ടിവിയുടെ ധീരസ്മരണ കാലഘട്ടത്തിന് ഊര്‍ജം. എക്കാലത്തെയും കരുത്തനായ തൊഴിലാളി നേതാവ് സഖാവ് ടി വി തോമസിന്റെ ഓര്‍മ്മദിനമാണിന്ന്. 1977 മാര്‍ച്ച് 26നാണ് സഖാവിനെ നമുക്ക് നഷ്ടമാവുന്നത്. ടിവി എന്ന പേരില്‍ മനുഷ്യമനസുകളില്‍ ചിരപ്രതിഷ്ഠനായ ടി വി തോമസിന്റെ നഷ്ടം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും എത്രയോ വലുതാണ്.
സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായാണ് ടിവി പോരാടിയത്. പുന്നപ്ര‑വയലാര്‍ സമരഭൂമിയിലെ വലിയ പടനായകനായ ടിവി കമ്മ്യൂണിസ്റ്റ്-തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രിയങ്കരനായ നേതാവായിരുന്നു. എല്ലാവര്‍ക്കും പൊതുനീതി വേണമെന്ന പക്ഷത്ത് അദ്ദേഹം ഉറച്ചുനിന്നു. കയര്‍, മത്സ്യ, തുറമുഖത്തൊഴിലാളികളുടെയും നേതാവായി അദ്ദേഹം. ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ ജനദ്രോഹനിലപാടുകളെയും പ്രവര്‍ത്തന രീതികളെയും നിശിതമായി വിമര്‍ശിച്ചു. അതിനെ നേരിടാന്‍ ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. പുന്നപ്ര‑വയലാര്‍ സമരത്തിന്റെ നേതൃനിരയിലുണ്ടായ ടിവിയെ ദിവാന്‍ ഭരണകൂടം അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയോടനുബന്ധിച്ചാണ് ടിവിയും ജയില്‍മോചിതനായത്.
1957ലെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ ടിവി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പിന്റേതടക്കം ചുമതലയുള്ള അംഗമായി. 67ല്‍ വീണ്ടും വിജയിച്ച് വ്യവസായ മന്ത്രിയായി. നിയമനിര്‍മ്മാണസഭയിലെ അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധി, പ്രതിപക്ഷ നേതാവായിരിക്കെ കേരളം കണ്ടു. രാഷ്ട്രീയ നയചാതുരിയും ഹൃദയവിശാലതയും ടിവിയെ വേറിട്ടുനിര്‍ത്തി. ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളികളും കര്‍ഷകരും പ്രക്ഷോഭം നയിക്കുന്ന ഘട്ടത്തില്‍ ടിവിയുടെ ഓര്‍മ്മകള്‍ ആവേശമാണ്. ആ ധീരസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.
ജനയുഗം പ്രവർത്തകർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.