25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 27, 2024
September 30, 2024
July 26, 2024
May 22, 2024
January 13, 2024
January 13, 2024
November 2, 2023
July 30, 2023
January 14, 2023
November 3, 2022

‘ഒരു തുഴച്ചിൽക്കാരന്റെ കപ്പൽച്ഛേതങ്ങൾ’

Janayugom Webdesk
November 1, 2022 10:36 pm

നുഷ്യന്റെ ചരിത്രമെന്നത് നാഗരികതയിലേക്കുളള അവന്റെ കുതിപ്പിന്റെ ചരിത്രം കൂടിയാണ്. പ്രാകൃതമനുഷ്യനിൽ ജന്യമായിരുന്ന നാഗരികാഭിവാഞ്ച ഒരിക്കലും കെട്ടടങ്ങാത്ത ഒരു മൃഗതൃഷ്ണയാണെന്ന് വേണം നരവംശശാസ്ത്രപാഠങ്ങൾ നൽകുന്ന വസ്തുതകളിൽനിന്ന് മനസ്സിലാക്കാൻ. ഗ്രാമങ്ങളെ നഗരവൽക്കരിക്കുന്നതിൽ അവൻ ദത്തശ്രദ്ധനായിരുന്നു. കാലമേറെ കഴിഞ്ഞപ്പോൾ സുഖസൗകര്യങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലെത്തിയ നഗരങ്ങളിലേക്ക് മനുഷ്യർ കൂട്ട പലായനങ്ങൾ ആരംഭിച്ചു. പുതിയകാല മാനവചരിത്രത്തിൽ കുടിയേറ്റങ്ങൾക്ക് അനിഷേധ്യമായ പ്രസക്തി കൈവന്നു. മനുഷ്യർ തിങ്ങി ഞെരുങ്ങി ജീവിക്കുകയും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും പ്രയാസപ്പെടുകയും ചെയ്യുമ്പോഴും ഇന്നും നഗരങ്ങളിലേക്കുളള മനുഷ്യപ്രവാഹത്തിന് കുറവില്ല. തോട്ടികൾ മുതൽ ശാസ്ത്രജ്ഞർ വരെ അക്കൂട്ടത്തിലുണ്ട്. തിരക്കാർന്ന നഗരത്തിലെ ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുമ്പോഴും പെരുവിരലിൽ ഏന്തിക്കുത്തിനിന്ന് ഓരോ കവിൾ ജീവവായുവും വലിച്ചെടുക്കാൻ പാടുപെടുന്ന മനുഷ്യരുടെ വിചിത്ര ചിത്രങ്ങളാവിഷ്കരിക്കാനുളള തീവ്രയജ്ഞമാണ് കെ വി എസ്.
നെല്ലുവായിയുടെ കവിതകൾ. എല്ലുന്തി, കവിളൊട്ടി, പട്ടിണിക്കോലങ്ങളായി കഴിയുന്ന പാവപ്പെട്ടവനും സ്വപ്നങ്ങളുടെ വലിയ ആകാശം നെയ്തുവയ്ക്കുന്ന നഗരം ഒരു അത്ഭുത പ്രതിഭാസമാണ്. നീണ്ട കാലത്തെ നഗരജീവിതാനുഭവങ്ങളിൽ ഉരഞ്ഞു തേഞ്ഞുപോയ സഹജസ്വപ്നങ്ങളെ വീണ്ടെടുക്കാനുളള കവിയുടെ നിലക്കാത്ത സഞ്ചാരമാണ് ഈ കവിതകൾ. ”ഒരിക്കൽ നിന്നെ, കൊത്തിയെടുത്ത് ഞാൻ പറക്കും, ആകാശത്തിലെ രണ്ട് വലിയ, നക്ഷത്രങ്ങളിൽ ഊഞ്ഞാല് കെട്ടി, അതിലിരുത്തിയാട്ടും…’ (നക്ഷത്രക്കൊമ്പിലൊരൂഞ്ഞാൽ) എന്ന് കവി നിസ്സങ്കോചം പ്രത്യാശപ്പെടുന്നതും അതുകൊണ്ടാണ്. ബിരുദാന്തരം തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു തുടർപ്രവണതയുടെ പിന്തുടർച്ചപോലെ ജോലിതേടി നഗരത്തിലേക്ക് ചേക്കേറി മൂന്നു പതിറ്റാണ്ടുകൾ അവിടെ ജീവിക്കേണ്ടി വന്ന ഒരാളുടെ നിരാശയും സ്വപ്നശൈഥില്യങ്ങളും സവിശേഷമായി പരാമർശിക്കാതെതന്നെ ഈ കവിതകളിൽ പ്രത്യക്ഷമാണ്. അതെ സമയം അവയുടെ വീണ്ടെടുക്കലിന്റെ ആന്തരിക ചോദനകളുടെ അവിരാമമായ ഖനനങ്ങൾ കൂടിയാണ് ഈ കവിതകൾ. ” ഹൃദയത്തിന്റെ താക്കോൽക്കൂട്ടം, എവിടെയാണ് കാണാതെ പോയത് ” ( പ്രണയം) എന്ന കവിയുടെ തന്നോടു തന്നെയുളള ചോദ്യത്തിൽ വ്യഥകളെല്ലാം വ്യക്തമാണ്.
ആൾക്കൂട്ടങ്ങളുടെ ആരവമാണ് നഗരത്തിന്റെ പശ്ചാത്തല സംഗീതം. അതിൽ ചുടുനിശ്വാസങ്ങളും, തേങ്ങിക്കരച്ചിലുകളും, അലർച്ചയും കൂട്ടനിലവിളികളും, പിറന്ന് വീഴുന്ന കുഞ്ഞിന്റെ ആദ്യനിലവിളിയും, അവസാനശ്വാസത്തിന്റെ കുറുകലും, പുഞ്ചിരിയിലെ കേൾക്കാത്ത മർമ്മരവും, കൂട്ടച്ചിരികളും, അട്ടഹാസങ്ങളും, ആത്മപ്രശംസകളുടെ ചിലമ്പൊലിയും, ആഘോഷങ്ങളിലെ കോലാഹലങ്ങളും, ശാന്തിദൂതുകളുടെ ആമന്ത്രണങ്ങളുമുണ്ടാകും. അവക്കിടയിൽ ഒന്നും വ്യതിരിക്തമോ വ്യക്തമോ അല്ല. അനിർവചനീയമായ ആ ആരവത്തിന്റെ അല എപ്പോഴും ഒരു ചൂളം വിളിപോലെ ചെവിയിൽ പതിച്ചു കൊണ്ടിരിക്കും. കാഴ്ചകളേക്കാൾ കേൾവികളിൽ കേന്ദ്രിതമാണ് നഗരം. മുംബൈ നഗരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ലോക്കൽ ട്രെയിനുകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും യാത്രചെയ്തവർക്ക് മറക്കാനാവാത്തതാണ്. അവ നഗരജീവിതത്തിന്റെ ഒരു പൊളളുന്ന ചിത്രമാണ്. എത്രയൊ മനുഷ്യജീവിതങ്ങൾ അനിയന്ത്രിതമായ യാത്രാതിരക്കിൽ പാളങ്ങളിലേക്ക് തെന്നി വീണ് പൊലിഞ്ഞു പോയിരിക്കുന്നു. അപ്പോഴും മരിച്ചവനെ ഉപേക്ഷിച്ച് അവ മുന്നോട്ട് കുതിച്ചു. ജീവൻ ഉപേക്ഷിക്കേണ്ടിവന്നവരേക്കൾ ആയിരം മടങ്ങാണ് പാളങ്ങളിൽ കളഞ്ഞുപോയ സ്വപ്നങ്ങൾ തേടുന്നവർ. ” ട്രാക്കിൽ വീണുപോയ കവിതകൾ ” എന്ന സമാഹാരത്തിന്റെ പേരുളള കവിതയിൽ ഈ കവിയുടെ കവിതകളുടെ സർവ ജൈവിക ചമത്കാരങ്ങളും ചേർന്നിരിക്കുന്നു.
നഗരത്തെ പല വിശേഷണങ്ങൾകൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട് ലോകം മുഴുവനുമുളള എഴുത്തകാർക്കൊപ്പം മലയാളത്തിലെ എഴുത്തുകാരും. ഇത്രമേൽ ചമത്കാരങ്ങൾക്ക് വിധേയമായിട്ടും നഗരവിശേഷങ്ങൾക്ക് അന്ത്യമാവുന്നില്ല. അത് കാലത്തിന്റെ പരിണാമഗതികൾക്കൊപ്പം മാറ്റത്തിന് വിധേയമാവുകയാണ്. കവി കടന്ന് വന്ന മൂന്ന് പതിറ്റാണ്ട് മുമ്പുളള മഹാനഗരമല്ല ഇന്നുളളത്. എല്ലാ തലത്തിലും തരത്തിലും നഗരം മാറിയിട്ടുണ്ട്. എന്നാൽ അനുദിനം വർധിക്കുന്ന തിക്കിനും തിരക്കിനും മാത്രം മാറ്റമില്ല. ചേരികളിലെ ചാലയിൽ ഒരു കക്കൂസ് മുറിയുടെ വലിപ്പമുളള വൃത്തിയില്ലാത്ത ഒറ്റ മുറിയിൽ നാലും അഞ്ചും അംഗങ്ങളുളള കുടുംബങ്ങൾ ജീവിക്കുന്ന അത്ഭുതനഗരമാണ് മുംബൈ. നഗരത്തിലെ സ്വന്തമായ വീട് എന്ന സ്വർഗീയ സങ്കൽപ്പം അവരിൽ അപ്പോഴും ദീപ്തമായ സ്വപ്നമായി നിലനിൽക്കുന്നു. അവരുടെ മക്കൾ വളരുന്ന അന്തരീക്ഷം നഗരം അരികുവൽക്കരിക്കപ്പെട്ടവർക്ക് നൽകുന്ന ഔദാര്യമാണ്. അത്തരം ലക്ഷക്കണക്കിന് കുടുംബങ്ങൾ ജീവിക്കുന്ന നഗരം കൂടിയാണ് മുംബൈ. അവിടെ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ നിത്യവും മരണപ്പാച്ചിൽ നടത്തുന്നവരിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരുമുണ്ട്. അവർക്കെല്ലാം ട്രാക്കിൽ വീണു പോയ ജീവിതവുമുണ്ട്.
കവി ഇവിടെ ദ്യോതിപ്പിക്കുന്നത് കേവലം ഭാഷയിൽ പിറവി കൊളളുന്ന കവിതയെയല്ല. അനുഭവങ്ങളുടെ പാചകപ്പുരയിൽ വേവുന്ന നിരാശയുടെ, നിരാലംബതയുടെ, സ്വപ്നനഷ്ടങ്ങളുടെ, മതിഭ്രമങ്ങളുടെ, എല്ലാം കൈവിട്ടുപോകുന്ന നിരാശ്രയതയുടെ, മിഥ്യാബോധങ്ങളുടെയെല്ലാം കൂട്ടുകവിതകളാണ്. ഈറ്റിയിറുമ്പി സ്വരുക്കൂട്ടിയെതെല്ലാം രോഗം തട്ടിയെടുക്കുമ്പോൾ ആയുസ് തീർന്നു പോയല്ലൊ എന്ന് വേവലാതിപ്പെടുന്നവന് ട്രാക്കിൽ നഷ്ടപ്പെടുന്നത് അഭിലാഷങ്ങളുടെ പണി പൂർത്തിയാകാത്ത സ്വപ്നങ്ങളാണ്. നഗരമങ്ങനെ സർവദംഷ്ട്രകളും പുറത്തു കാട്ടി ബീഭത്സരൂപിയായി വിളയാടുമ്പോൾ നിസ്വരായി നിൽക്കുന്ന മനുഷ്യരുടെ നിസാര ജീവിതമാണ് ഈ കൃതികളിൽ കവി കുറിച്ചു വയ്ക്കുന്നത്.
അതേ സമയം നഗരം അത്രമേൽ തിന്മകൊണ്ട് മൂടിയതാണോയെന്ന സംശയം കവിക്കുണ്ട്. തന്നെപ്പോലെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി വന്നു ചേർന്ന ലക്ഷക്കണക്കായ മനുഷ്യരെ തന്നിൽ ഉൾചേർത്തുനിർത്തി ജീവിക്കാൻ അവസരം നൽകിയതും ഇതേ നഗരമല്ലേ. നിത്യദരിദ്രരുള്ളതുപോലെ കോടീശ്വരന്മാരുമായില്ലെ ഇക്കൂട്ടരിൽ പലരും. പരസ്പരാശ്രിത സമൂഹമായി വർത്തിക്കുമ്പോഴും നഗരം അപരവൽക്കരണത്തിലൂന്നിയ സാമൂഹിക വ്യവഹാരത്തെയാണ് കൊണ്ടാടുന്നത്. അതുകൊണ്ട് തന്നെ സ്വത്വപരമായ നിൽനിൽപ്പ് വ്യക്തിഗതമായി സൂക്ഷിക്കുക പ്രയാസമാണ്. അപ്പോഴും പരസ്പരം മനുഷ്യവിഭവശേഷി മൂല്യവ്യവസ്ഥയിൽ പങ്കുവെക്കാതെ നഗരത്തിനും നിലനിൽക്കാനാകില്ലെന്നതാണ് ഒരു സമൂഹമായി അവിടെ മനഷ്യർക്ക് ജീവിക്കാനുളള സാധ്യത തുറക്കുന്നത്. നഗരത്തെ കൃത്യമായി അറിഞ്ഞ് പ്രവർത്തിക്കാനാവാത്തവർ വീണുപോകുന്ന ഒരു ഓട്ടമത്സരമാണ് നഗരജീവിതം. അതിന് കരുത്ത് മാത്രം പോര, ദീർഘവീക്ഷണം, പ്രവർത്തന മികവ്, അർപ്പണബുദ്ധി, കൗശലം, പിന്നെ ഒരൽപ്പം ഭാഗ്യവും. എല്ലാ സൗഭാഗ്യങ്ങളും നൽകിയതിന് ശേഷം അവയെല്ലാം നിഷ്കരുണം തിരിച്ചെടുക്കുന്ന ക്രൂരതകളും നഗരം ധാരാളം കണ്ടിട്ടുണ്ട്. ’
‘പൈലറ്റ്’ എന്ന രചന നോക്കു. നമ്മുടെ യാത്രകൾ ലക്ഷ്യവേധ്യമാവണമെന്ന് സൂചന നൽകുന്ന കവിത. ‘… എല്ലാം പൈലറ്റിന്റെ കയ്യിലാണ്, ആകാശച്ചുഴലികളെ, കൂറ്റൻ പക്ഷികളെ, അകത്തെ വായുമർദ്ദവും അന്തരീക്ഷമർദ്ദവും തമ്മിലുളള, അനുപാതം നിലനിർത്തലും എല്ലാം പരിധിയിൽ വരും എങ്ങനെയൊക്കെയാണെങ്കിലും പൈലറ്റിന് ഒരൊറ്റ ചിന്തയാവും ഏത് പ്രതിസന്ധികളെയും മറികടന്ന് ലക്ഷ്യത്തിൽ ലാൻഡ് ചെയ്യണം എന്ന ഒരൊറ്റ വിചാരം മാത്രം’. നഗരജീവിതം ഒരു വ്യോമയാനംതന്നെയാണെന്ന് കവിക്ക് തോന്നുന്നു. ഇതിനോട് ചേർത്തു വായിക്കാവുന്ന ഒരു കവിതയാണ് ‘സെൽഫി’ പുതിയ കാലത്ത് വ്യാപകമായി പ്രചാരം നേടിയ ഒരു വാക്കാണ്, സെൽഫി. മുമ്പൊക്കെ ഒരു കാമറയുമായി നാടു ചുറ്റുന്നവൻ അന്യരെയും അന്യവസ്തുക്കളെയുമാണ് ചിത്രീകരിച്ചിരുന്നത്. അവനവനെ പകർത്താൻ പാകത്തിൽ അന്നൊന്നും കാമറകൾ ധാരാളമായി കിട്ടിയിരുന്നില്ല. അത്തരം ഫോട്ടോകൾ കാണുന്ന കാഴ്ച്ചക്കാരൻ ഫോട്ടോഗ്രാഫറെ കണ്ടിരുന്നത് മറ്റൊരാൾ അയാളെ പകർത്തിയ ഫ്രെയിമിൽകൂടിയായിരുന്നു. ഇന്ന് കഥമാറി അവനവനെയാണ് നാം ഏറ്റവുമധികം പകർത്തുന്നത്. സ്വത്വത്തിന്റെ ഇടുങ്ങിയ വേലിപ്പഴുതുകളിലൂടെ നുഴഞ്ഞുകയറുയാണ് നാം.
കവി പറയുന്നത് കേൾക്കൂ. ‘എത്രയൊക്കെ ടെൻഷനുണ്ടെങ്കിലും ചിരിച്ചു തന്നെ പോസ് ചെയ്യണം, സെൽഫിയെടുക്കുമ്പോൾ, കണ്ണുകൾ മുകളിലേക്കുരുട്ടി, പുരികങ്ങൾ ചുളിച്ച്, ചിറികോട്ടി, തല ചെരിച്ച്, പോസ് ചെയ്യണം, പണ്ടത്തെപ്പോലെ ആരും, സ്മൈൽ പ്ലീസ് എന്നൊന്നും പറയുമെന്ന് കരുതണ്ട’. ‘സൗഹൃദപർവ്വം’ എന്ന സാമാന്യം നീണ്ട കവിതയിൽ നഗരത്തിന്റെ ഒടുങ്ങാത്ത തിരക്കിലും തമ്മിൽ ഇടപഴകിക്കഴിയാൻ മനുഷ്യർ സന്നദ്ധരാകുന്നുണ്ടെന്ന് കവി കാണുന്നു. ഓരോ നഗരത്തിലും തനത് സംസ്ഥാനത്തുള്ളവർ ഒന്നിച്ച് ചേരുന്ന സാംസ്കാരിക കൂട്ടായ്മകൾ നിലവിൽ വരുന്നതും അത്തരം അഭിവാഞ്ച കൊണ്ടാണ്’. വിരസമാം വിരുന്നു സൽക്കാരത്തിനിടവേളയിൽ, ഒരു പുണ്യനിയോഗം പോൽ, ഒത്തുചേർന്നയതിഥികൾ നാം…’ എന്ന് കവിക്ക് തോന്നുന്നതും കഴിഞ്ഞകാലയനുഭവങ്ങളുടെ നെഞ്ചുവേവിൽ നിന്നാവാം.
ഹൈക്കു കവിതളെന്ന് പറയാവുന്ന കുറേ കവിതകൾ കെ വി എസ് പലപ്പോഴും എഴുതിയിട്ടുണ്ട്. അവയിലെല്ലാം അമർന്നൊതുങ്ങിക്കിടക്കാറുള്ള ആക്ഷേപഹാസ്യത്തിന്റെ ഒളിച്ചു വച്ച ചിരികൾ കാണാം. ചിലതിലൊ കണ്ണീരിന്റെ കിണറാഴങ്ങളും. ‘കിണർ’ ഒന്ന് നോക്കൂ. ‘അവധിക്ക് ചെന്നപ്പോൾ, അച്ഛൻ ചാടി മരിച്ച, കിണറിന്റെ ആഴം നോക്കി നിന്നപ്പോൾ, കണ്ണുകൾ കിണറായി. ‘കേവലം നാലോ ആറോ വരികളിൽ ഒളിഞ്ഞിരിക്കുന്ന ദർശനങ്ങളുടെ മഹാസമുദ്രങ്ങൾ. ഒരു തരത്തിൽ കവി തന്നെത്തന്നെ ഖനനം ചെയ്യുകയാണ്. അത്ര ചെറുതൊന്നുമല്ലെങ്കിലും ‘മരിച്ചു പോയവർക്കുളള ലിഖിതങ്ങൾ’ പുതിയ കാലത്തിന്റെ ലേഖനങ്ങളാണ് ഖനനം ചെയ്തെടുക്കുന്നത്. ഉറ്റവരും ഉടയവരും മരിച്ചുപോകുമ്പോൾ അവരുമായുളള നമ്മുടെ ആശയ വിനിമയങ്ങളെല്ലാം അവസാനിക്കുന്നത് വേദനയോടെ തിരിച്ചറിയുന്നവരെ കവി ഓർക്കുകയാണിവിടെ. ‘മരിച്ചുപോയ ഉറ്റവരുടെ നമ്പറുകൾ, മായ്ച്ചുകളയാൻ തോന്നിയിട്ടില്ല, സമയം കിട്ടുമ്പോഴെല്ലാം അവർക്കും മെസേജുകൾ അയക്കാറുണ്ട്…’ മരണമെന്ന നിത്യമായ സത്യത്തെ ആവിഷ്കരിക്കാതെ കവികൾ സ്വന്തം മരണത്തിലേക്ക് പോകുന്നില്ല. കെ വി എസ് മൃത്യുഞ്ജയമന്ത്രംപോലെ ദാർശനിക ഛായ നൽകുകയാണ് മരണമെന്ന മഹാമൗനത്തിന്. ‘തെളിവ് സഹിതം’ എന്ന കുറുങ്കവിതയിലും മരണമെന്ന പ്രതിഭാസം നിഴൽ വീശുന്നത് കാണാം. ‘എത്ര തവണ അവൾ വിളിച്ചിരിക്കുന്നു, ഹൃദയമില്ലാത്തവനെന്ന്, എത്ര തവണ മറ്റവളും പറഞ്ഞിരിക്കുന്നു ഹൃദയ ശൂന്യനെന്ന്, ഹൃദയം പണി മുടക്കുന്നതുവരെ, കാത്തിരിക്കേണ്ടിവന്നു, അവൾക്കും മറ്റവൾക്കും ഒരു തെളിവ് കൊടുക്കാൻ’ എന്ന് ഹൃദയശൂന്യനായ് പ്രഖ്യാപിക്കുന്ന കവി മരണത്തെയും നിസാരവല്ക്കരിക്കുകയാണ്.
ഈ സമാഹാരത്തിലെ രചനകൾ മഹത്തരമാണെന്ന് കവിയും അവകാശപ്പെടുന്നില്ലെങ്കിലും ഒരാളുടെ ജീവിതസഞ്ചാരങ്ങൾ അടയാളപ്പെടുത്താനുളള അയാളുടെ ശ്രമങ്ങളെ നിസാരവല്ക്കരിക്കാൻ ലാവണ്യ ശാസ്ത്രങ്ങൾക്കും സാധ്യമാവില്ല ചില ഘട്ടങ്ങളിൽ. അത്തരം ഉദാത്തമായ നിമിഷങ്ങളുടെ പിൻബലമാണ് ഇത്തരമൊരു സമാഹാരം വായനക്കാരന് സമർപ്പിക്കാൻ കവിക്ക് കരുത്തേകുന്നത്. ഇതിനേക്കാൾ മികച്ച രചനകളുമായി കെ വി എസ് നെല്ലുവായ് എന്ന കവി ഇനിയും വായനക്കാരേ തേടി വരട്ടെ. അതിനുള്ള പ്രചോദനമാണ് ഈ സമാഹാരം.

പുസ്തകം: ട്രാക്കിൽ വീണുപോയ കവിതകൾ
കവി: കെ വി എസ് നെല്ലുവായ്
പഠനം: ഗായത്രി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.