ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ഓസ്ട്രലിയ. ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ആതിഥേയര്‍ മറികടന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1–1നു ഒപ്പമെത്തുകയും ചെയ്തു. മത്സരം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഓസീസിന്റെ ജയം. പേസർമാർ അരങ്ങുവാണ പെർത്തിലെ ഒന്നാം ടെസ്റ്റിൽ 295 റൺസിനായിരന്നു ഇന്ത്യയുടെ ജയം. അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. റിഷഭ് പന്തിന്റെ (28) വിക്കറ്റ് ആദ്യം നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച്. തുടര്‍ന്നെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ആര്‍ അശ്വിന്‍ (7), ഹര്‍ഷിത് റാണ (0), മുഹമ്മദ് സിറാജ് (7) എന്നിവരാണ് പുറത്തായ മറ്റു വാലറ്റക്കാര്‍. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. ജസ്പ്രീത് ബുംറ (7) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റ് നേടി. സ്‌കോട്ട് ബോളണ്ടിന് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്കിന് രണ്ട് വിക്കറ്റുമുണ്ട്.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്കോറായ 180 റണ്‍സിനു മറുപടിയില്‍ ഓസ്‌ട്രേലിയ രണ്ടാംദിനം 337 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഇന്ത്യയുടെ സ്ഥിരം പേടിസ്വപ്‌നമായ ട്രാവിസ് ഹെഡ് തന്നെയാണ് ഇത്തവണയും ഓസീസിന്റെ ഹീറോയായത്. 141 ബോളില്‍ 140 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം പുറത്താവുകയായിരുന്നു. 17 ഫോറും നാലു സിക്‌സറുമടക്കമായിരുന്നു ഇത്. മാര്‍നസ് ലബുഷെയ്ന്‍ (64), നതാന്‍ മക്‌സ്വീനി (39) എന്നിവരുടെ ഇന്നിങ്‌സുകളും ഓസ്ട്രേലിയയ്ക്ക് കരുത്തായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാലു വിക്കറ്റുകള്‍ വീതം പങ്കിടുകയായിരുന്നു. നിതീഷ് റെഡ്ഡിക്കും ആര്‍ അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം ലഭിക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്സില്‍ നിതീഷ് റെഡ്ഡി (42) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. പുറമെ കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യന്‍ താരങ്ങള്‍. യശസ്വി ജയ്‌സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രീത് ബുംറ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.