24 December 2025, Wednesday

Related news

December 19, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025
December 1, 2025
November 29, 2025
November 28, 2025
November 21, 2025
November 20, 2025

ഇടുക്കി ഡാമിൽ ഇനി വർഷം മുഴുവൻ ബോട്ടിങ്

പി എൽ നിസാമുദ്ദീൻ
ചെറുതോണി
April 6, 2024 8:25 pm

ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ വർഷത്തിൽ 365 ദിവസവും അവസരമൊരുക്കി വനം വകുപ്പ്. ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡവലപ്മെൻ്റ് ഏജൻസിയുടെ കീഴിലാണ് ഇടുക്കി വൈൽഡ് ലൈഫ് സാങ്ങ്ചറിയിൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ബോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 145 രൂപയും 12 വയസിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് യാത്രാ സമയം.വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക് വിവരിച്ച് കൊടുക്കാൻ ഗൈഡും ഉണ്ട്. 

ആനയുൾപ്പെടെയുള്ള വന്യ ജീവികളെയും യാത്രക്കിടയിൽ കാണാനാകും. പതിനെട്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഒരു ബോട്ടാണ് ഇപ്പോൾ നിലവിലുള്ളത്. ഇടുക്കി പാക്കേജിൽ പെടുത്തി അനുവദിച്ചിരിക്കുന്ന 10 സീറ്റിന്റെയും, 18 സീറ്റിന്റെയും രണ്ട് ബോട്ടുകൾ ഉടൻ ലഭ്യമാകുമെന്ന് ഇടുക്കി ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, അസിസ്റ്റന്റ് വാർഡൻ പ്രസാദ് കുമാർ ബി എന്നിവർ ജനയുഗത്തോട് പറഞ്ഞു. 

ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഇതിൽ നിന്ന് ലഭിക്കുന്നവരുമാനം വിനിയോഗിക്കുന്നത്. ജീവനക്കാരും ആദിവാസികളാണ്. സംസ്ഥാനത്ത് ഭൂരിപക്ഷം അണക്കെട്ടുകളിലും ബോട്ടിംഗ് നടക്കുന്നുണ്ടെങ്കിലും, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടുക്കി ജലാശയത്തിൽ ബോട്ടിങ് അനുവദിച്ചിരുന്നില്ല. 2015 മുതൽ പദ്ധതി നിലവിലുണ്ടെങ്കിലും വേണ്ടത്ര പ്രചാരം കിട്ടാത്തതിനാൽ വേണ്ടത്ര ആളുകൾ ഇവിടേക്ക് എത്തുന്നില്ല. മുമ്പ് വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡൽ ടൂറിസം വിഭാഗം ബോട്ടിംഗ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും കാലങ്ങളായി നിർത്തിയിരിക്കുകയാണ്. മുൻകൂർ ബുക്കിങ്ങിന് 8547603187,9188796957 എന്നീ നമ്പരുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Boat­ing in Iduk­ki Dam now all year round
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.