
തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കമിതാക്കൾ ചേർന്ന് കുഴിച്ചിട്ടു. സംഭവത്തിൽ ആമ്പല്ലൂർ സ്വദേശി ഭവിൻ (25), മറ്റത്തൂർ നൂലുവള്ളി സ്വദേശി അനീഷ (22) എന്നിവരെ പുതുക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവർക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. കുഞ്ഞുങ്ങളുടെ അസ്ഥികൾ കർമ്മം ചെയ്യാനായി ഇവർ സൂക്ഷിച്ചിരുന്നു. എന്നാൽ ഭയംമൂലം ഭവിൻ ഞായറാഴ്‌ച പുലർച്ചെ രണ്ടിന് പൊടിഞ്ഞ അസ്ഥികളുമായി പുതുക്കാട് സ്‌റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അനീഷയുമായുള്ള ബന്ധത്തിൽ 2021ലും 2024ലും കുഞ്ഞുങ്ങളുണ്ടായാതായി ഭവിൻ പൊലീസിനോട് പറഞ്ഞു.
പ്രസവത്തിൽ മരിച്ച കുട്ടികളുടെ അസ്ഥികളാണ് കൈവശം എന്നാണ് ഭവിൻ പൊലീസിനെ അറിയിച്ചത്. തുടർന്ന് അനീഷയെയും സ്‌റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്‌തു. 2020 മുതൽ ഫേസ്ബുക്ക് വഴിയാണ് അനീഷയുമായി പരിചയമെന്ന് ഭവിൻ പറഞ്ഞു. അനീഷ രണ്ട് ആൺകുട്ടികളെ പ്രസവിക്കുകയും കുട്ടികൾ മരിക്കുകയും ചെയ്‌തു. ആദ്യത്തെ പ്രസവം 2021 നവംബർ ആറിന് അനീഷയുടെ വീട്ടിലെ കുളിമുറിയിൽ നടന്നു. കുട്ടി മരിച്ചപ്പോൾ അനീഷ തന്നെ വീട്ടുപറമ്പിൽ രഹസ്യമായി ജഡം കുഴിച്ചിട്ടു. 8 മാസത്തിനു ശേഷം കുട്ടിയുടെ അസ്ഥികൾ ഭവിന് കൈമാറി. വീണ്ടും അനീഷ ഗർഭിണിയാകുകയും 2024 ഏപ്രിൽ 29ന് അനീഷയുടെ വീട്ടിൽവെച്ച് ഒരു ആൺകുട്ടിയെ കൂടി പ്രസവിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയുടേത് സ്വാഭാവിക മരണമല്ല. കുഞ്ഞിനെ കൊന്നതാണ്. പ്രസവശേഷം കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ മുഖത്ത് കൈയമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നെന്നും പോലീസ് പറയുന്നു. ഭവിൻ കുട്ടിയെ വീടിന്റെ പുറകിൽ രഹസ്യമായി കുഴിച്ച് മൂടിയെന്നും ഇരുവരും മൊഴി നൽകി. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വിവരങ്ങള്‍ പോലീസിനെ അറിയിക്കുന്നതിലേയ്ക്ക് എത്തിച്ചതെന്ന് ഇവരെ ചോദ്യംചെയ്തതില്‍നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. അനീഷ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇവര്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നതായി ഭവിന് സംശയം ഉണ്ടായി. ഇത് കഴിഞ്ഞദിവസം ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. തുടര്‍ന്നാണ് സംഭവം വെളിയില്‍ പറയാന്‍ ഭവിന്‍ തയ്യാറായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.