ചില മണ്ഡലങ്ങളിൽ ഫലം അട്ടിമറിക്കപ്പെട്ടുവെന്നും ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പ് കൃത്യമായ ഓഡിറ്റ് വേണമെന്നും എൻസിപി വക്താവ് ആസിഫ് മഹ്മൂദ് ആവശ്യപ്പെട്ടു.
വിജയത്തിന് പിന്നാലെ ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ താരിഖ് റഹ്മാൻ തന്റെ നയങ്ങൾ വ്യക്തമാക്കി. അയൽരാജ്യങ്ങളുമായുള്ള ബന്ധം ബംഗ്ലാദേശിന്റെ ദേശീയ താല്പര്യങ്ങളിൽ അധിഷ്ഠിതമായിരിക്കും. ഇന്ത്യയുമായുള്ള ബന്ധം പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഊന്നിയുള്ളതാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പിനൊപ്പം നടന്ന റഫറണ്ടത്തിൽ ബംഗ്ലാദേശ് ജനത സുപ്രധാന മാറ്റങ്ങൾക്ക് വോട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ കാലാവധി രണ്ട് ടേം ആയി പരിമിതപ്പെടുത്തുന്നതിനും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമുള്ള പരിഷ്കാരങ്ങൾക്ക് 60 ശതമാനത്തിലധികം പേർ പിന്തുണ നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.