18 January 2026, Sunday

Related news

January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025

ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം അപലപനീയം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
July 26, 2025 11:05 pm

പലസ്തീൻ ഐക്യദാർഢ്യ പൊതുയോഗത്തിന് അനുമതി നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ പ്രതിഷേധിക്കുവാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആസാദ് മൈതാനിയിൽ പൊതുയോഗം നടത്താൻ അനുമതി തേടിയാണ് സിപിഐയും സിപിഐഎമ്മും സംയുക്ത ഹർജി സമർപ്പിച്ചത്. ഹർജി തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതി ബെഞ്ച് നടത്തിയ ആശങ്കപ്പെടുത്തുന്നതും രാഷ്ട്രീയ മുൻവിധിയോടെയുള്ളതുമായ നിരീക്ഷണങ്ങൾ അപലപനീയമാണ്. നിയമപരമായി പരിശോധിക്കാതെ ജനാധിപത്യവിരുദ്ധമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ഹർജി തള്ളിയത് ഭരണഘടനാ മൂല്യങ്ങളുടെയും അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന്റെയും ഗുരുതരമായ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. 

പലസ്തീൻ വിഷയം ഉന്നയിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയും അതിനെ ദേശസ്നേഹമില്ലാത്തതായി വ്യാഖ്യാനിക്കുകയും ചെയ്ത പരാമർശങ്ങൾ ജനാധിപത്യ ധാർമ്മികതയുടെ അന്തസത്തയെതന്നെ ബാധിക്കുന്നതാണ്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു, ഭഗത് സിങ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾ ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ജനങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നവരാണ്. ഇന്ത്യയുടെ ആദ്യകാല വിദേശനയത്തിൽ ഈ അന്താരാഷ്ട്ര മനോഭാവം ഉൾക്കൊണ്ടിരുന്നു. ഈ പാരമ്പര്യത്തെ പരിഹസിക്കുന്ന ബോംബെ ഹൈക്കോടതി നീതിന്യായ വ്യവസ്ഥയോട് മാത്രമല്ല, റിപ്പബ്ലിക്കിന്റെ ചരിത്രത്തെയും മനഃസാക്ഷിയെയുമാണ് അപഹസിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ ദേശസ്നേഹത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ വിദേശത്ത് നടക്കുന്ന കൂട്ട അതിക്രമങ്ങളെ അവഗണിച്ച് പ്രാദേശിക വിഷയങ്ങളിൽ മാത്രം ഒതുങ്ങണമെന്ന് നിര്‍ദേശിക്കുന്നത് പിന്തിരിപ്പൻ സമീപനമാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. അപകടകരമായ ജുഡീഷ്യൽ കടന്നുകയറ്റത്തിനെതിരെ ശബ്ദമുയർത്താൻ ജനാധിപത്യ ശക്തികളോടും, പൗരസമൂഹത്തോടും നീതിയെ സ്നേഹിക്കുന്നവരോടും സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.