19 February 2026, Thursday

ഡൽഹിയിലെ മൂന്ന് സ്കൂളുകളിൽ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

Janayugom Webdesk
ന്യൂഡൽഹി
February 19, 2026 2:34 pm

തലസ്ഥാന നഗരിയിലെ മൂന്ന് പ്രമുഖ വിദ്യാലയങ്ങൾക്ക് വ്യാഴാഴ്ച രാവിലെ ബോംബ് ഭീഷണി ലഭിച്ചു. ഇ‑മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെയും അധ്യാപകരെയും അടിയന്തരമായി സ്കൂൾ കെട്ടിടങ്ങളിൽ നിന്നും ഒഴിപ്പിച്ചു. ദ്വാരകയിലെ സി ആർ പി എഫ് പബ്ലിക് സ്കൂൾ, സെന്റ് തോമസ് സ്കൂൾ, പശ്ചിം എൻക്ലേവിലെ ഡി എ വി സെന്റിനറി പബ്ലിക് സ്കൂൾ എന്നിവയ്ക്കാണ് ഭീഷണി ലഭിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ ഡൽഹി പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ബോംബ് ഡിസ്പോസൽ സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂൾ കാമ്പസുകളിൽ വിശദമായ തിരച്ചിൽ നടത്തിവരികയാണ്.

പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എങ്കിലും മുൻകരുതൽ നടപടിയെന്ന നിലയിൽ കാമ്പസുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ വിശദമായ പരിശോധനകൾ തുടരുകയാണ്. ഭീഷണി സന്ദേശം അയച്ച ഇ‑മെയിൽ അഡ്രസ് കേന്ദ്രീകരിച്ച് സൈബർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വ്യാജമാണോ എന്ന് പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സമാനമായ സന്ദേശങ്ങൾ മറ്റ് സ്ഥാപനങ്ങളിലേക്ക് പോയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.