
ബോളിവുഡിന്റെ ഹിറ്റ് മേക്കർ പ്രശസ്ത നടൻ ധർമേന്ദ്ര (89) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സ യിൽ ആയിരുന്നു.
ബോളിവുഡിൽ ‘ഹീ മാൻ’ എന്ന് വിശേഷണമുള്ള ധർമേന്ദ്രയുടെ ആദ്യസിനിമ 1960 നവംബർ 4ന് റിലീസ് ചെയ്ത “ദിൽ ഭി തേരാ, ഹം ഭി തേരേ’ ആണ്. 1961ൽ പുറത്തിറങ്ങിയ “ഷോ ഔർ ഷബ്നം’ ആയിരുന്നു ധർമേന്ദ്രയുടെ ആദ്യ വിജയ ചിത്രം. പിന്നീട് 1964ൽ പുറത്തിറങ്ങിയ “ആയേ മിലൻ കി ബേല’ ആദ്യ സൂപ്പർ ഹിറ്റുമായി.
1966ൽ പുറത്തിറങ്ങിയ “ഫൂൽ ഔർ പഥർ’ എന്ന ചിത്രത്തിലെ തകർപ്പൻ വേഷത്തിലൂടെ ധർമേന്ദ്ര മികച്ച നടനെന്ന ഖ്യാതി നേടി. ആദ്യ ഫിലിംഫെയർ നോമിനേഷനും ധർമേന്ദ്രയ്ക്ക് ഈ ചിത്രം നേടിക്കൊടുത്തു. 1966ൽ ഇറങ്ങിയ “അനുപമ’ 1963ൽ പുറത്തിറങ്ങിയ ബന്ദിനി, 1969ൽ പുറത്തിറങ്ങിയ സത്യകം എന്നീ ചിത്രങ്ങളിലെ അഭിനയം ധർമേന്ദ്രയിലെ ഇമോഷണൽ റേഞ്ചിന്റെ ആഴം അടയാളപ്പെടുത്തിയിരുന്നു.
ധർമേന്ദ്രയുടെ ആക്ഷൻ പടങ്ങളെയാണ് പ്രേക്ഷകർ ആകര്‍ഷിച്ചത്. ഷോലെയും (1975), യാദോം കി ബാരാത്തും (1973), ധരം വീറും (1977) ദ ബേണിങ് ട്രെയ്നും (1980) ധർമേന്ദ്രയെ ആക്ഷൻ കിങ് ആക്കി . ഈ ഹിറ്റ് ചിത്രങ്ങളിലൂടെ ധർമേന്ദ്രയ്ക്ക് “ഹീമാൻ’ എന്ന വിളിപ്പേരും ലഭിച്ചു. ഷോലെയിലെ നിർഭയനായ വീരുവിൻറേതായാലും 1964ൽ പുറത്തിറങ്ങിയ “ഹഖീഖത്തി‘ലെ ദേശസ്നേഹം തുളുമ്പുന്ന പോരാളിയുടേതായാലും ധർമേന്ദ്രയുടെ വേഷങ്ങൾ പലപ്പോഴും കരുത്തിന്റെ പ്രകടമായിരുന്നു. ഹാസ്യവും ധർമേന്ദ്രയ്ക്ക് നല്ല പോലെ വഴങ്ങിയിരുന്നു. ചുപ്കെ ചുപ്കെ (1975), സീത ഔർ ഗീത (1972), രാജാ ജാനി (1972) തുടങ്ങിയവ ധർമേന്ദ്രയുടെ മികച്ച ഹാസ്യ ചിത്രങ്ങളാണ്. ഏറ്റവും കൂടുതൽ ഹിറ്റുകൾ
ബോളിവുഡിന് ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ സൃഷ്ടിച്ച നടനാണു ധർമേന്ദ്ര. ഷാരൂഖ് ഖാനോ, സൽമാൻ ഖാനോ, ആമിർ ഖാനോ ഈ നേട്ടം അവകാശപ്പെടാനാകില്ല. എന്നിട്ടും അദ്ദേഹത്തിനെ ആരും “സൂപ്പർ സ്റ്റാർ’ എന്ന് വിളിച്ചിരുന്നില്ല. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ ധർമേന്ദ്ര നായകനായി അഭിനയിച്ചതോ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തതോ ആയ 74 സിനിമകളാണു “ഹിറ്റ്’ പട്ടികയിലിടം പിടിച്ചത്.
ധർമേന്ദ്ര 250ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ 94 എണ്ണം മുടക്കുമുതൽ തിരിച്ചുപിടിച്ചു. 74 എണ്ണം ഹിറ്റുകൾ. ഇതിൽ 7 ബ്ലോക്ക്ബസ്റ്ററുകളും 13 സൂപ്പർ ഹിറ്റുകളും ഉൾപ്പെടും. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ താരമായി കണക്കാക്കപ്പെടുന്ന അമിതാഭ് ബച്ചന്റെ ആരാധകർ പോലും അത്ഭുതപ്പെടുന്ന കാര്യമാണിത്. എന്നാൽ ബച്ചന് 153 സിനിമകളിൽ നിന്ന് 56 ഹിറ്റുകൾ മാത്രമാണുള്ളത്.
70കളുടെ മധ്യത്തിൽ ഷോലെ (1975), പ്രതിജ്ഞ (1977), ധരം വീർ (1977) തുടങ്ങിയ ചിത്രങ്ങളിലൂടെയാണു ധർമേന്ദ്രയുടെ താരശോഭ ഉയർന്നത്.
ധർമേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറാണ്. 1954ൽ 19 വയസ് ഉള്ളപ്പോഴാണു പ്രകാശ് കൗറിനെ ധർമേന്ദ്ര വിവാഹം കഴിച്ചത്. ഇവരുടെ മക്കളാണ് അഭിനേതാക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും. വിജേത, അജീത എന്നീ മക്കളുമുണ്ട്. പിന്നീട് 1980ൽ ഹേമമലിനിയെ ഇദ്ദേഹം വിവാഹം കഴിച്ചു.
ധർമേന്ദ്ര കഴിയുന്നതു പ്രകാശ് കൗറിനൊപ്പമാണ്. അതെപ്പറ്റി ഒരിക്കൽ ഹേമമാലിനി പറഞ്ഞു; “എനിക്ക് അതിൽ വിഷമമില്ല, സങ്കടവുമില്ല. ഞാൻ സന്തുഷ്ടയാണ്. എനിക്ക് ധർമേന്ദ്രയിൽ രണ്ട് മക്കളുണ്ട്. ഇഷയും അഹാനും. അവരെ ഞാൻ നന്നായി വളർത്തി. ധർമേന്ദ്ര എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. ഒരു ഭാര്യയും ഭർത്താവും വേർപിരിഞ്ഞു ജീവിക്കാൻ ഇഷ്ടപ്പെടില്ല. പക്ഷേ, സാഹചര്യങ്ങൾ അങ്ങനെയാകുമ്പോൾ ഒരാൾക്ക് അത് അംഗീകരിക്കേണ്ടി വരും’- ഹേമമാലിനി പറഞ്ഞു.
ധർമേന്ദ്രയെ വിവാഹം കഴിക്കുന്നതിനു മുൻപു ഹേമമാലിനി നിരവധി പരിപാടികളിൽ പ്രകാശ് കൗറിനെകണ്ടുമുട്ടിയിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം അവർ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. “ആരെയും ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കും എന്റെ പെൺമക്കൾക്കും വേണ്ടി ധരം ജി ചെയ്തതിൽ ഞാൻ സന്തുഷ്ടയാണ്. ഏതൊരു അച്ഛനെയും പോലെ അദ്ദേഹം ഒരു അച്ഛൻറെ കടമ ചെയ്തു. അതിൽ ഞാൻ സംതൃപ്തയാണ്’- ഹേമമാലിനി പറഞ്ഞു.
തും ഹസീൻ മേൻ ജവാൻ, സീത ഔർ ഗീത, ഷോലെ, ജുഗ്നു, ഡ്രീം ഗേൾ തുടങ്ങിയ സിനിമകളിൽ ഹേമമാലിനിയും ധർമേന്ദ്രയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 1970ൽ “തും ഹസീൻ മേൻ ജവാൻറെ’ സെറ്റിൽ വച്ചാണു ധർമേന്ദ്രയും ഹേമമാലിനിയും ആദ്യമായി കണ്ടുമുട്ടുന്നത്.
ധർമേന്ദ്രയുടെ മുംബൈ ജൂഹുവിലെ വസതിക്കു സമീപമാണു ഹേമമാലിനി താമസിക്കുന്നതെങ്കിലും ഒരിക്കലും ധർമേന്ദ്രയുടെ ആദ്യ കുടുംബത്തിൻറെ വീട് സന്ദർശിച്ചിട്ടില്ല.
ബോളിവുഡിൻറെ താരം മാത്രമല്ല, ഒരു സമർഥനായ ബിസിനസുകാരൻ കൂടിയാണ് ധർമേന്ദ്ര. അദ്ദേഹത്തിൻറെ ആസ്തിയായി കണക്കാക്കുന്നത് ഏകദേശം 335 കോടി രൂപയാണ്.
യഥാർഥ ഹീമാൻ എന്നും ഗരം ധരം എന്നും വിളിക്കപ്പെടുന്ന ധർമേന്ദ്ര, ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി സിനിമാ മേഖലയിൽ തൻറെ സ്ഥാനം ഉറപ്പിച്ചതിന് ശേഷം പാചക, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും കടന്നു. 2015ൽ ന്യൂഡൽഹിയിൽ ഗരം ധരം ധാബയിലൂടെയാണ് ധർമേന്ദ്ര ആദ്യമായി റസ്റ്ററൻറ് ബിസിനസിലേക്ക് ചുവടുവച്ചത്. 2022ൽ കർണാൽ ഹൈവേയിൽ ഹീമാൻ എന്ന പേരിൽ മറ്റൊരു ഭക്ഷണശാലയും തുറന്നു.
ഹേമയുമായുള്ള വിവാഹം
ധർമേന്ദ്രയുടെ പ്രശസ്തി കുതിച്ചുയർന്നതോടെ അദ്ദേഹത്തിൻറെ ജീവിതവും പൊതുജനശ്രദ്ധയാകർഷിച്ചു കൊണ്ടിരുന്നു. ഷോലെ എന്ന വമ്പൻ ഹിറ്റ് സിനിമയിലെ സഹതാരമായിരുന്ന ഹേമമാലിനിയുമായുള്ള ധർമേന്ദ്രയുടെ രസതന്ത്രം ഒരു യഥാർഥ പ്രണയമായി മാറി. 1980ൽ ധർമേന്ദ്ര ഹേമയെ ഒരു സ്വകാര്യ ചടങ്ങിൽ വിവാഹം കഴിച്ചു. അത് പക്ഷേ വിവാദങ്ങൾക്കു കാരണമായി. എന്നിരുന്നാലും ഇതെല്ലാം നേരിട്ടിട്ടും ആദ്യ ഭാര്യയായ പ്രകാശ് കൗർ ഉറച്ചുനിന്നു. ഭർത്താവുമായി ഊഷ്മളമായ ബന്ധം നിലനിർത്തി.
ഒരു അപൂർവ അഭിമുഖത്തിൽ, ““ഹേമയോട് തനിക്ക് ഒരു നീരസവുമില്ലെന്നും, ധർമേന്ദ്രയുടെ സന്തോഷമാണ് ഏറ്റവും പ്രധാനമെന്നും” പ്രകാശ് കൗർ ഒരിക്കൽ പറഞ്ഞു. ഹേമയുടെയും ധർമേന്ദ്രയുടെയും വിവാഹത്തിന് ഒരു വർഷത്തിനുശേഷം, 1981ൽ സ്റ്റാർ ഡസ്റ്റിന് നൽകിയ അഭിമുഖത്തിൽ പ്രകാശ് കൗർ ധർമേന്ദ്രയെ ന്യായീകരിക്കുകയും ചെയ്തു. ഏതൊരു പുരുഷനും ഹേമയെപ്പോലെയുള്ള ഒരാളിലേക്ക് ആകർഷിക്കപ്പെടുമെന്ന് അവർ പറഞ്ഞു.
സിനിമാ മേഖലയിൽ സമാനമായ പെരുമാറ്റം വളരെ സാധാരണമായിരിക്കെ, ധർമേന്ദ്രയെ എങ്ങനെ ഒരു സ്ത്രീ ലമ്പടൻ എന്നു മുദ്ര കുത്താനാകുമെന്നും പ്രകാശ് കൗർ ചോദിച്ചു. 2025 ജൂൺ 12ന് ധർമേന്ദ്രയുടെയും പ്രകാശ് കൗറിൻറെയും 71ാം വിവാഹ വാർഷിക ദിനമായിരുന്നു.
ധർമേന്ദ്രയോട് ക്രഷ് തോന്നിയിരുന്നവരുടെ എണ്ണം വളരെയേറെ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനെ വിവാഹം കഴിച്ച് ജയ ബച്ചനായി മാറിയ പ്രമുഖ നടി ജയ ഭാദുരി തനിക്കു ധർമേന്ദ്രയോട് പ്രണയമുണ്ടായിരുന്നെന്ന് ഒരിക്കൽ ഹേമമാലിനിയുടെ മുന്നിൽ വച്ചു തന്നെ പറഞ്ഞിരുന്നു. ജയ ബച്ചനും ഹേമമാലിനിയും പിന്നീട് “കോഫി വിത്ത് കരൺ’ എന്ന ജനപ്രിയ ടോക്ക് ഷോയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോഴും ധർമേന്ദ്രയോടുണ്ടായിരുന്ന ഇഷ്ടം ജയ ബച്ചൻ വെളിപ്പെടുത്തിയിരുന്നു. ധർമേന്ദ്രയെ ഒരു ഗ്രീക്ക് ദൈവം എന്നാണ് അന്ന് ജയ വിശേഷിപ്പിച്ചത്. ““ഷോലെയിൽ ബസന്തിയുടെ വേഷം ചെയ്യാൻ എനിക്ക് താത്പര്യമായിരുന്നു. കാരണം ധർമേന്ദ്രയെ എനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു”- ജയ പറഞ്ഞു.
ധർമേന്ദ്രയുടെ സിനിമാ ജീവിതം ഹിന്ദി സിനിമയുടെ തന്നെ ഒരു ടൈംലൈൻ അഥവാ നാൾവഴി കൂടിയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് സാമൂഹിക നാടകങ്ങൾ മുതൽ 70കളിലെ മൾട്ടിസ്റ്റാർ സിനിമകൾ വരെയും ഹഖീഖത്ത് (1964) പോലുള്ള ദേശസ്നേഹം തുളുമ്പുന്ന ബ്ലോക്ക് ബസ്റ്ററുകൾ മുതൽ ചുപ്കെ ചുപ്കെ പോലുള്ള കോമഡികളും “ദ ബേണിങ് ട്രെയ്ൻ’ (1980) പോലുള്ള ആക്ഷൻ സിനിമകൾ വരെ നീളുന്നതാണ് ആ പട്ടിക. പിന്നീട് 2007ൽ പുറത്തിറങ്ങിയ “ലൈഫ് ഇൻ എ മെട്രോ’ (2207), അപ്നെ (2007), റോക്കി ഔർ റാണി കീ പ്രേം കഹാനി (2024) എന്നീ ചിത്രങ്ങളിലും ധർമേന്ദ്ര അതിഥി വേഷത്തിലെത്തി. ഓരോ സിനിമയിലും അദ്ദേഹം സ്വയം പുനർനിർമിച്ചു കൊണ്ടിരുന്നു.
“ദിൽ ഭി തേരാ, ഹം ഭി തേരേ’ ആണ് ധർമേന്ദ്രയുടെ ആദ്യ സിനിമ. 1960ൽ റിലീസ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചതിന് ധർമേന്ദ്രയ്ക്ക് ലഭിച്ച പ്രതിഫലം 51 രൂപയാണ്. ഈ തുക മൂന്ന് പ്രൊഡ്യൂസർമാർ ചേർന്നാണു നൽകിയത്. ധർമേന്ദ്ര അതിനെ “ലക്കി മണി’ എന്ന് വിളിക്കുകയും അതിനെ ഹൃദയത്തോടു ചേർത്തുവയ്ക്കുകയും ചെയ്തു. റോക്കി ഔർ റാണി കീ പ്രേം കഹാനി (2024) എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്തപ്പോൾ ധർമേന്ദ്ര വാങ്ങിയതായി പറയപ്പെടുന്ന പ്രതിഫലം ഒരു കോടി രൂപയായിരുന്നു.
2012ൽ രാജ്യം ധർമേന്ദ്രയെ പദ്മഭൂഷൺ നൽകി ആദരിച്ചു. 2004ൽ രാജസ്ഥാനിലെ ബിക്കാനറിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.