22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 14, 2026
January 13, 2026
January 13, 2026
January 10, 2026
January 10, 2026
January 9, 2026
December 24, 2025

ബോഡിഷെയ്മിംഗും കുറ്റകരം; കരട് ഭേദഗതി ഹൈക്കോടതിയിൽ ഹാജരാക്കി സംസ്ഥാന സർക്കാർ

Janayugom Webdesk
കൊച്ചി
July 24, 2025 10:21 am

ബോഡിഷെയ്മിംഗും റാഗിംഗും ക്രിമിനൽ കുറ്റമായി കണക്കാക്കാൻ നിയമഭേദഗതിയുമായി സംസ്ഥാന സർക്കാർ. ഇതിനായി 1998ലെ റാഗിംഗ് വിരുദ്ധ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനാണ് തീരുമാനം. പുതിയ നിയമത്തിന്റെ കരട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. കരടിന് അന്തിമ രൂപം നൽകാൻ രണ്ട് മാസത്തെ സമയം സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കേരള ലീഗൽ സർവീസസ് അതോറിറ്റിയും യു ജി സിയും മുന്നോട്ടു വെച്ച നിർദേശങ്ങൾ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

റാഗിംഗിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് ഭാരതീയ ന്യായ സംഹിത, ഐ ടി നിയമം, എൻ ഡി പി എസ് നിയമം തുടങ്ങിയവയിലെ വകുപ്പുകൾ ചുമത്തും. പൊലീസ് സ്റ്റേഷനുകളിൽ വിദ്യാർത്ഥി സൗഹൃദ ആന്റി-റാഗിംഗ് സെല്ലുകൾ സ്ഥാപിക്കുകയും സബ് ഇൻസ്പെക്ടറുടെയോ സീനിയർ സിവിൽ പൊലീസ് ഓഫീസറുടെയോ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ബീറ്റ് ഓഫീസറായി നിയമിക്കുകയും ചെയ്യും. റാഗിംഗിന് ഇരയായവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും മാധ്യമങ്ങൾക്ക് നൽകരുതെന്നും നിർദേശമുണ്ട്. ഏത് വിദ്യാർത്ഥിയും റാഗിംഗിന് ഇരയാകാനുള്ള സാധ്യത പരിഗണിച്ച്, കരട് നിയമത്തിൽ ‘ഫ്രഷർ’ (നവാഗതർ) എന്ന പ്രയോഗം ഒഴിവാക്കണമെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി ആവശ്യപ്പെട്ടു. റാഗിംഗിനെക്കുറിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതർ അറിയിക്കാതിരിക്കുന്നത് പ്രേരണയായി കണക്കാക്കി കുറ്റകരമാക്കണമെന്നും കേരള ലീഗൽ സർവീസസ് അതോറിറ്റി നിർദേശിച്ചു. അതേസമയം പുതിയ നിയമത്തിലെ വ്യവസ്ഥകൾ യു ജി സി റെഗുലേഷന് എതിരാകരുതെന്ന് യു ജി സിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.