23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 30, 2024
September 29, 2024
September 28, 2024
September 3, 2024
September 1, 2024
August 31, 2024
August 12, 2023
August 12, 2023
August 12, 2023
August 1, 2023

മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത ക്ലബ്ബുകളുടെ ബോണസിൽ കുറവ് വരുത്തും

Janayugom Webdesk
ആലപ്പുഴ
August 1, 2023 7:31 pm

ഓഗസ്റ്റ് 12ന് പുന്നമടക്കായലിൽ നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ മാസ്ഡ്രില്ലിൽ പങ്കെടുക്കാത്ത വള്ളങ്ങളുടെ ക്ലബ്ബുകൾക്കുള്ള ബോണസിൽ 50 ശതമാനം കുറവ് വരുത്തും. വള്ളംകളിക്ക് മുന്നോടിയായി നടത്തിയ ക്യാപ്റ്റൻസ് ക്ലിനിക്കിലാണ് ടീം അംഗങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി വിശദമാക്കിയത്. വൈ എംസിഎ ഹാളിൽ ചേർന്ന ക്യാപ്റ്റൻസ് ക്ലിനിക്ക് എൻടിബിആർ സൊസൈറ്റി ചെയർപേഴ്സൺ ജില്ല കളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു.

ഈ വർഷം മുതൽ വനിത വളളങ്ങളിലുള്ളവർ യൂണിഫോമായ ട്രാക്ക് സ്യൂട്ടും ജേഴ്സിയും ധരിക്കണം. സാരി ഉടുത്ത് തുഴയാൻ പാടില്ല. വനിത വളളങ്ങളിൽ പരമാവധി അഞ്ച് പുരുഷന്മാർ മാത്രമേ പാടുളളൂ. അവർ തുഴയാൻ പാടില്ല. മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ, ചെറുവളളങ്ങൾ, വനിത വള്ളങ്ങൾ എന്നിവയുടെ പരിശീലനം ഏഴു ദിവസത്തിൽ കുറയാൻ പാടില്ല. പരിശീലനം നടത്തുന്ന ദിവസങ്ങൾ ബോട്ട് റേസ് കമ്മിറ്റി പരിശോധിക്കും. കുറവ് പരിശീലനം ശ്രദ്ധയിൽപെട്ടാൽ ബോണസിന്റെ മൂന്നിൽ ഒന്ന് കുറവു വരുത്തും. പങ്കെടുക്കുന്ന തുഴച്ചിൽക്കാർ നീന്തൽ പരിശീലനം ലഭിച്ചവരും 18നും 55നും ഇടയിൽ പ്രായമായവരും ആയിരിക്കണം.

ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാരുടെ എണ്ണം 75നും 95നും ഇടയിൽ ആയിരിക്കണം. എ ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളിൽ 45–60, ബി ഗ്രേഡ് വെപ്പ് ഓടി വള്ളങ്ങളിൽ 25–35,ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളിൽ 45- 60, ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളിൽ 25- 35,ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങളിൽ 25ൽ താഴെ മാത്രവും തുഴച്ചിൽകാരേ പാടുള്ളൂ. ചുരുളൻ വള്ളങ്ങളിൽ 25- 35ഉും തെക്കനോടി വനിതാ വളളത്തിൽ 30 ൽ കുറയാത്ത തുഴൽച്ചികാരേ കയറാൻ പാടൂള്ളൂ.

തുഴക്കാർക്ക് പുറമേ നിലക്കാരും പങ്കായക്കാരും ഉണ്ടായിരിക്കണം. ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാരായ തുഴച്ചിൽക്കാരുടെ എണ്ണം 25 ശതമാനത്തിൽ അധികമാകരുത്. ഇതിന് വിരുദ്ധമായി തുഴയുന്നതു കണ്ടാൽ വളളം അയോഗ്യരാക്കും. മത്സര ദിവസം വളളങ്ങളിൽ പ്രദർശിപ്പിക്കുന്നതിനായി കമ്മിറ്റി തരുന്ന നമ്പരും നെയിം ബോർഡും (സ്പോൺസർഷിപ്പ്) നീളം കൂട്ടി തറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യരുത്. ടീം അംഗങ്ങൾ കൃത്യമായ അച്ചടക്കം പാലിക്കണം. അശ്ലീല പ്രദർശനവും അച്ചടക്ക ലംഘനവും നടത്തുന്നവർക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തും.

മത്സര ദിവസം രണ്ടു മണിയ്ക്ക് മുൻപായി എല്ലാ ചുണ്ടൻ വള്ളങ്ങളും യൂണിഫോം ധരിച്ച തുഴച്ചിൽക്കാരോടൊപ്പം വിഐപി പവലിയനു മുന്നിൽ അണിനിരന്ന് മാസ്ഡ്രില്ലിൽ പങ്കെടുക്കണം. യൂണിഫോമും ഐഡന്റിറ്റി കാർഡും ധരിക്കാത്ത തുഴച്ചിൽക്കാരുള്ള ചുണ്ടൻ വള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ല. നിബന്ധനകൾ അനുസരിക്കാത്ത വളങ്ങൾ ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുന്നതിനുളള അധികാരം റേസ് കമ്മറ്റിക്ക് ഉണ്ടായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന വളളങ്ങൾ സ്റ്റാർട്ടിംഗ് പോയിന്റിന് വടക്കുവശത്തായി സ്റ്റാർട്ടറുടെ നിർദ്ദേശം കേൾക്കത്തക്ക രീതിയിൽ (കേരളീയം വരെ) മാത്രമേ ക്യാമ്പ് ചെയ്യാവു. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ ഫിനിഷ് ചെയ്താൽ ട്രാക്കിൽ തിരിച്ചുപോകാൻ പാടില്ല. ഡോക് ചിറയ്ക്കും നെഹ്റു പവലിയനും ഇടയ്ക്കുള്ള പുറംകായലിൽ കൂടി മാത്രമേ സ്റ്റാർട്ടിംഗ് പോയന്റിലേക്ക് തിരികെ പോകാവൂ.

ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിച്ച് 12.30ന് അവസാനിക്കും. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിനു ശേഷവും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം നടക്കും. ഈ സമയത്തും മാസ്ഡ്രിൽ നടക്കുമ്പോഴും ട്രയൽ പരിശീലനം എന്ന പേരിൽ ചെറുവളളങ്ങൾ ഫിനിഷിംഗ് പോയന്റിൽ എത്തിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കും.

യോഗത്തിൽ ചീഫ് കോ-ഓർഡിനേറ്റർ മുൻ എംഎൽഎ, സി കെ സദാശിവൻ അധ്യക്ഷത വഹിച്ചു. എൻടിബിആർ സൊസൈറ്റി സെക്രട്ടറി സബ് കളക്ടർ സൂരജ് ഷാജി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം സി സജീവ് കുമാർ, മാസ്റ്റർ ഓഫ് സെറിമണി ആർ കെ കുറുപ്പ്, ചീഫ് സ്റ്റാർട്ടർ കെ കെ ഷാജു, ചീഫ് അമ്പയർ കെ എം അഷറഫ്, മാസ്ഡ്രിൽ ചീഫ് എസ് ഗോപാലകൃഷ്ണൻ, വി സി ഫ്രാൻസിസ്, എസ് എം ഇഖ്ബാൽ, ടി എസ് സന്തോഷ് കുമാർ, കെ ആർ രാജേഷ് കുമാർ, മറ്റു കമ്മിറ്റി ഭാരവാഹികൾ, വിവിധ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ, ലീഡിംഗ് ക്യാപ്റ്റന്മാർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Bonus­es will be reduced for clubs that do not par­tic­i­pate in the Massdrill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.