18 January 2026, Sunday

യൂറോപ്യരെ വെള്ളം കുടിപ്പിച്ച് ബ്രസീലിയന്‍സ്

പന്ന്യന്‍ രവീന്ദ്രന്‍
കളിയെഴുത്ത്
June 29, 2025 9:42 pm

ക്ലബ്ബ് ലോകകപ്പിൽ ലോകം ശ്രദ്ധിക്കപ്പെട്ട ലാറ്റിനമേരിക്കൻ ടീമുകൾ ബ്രസീലിലെയും അർജന്റീനയിലെയും ആറു ടീമുകളാണ്. അതിൽ നാല് ടീമുകളും പ്രീക്വാർട്ടറിൽ കടന്നു കഴിഞ്ഞു. അവരെല്ലാം ബ്രസീലുകാരാണ്. അർജന്റീനയിലെ രണ്ട് ക്ലബ്ബുകളും പതിനാറിലെത്താതെ പുറത്തായി. ബ്രസീൽ ടീമുകളിൽ പാൽമിറാസും പ്ലെമെങ്കോയും ഗ്രൂപ്പ് ജേതാക്കളായി, പ്രീക്വാർട്ടർ യോഗ്യത നേടിയപ്പോൾ ബോട്ടഫോഗോയും ഫ്ലുമിനെൻസും രണ്ടാം സ്ഥാനക്കാരായി പതിനാറിന്റെ ഭാഗമായി. അർജന്റീനയിലെ ടീമുകളായ ബൊക്കാ ജൂനിയേഴ്സും, റിവർ പ്ലേറ്റും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. 16ലെ പോരാട്ടങ്ങൾക്ക് തുടക്കമായി, അവിടെയാണ് വീറും വാശിയും ശരിക്കും പ്രകടമാകുക. അർജന്റീനക്കാർക്ക് മെസിയുടെ സാന്നിധ്യം രാജ്യത്തിന്റെ കൂടി പേരിൽ കണക്കാക്കാവുന്നതാണ്. മെസിയുടെ സാന്നിധ്യവുമായി വരുന്ന അൽ ഹിലാൽ യൂറോപ്യൻ ചാമ്പ്യൻമാരെയാണ് നേരിടേണ്ടത്. മെസിയുടെ പഴയ സ്വന്തം ക്ലബ്ബുമായി മുഖാമുഖം കാണുന്ന മത്സരം ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പിഎസ്ജിയുടെ ഉരുക്കുഭിത്തിക്ക് തുല്യമായ ഡിഫൻസ് ആരെയും വരവരഞ്ഞു നിർത്താൻ പ്രാപ്തരാണ്. ന്യൂനോ മെൻഡസ് എന്ന ഉരുക്ക് കോട്ടയുടെ മുമ്പിൽ യാമിൽ യമാലും, മുഹമ്മദ് സലയും ഉൾപ്പെടെയുള്ള അതി പ്രഗൽഭർ പത്തിമടക്കി മടക്കയാത്രയായതാണ്. ഇനിവരുന്നത് സാക്ഷാൽ ലയണൽ മെസി തന്നെയാണ്. പിഎസ്ജിയുടെ കടമ്പയും അതുതന്നെയാണ്. മെസി ക്ലബ്ബ് ലോകകപ്പിൽ എല്ലാക്കാലവും കളിച്ച ടീമുകളെല്ലാം ജയിച്ചതാണ്.

തുടക്കം മുതൽ അട്ടിമറിയുടെയും കുതിച്ചുചാട്ടത്തിന്റെയും കഥയുമായാണ് ബ്രസീൽ ടീമുകൾ മുന്നേറിയത്. യുവേഫ ചാമ്പ്യൻസായ പിഎസ്ജിയെ വെള്ളം കുടിപ്പിച്ച കരുത്ത്‌ അവരുടെ പരമ്പരാഗത ശീലമാണ്. എത്ര ശക്തരായാലും അവരുടെ ശക്തിയെ ഭയക്കാതെ മുന്നേറുന്നവരാണ് ബ്രസീലിയൻസ്. ഇവരെല്ലാം ലാറ്റിനമേരിക്കൻ ചാമ്പ്യൻസ് ക്ലബ്ബുകളാണ്. യൂറോപ്പിലെയും ആഫ്രിക്കയിലെയും കരുത്തരെ മറികടന്നാണ് അവരുടെ വരവ്. കുറച്ചു വർഷങ്ങളായി രാജ്യാന്തര മത്സരങ്ങളിൽ തോൽവിയുടെ കയ്പ്‌രസം മാത്രം അറിയുന്ന ബ്രസീലിന് ഈ വിജയങ്ങൾ ഉൾക്കരുത്ത് പകരും. ഫ്ലമെങ്കോയും പാൽമിറാസും ഗ്രൂപ്പ് ജേതാക്കളായാണ് അവസാന 16ൽ സ്ഥാനം പിടിച്ചത്. ഇതിൽ ഫ്ലമെങ്കോ ചെൽസിയെ 3–1നാണ് തകർത്തത്. ബോട്ടഫോഗോ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയെ ഒരു ഗോളിന് മറികടന്നാണ് മുന്നേറിയത്. ഇതിലെല്ലാം പുതുമുഖ താരങ്ങളുടെ അസൂയാവഹമായ പ്രകടനമാണ് ജനങ്ങളെ ആവേശത്തിലാക്കിയത്. ക്ലബ്ബ് ഫുട്‌ബോളിന്റെ ചരിത്രത്തിൽതന്നെ അട്ടിമറിവിജയം നടത്തിയ ബ്രസീൽ ടീമാണ് 2012ൽ ലോക ക്ലബ്ബ് ചാമ്പ്യന്മാരായത്.
32 ടീമുകൾ മത്സരിച്ച ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് 16 ടീമുകൾ പ്രീക്വാർട്ടറിൽ കടന്നപ്പോൾ കളിയുടെ ഗതിതന്നെ മാറി. കാരണം ഒന്നും രണ്ടും സ്ഥാനത്ത് കടന്നു വന്നവരെല്ലാം മൂന്നു കളികളുടെ കടമ്പകടന്നാണ് വന്നത്. പ്രൊഫഷണൽ രംഗത്ത് വിലസുന്ന ടീമുകൾ ഇവിടെ എത്തിയപ്പോൾ അപരിചിതരായ കളിക്കാരും കളി ശൈലിയും അവരെ പ്രയാസത്തിലാക്കി. ബ്രസീൽ ക്ലബ്ബായ ബോട്ടഫോഗോയുടെ മുമ്പിൽ ചാമ്പ്യൻസ് ലീഗിലെ തേരാളികളായ പിഎസ്ജി അക്ഷരാർത്ഥത്തിൽ വെള്ളം കുടിച്ചാണ് തകർന്നത്. ബോട്ടഫോഗോ കണിശതയാർന്ന മത്സരത്തിൽ മൂന്നു പോയിന്റ് പോക്കറ്റിലാക്കി. ആ മത്സരത്തിൽ ശ്രദ്ധേയമായ കാര്യം ജയം കണക്കുകൂട്ടി കളി തുടങ്ങിയ പിഎസ്ജി ബ്രസീലുകാരുടെ മെയ്‌വഴക്കം നിസാരമായി തള്ളിയതാണ്. ബ്രസീലുകാർക്ക് എതിരാളിയുടെ കളിശൈലിയെ മറികടക്കാൻ എളുപ്പത്തിൽ കഴിഞ്ഞു. മാത്രമല്ല. പിഎസ്ജി ഒരു ഗോൾ തിരിച്ചടിച്ച് നാണം മാറ്റാൻ നടത്തിയ അടവുകളെ ഫലപ്രദമായി തടഞ്ഞിടുവാനും അവർക്ക് അനായാസം കഴിഞ്ഞു. ബ്രസീൽ ടീമുകളുടെ ശാക്തിക ബലാബലങ്ങൾ മറ്റൊരു ചർച്ചയിലേക്ക് കൊണ്ടുപോകുന്നത് ഫുട്‌ബോൾ നിരീക്ഷകരാണ്. ഇപ്പോൾ പ്രീക്വാർട്ടറിൽ കടന്നുകയറിയ നാലുടീമുകളും രാജ്യത്തിന്റെ ഭാവി പ്രതീക്ഷയാണ്. ആരോടും നിർഭയം പോരാടാൻ കെൽപ്പുള്ള പുതിയ താരങ്ങളുടെ ഒരു നല്ല നിര തന്നെ അവരുടെ കയ്യിലുണ്ട്. പരിക്കിന്റെ തോഴനായ നെയ്മറെ ധ്യാനിച്ച് വർഷങ്ങൾ നഷ്ടപ്പെടുത്തിയ ബ്രസീലിന് പുതിയ സ്വപ്നങ്ങൾ നെയ്തുകൂട്ടാൻ സമയമായെന്നാണ് ഇപ്പോഴത്തെ ക്ലബ്ബ് ലോകകപ്പ് നൽകുന്ന സൂചന.

ലാറ്റിനമേരിക്കൻ കേന്ദ്രങ്ങളിൽ പ്രത്യാശപുലർത്തിയ അർജന്റീനയിലെ രണ്ട് ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് ശ്രദ്ധിക്കപ്പെട്ടു. ഭാവിയുടെ പ്രതീക്ഷയാകേണ്ട പുതിയ കളിക്കൂട്ടമാണ് അവർ. ഫലപ്രദമായി അവർക്ക് കളിച്ചു വരാൻ കഴിയാത്തത് ശ്രദ്ധിക്കപ്പെട്ടു. സീനിയർ വെറ്ററൻ താരങ്ങളുടെ ബലത്തിൽ മാത്രം ഒരു രാജ്യത്തിന് പിടിച്ചുനിൽക്കാൻ അസാധ്യമായിരിക്കും. അർജന്റീനയുടെ പുതിയ നിരക്ക് ചുവടുറപ്പിക്കാൻ കഴിയാതെ പോയി. ലോകം ശ്രദ്ധിക്കുന്ന വാശിയേറിയ മത്സരങ്ങൾക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള കളികളിൽ കാത്തിരിപ്പിന് അവസരമില്ല. തോറ്റാൽ അപ്പോൾ തന്നെ മടക്കയാത്ര ഉറപ്പാക്കാം. മെസിയും എംബാപ്പെയും ഫിൽഫോഡനും അഷ്‌റഫ് ഫാക്കീരിയും ഒക്കെ ലോകം ഉറ്റുനോക്കുന്ന താരനിരയാണ്. അവരും അവരുടെ കൂട്ടുകാരും ഇനിയുള്ള മത്സരങ്ങൾക്ക് ചൂട് പകരും. തീപാറുന്ന കളികൾ ഉത്സവ പ്രതീതിയുണർത്തും. നാല് കളികൊണ്ട് ഒരു ടീമിന് ഇനി ഫൈനൽ ബർത്തിൽ എത്താം. പ്രീക്വാർട്ടർ മത്സരങ്ങൾ പകിട്ടോടെ തുടക്കമായി. തുടക്കത്തിൽ തന്നെ ഒരേനാട്ടുകാർ തമ്മിലുള്ള ബലപരീക്ഷണം അവസാന ഘട്ടത്തിൽ പരിക്കനായി. ഒരാൾ ചുവപ്പ് കാർഡും രണ്ടുപേർ മഞ്ഞക്കാർഡുമായി പോകുന്നതലത്തിലേക്ക് കളിനീങ്ങി. ബ്രസീൽ ഫുട്ബോളിലെ പ്രതിരോധ തന്ത്രം രണ്ടു പേരും പരീക്ഷിച്ചപ്പോൾ കളിയുടെ അകൃത്രിമ സൗന്ദര്യം മൈതാനത്തെ സജീവമാക്കി. എക്സ്ട്രാ ടൈമിൽ നേടിയ ഏകഗോൾ പാൽമിയാറസിന് ക്വാർട്ടർ ഫൈനൽ ടിക്കറ്റ്‌ ഉറപ്പിച്ചു. ഇതോടെ ബ്രസീലിന്റെ പ്രാതിനിധ്യം മൂന്നായി ചുരുങ്ങി. മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ശക്തരായ ബെൻഫിക്ക ഒന്നിനെതിരെ നാല് ഗോൾ വാങ്ങി പുറത്തുപോയി.

പരിശീലകനെ മാറ്റിയാല്‍ എല്ലാം ശരിയാകുമോ?

ലോകമാകെയുള്ള ഫുട്‌ബോൾ കളികളെ അറിയാനും ആസ്വദിക്കാനും മാത്രം വിധിക്കപ്പെട്ടവരായി മാറിയവരാണ് 140 കോടി ഇന്ത്യക്കാർ. ഇപ്പോൾ ഏഷ്യാ കപ്പിൽ നമ്മൾ ഗ്രൂപ്പ് മത്സരത്തിൽ നിന്നും പുറത്തായി. കുവൈറ്റ്, ഓസ്ട്രേലിയ, മംഗോളിയ എന്നിവരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്ന മറ്റുരാജ്യങ്ങൾ. ഏഷ്യയിൽ നിന്ന് ലോക ക്ലബ്ബ് കപ്പിൽ കളിക്കുന്ന ഏഷ്യൻ പ്രാതിനിധ്യമായി അൽ ഹിലാൽ വന്നപ്പോൾ ഏഷ്യക്കാരായ നമുക്ക് നിസഹായത മാത്രമേയുള്ളൂ. ഇതിനിടയിൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഡയറക്ടറായ സുപ്രതോപാൽ പറഞ്ഞ ചിലകാര്യങ്ങൾ ബന്ധപ്പെട്ടവരുടെ പരിഗണനയിലും പരിശോധനയിലും ഉൾപ്പെടുമോയെന്ന് സംശയമാണ്. ഇപ്പോൾ സുബ്ര തോപാലിന്റെ വെളിപ്പെടുത്തൽ ടെക്നിക്കൽ കമ്മിറ്റി യോഗത്തിലാണ് ഉണ്ടായത്. ബൈചുങ് ഭൂട്ടിയ അഭിപ്രായത്തോട് യോജിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പിന്നോട്ട് സഞ്ചരിക്കുന്ന നമുക്ക് ഇനിയൊരു മുന്നേറ്റമുണ്ടാക്കാൻ എന്താണ് മാർഗമെന്ന് ചിന്തിക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായില്ല. റാങ്കിങ്ങിൽ താഴേക്ക് പോയാലും ഒരു പ്രശ്നവും ഇല്ലെന്ന് നടിക്കുന്ന നിലയിലാണ് കാര്യങ്ങൾ. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പഴയ കോച്ചായ വുക്കാമാനോവിച്ചിനെ ബന്ധപ്പെടുന്നുവെന്നാണ് വാർത്ത. അദ്ദേഹം നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുകയും നല്ല വിജയങ്ങൾ നേടിയെടുക്കുകയും ചെയ്തിരുന്നു. ഒരു കോച്ചിനെ മാറ്റിയാൽ തീരുന്നതാണോ ഇന്ത്യൻ ഫുട്ബോളിലെ പ്രശ്നങ്ങൾ. അല്ല എന്നതാണ് സത്യം. നമുക്ക് കൃത്യമായ ഒരു പദ്ധതി ഫുട്‌ബോൾ വളർച്ചയ്ക്കായി രൂപപ്പെടുത്തണം. അതിന് പുറമെ ധാരാളം പണം കണ്ടെത്തണം. കേരള സര്‍ക്കാര്‍ തയ്യാറാക്കിയ സ്കൂൾതലം മുതലുള്ള കോച്ചിങ് ക്യാമ്പുകൾ രാജ്യമാകെ നടത്തുക. അതിൽ നിന്നും സെലക്ട് ചെയ്യുന്ന കുട്ടികളെ അണ്ടർ ഏജ് ടൂർണമെന്റുകളിൽ കളിപ്പിച്ച് ദീഘമായ കോച്ചിങ് കൊടുക്കണം. ഇപ്പോൾ നടക്കുന്ന ക്ലബ്ബ് ലോകകപ്പിൽ വന്നിരിക്കുന്ന മിക്ക ടീമുകളിലെ കളിക്കാരും നിരന്തരമായ പരിശീലനത്തിന്റെ ഭാഗമാണ്. അ­സോസിയേഷനും കേന്ദ്ര സർക്കാരും ഒരുമിച്ച് ചേരണം. എങ്കിൽ മാത്രമെ കളിക്കാർക്ക് ആത്മവിശ്വാസം വരികയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.