തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ പ്രതി കറുക വിനോദ് മാത്രമാണുള്ളതെന്ന് വ്യക്തമാണ്. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും വാർത്താ സമ്മേളനം നടത്തി. അതേസമയം ഗവർണറുടെ വാദത്തെ പൊളിച്ചിരിക്കുകയാണ് ചെന്നൈ പൊലീസ്. ഒന്നിൽ കൂടുതൽ പേർ ചേർന്നാണ് രാജ്ഭവന് നേർക്ക് ബോംബെറിഞ്ഞതെന്ന് തമിഴ്നാട് ഗവർണർ ആരോപണമുന്നയിച്ചത്.
എന്നാൽ ഒരാൾ മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയതെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ ജാഗ്രതയെ തുടർന്ന് പ്രതിയെ ഉടൻ തന്നെ പിടിക്കാൻ സാധിച്ചെന്നും ഡിജിപി ആരോപണത്തിന് മറുപടി നൽകി. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച 73 പേരെ അറസ്റ്റ് ചെയ്തെന്നും ഗവർണർക്ക് മതിയായ സുരക്ഷ നൽകുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. കോൺസ്റ്റബിളിന്റെ പരാതിയിൽ അന്നേ ദിവസം വൈകിട്ട് അഞ്ചിന് തന്നെ കേസെടുത്തിരുന്നു. എന്നാൽ രാജ്ഭവൻ പരാതി നൽകിയത് രാത്രി 10:15നാണെന്ന് ഡിജിപി വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്ക് യുവാവ് പെട്രോൾ ബോംബെറിഞ്ഞത്. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കറുക വിനോദിനെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. മുൻപ് തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാൾ ബോംബ് എറിഞ്ഞിട്ടുണ്ട്.
English Summary;Bombing of Tamil Nadu Raj Bhavan; Police released the CCTV footage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.