കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ 7 വരെ ലോകമെമ്പാടും മുലയൂട്ടില്‍ വാരമായി ആചരിക്കുന്നു. ശിശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഇത് ലക്ഷമിടുന്നത്.
നവജാത ശിശുവിന് ജനിച്ച ആദ്യ മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കുകയും, കുഞ്ഞ് ആഗ്രഹിക്കുന്നത്രയും കാലം വരെ മുലയൂട്ടല്‍ തുടരുകയും വേണം എന്നാണ് WHO ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകള്‍ പറയുന്നത്. അതുപോലെ തന്നെ ആറ് മാസത്തേക്ക് മുലയൂട്ടല്‍ മാത്രം ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് 2 വര്‍ഷം വരെയും അതിനുശേഷവും ഉചിതമായ പൂരക ഭക്ഷണങ്ങള്‍ക്കൊപ്പം മുലയൂട്ടല്‍ തുടരുക. മുലയൂട്ടല്‍ ശിശുക്കള്‍ക്ക് നല്‍കുന്ന ഫോര്‍മുല ഭക്ഷണത്തേക്കാള്‍ പ്രയോജനപ്രദമാണ്.
മുലയൂട്ടല്‍ കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. പ്രസവശേഷം മിതമായ രക്തസ്രാവം, ഗര്‍ഭാശയത്തിന്റെ സങ്കോചനം, പ്രസവാനന്തര വിഷാദത്തിനുള്ള സാദ്ധ്യതകള്‍ കുറയ്ക്കുക, പ്രസവ ശേഷമുള്ള ആര്‍ത്തവചക്രം ക്രമീകരിക്കുക കൂടാതെ സ്തനാര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള സാദ്ധ്യതകളും കുറയ്ക്കുന്നു. ഇതെല്ലാം അമ്മയ്ക്കുള്ള ദീര്‍ഘകാല ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു.
മുലയൂട്ടല്‍ വഴി കുട്ടികള്‍ കൂടുതല്‍ ബുദ്ധിശക്തിയുള്ളവര്‍ ആയിരിക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. മുലയൂട്ടല്‍ വഴി കുഞ്ഞ് suck — swallow — breathe രീതി പഠിക്കുകയും ചെയ്യുന്നു. ഒരു സ്തനത്തില്‍ നിന്നും 10 — 20 മിനിട്ട് പാല്‍ കുടിപ്പിച്ചതിനു ശേഷം അടുത്ത സ്തനത്തില്‍ നിന്നും പാല്‍ നല്‍കാം. അങ്ങനെ 30 — 40 മിനിട്ട് വരെ മുലയൂട്ടല്‍ നീണ്ടുനില്‍ക്കാവുന്നതാണ്. പാല്‍ കൊടുക്കുന്നതനുസരിച്ച് സ്തനങ്ങളില്‍ പാല്‍ ഉണ്ടാകുകയും ചെയ്യുന്നു. മുലയൂട്ടല്‍ കൃത്യമായി ലഭിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആസ്ത്മ, അലര്‍ജി എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. മുലയൂട്ടലിന്റെ അഭാവം കുട്ടികളില്‍ പോഷകാഹാരക്കുറവ്, ഭാരക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതെല്ലാം തന്നെ മുലയൂട്ടലിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു.
മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി എല്ലാ അമ്മമാരും അവബോധരായിരിക്കണം. കുഞ്ഞും അമ്മയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് മുലയൂട്ടല്‍. കുഞ്ഞിന് കൃത്യമായ ഇടവേളകളില്‍ മുലപ്പാല്‍ നല്‍കേണ്ടത് അമ്മയുടെ പ്രാഥമിക കടമയാണ്. ഗര്‍ഭകാലത്ത് തന്നെ മിലയൂട്ടലിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത് നല്ലതാണ്. മുലയൂട്ടലിന്റെ ആദ്യഘട്ടങ്ങളില്‍ മുലപ്പാല്‍ കുറവായിരിക്കും. അമ്മ നല്ല ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതു വഴി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
രണ്ടു മണിക്കൂര്‍ ഇടവേളയില്‍ കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. കുഞ്ഞിനെ പിടിക്കുന്ന രീതി (position) കൃത്യമായിരിക്കണം. മുലയൂട്ടുന്ന സമയം കുഞ്ഞിന്റെ കണ്ണുകളില്‍ നോക്കി ചിരിക്കുകയും കുഞ്ഞിനോട് സംസാരിക്കുകയും പാട്ടുപാടി കൊടുക്കുകയും ഒക്കെ ചെയ്യുന്നത് വഴി അമ്മയ്ക്കും കുഞ്ഞിനുമിടയില്‍ ഒരു അതുല്യമായ ബന്ധം ഉടലെടുക്കുന്നു.
രശ്മി മോഹൻ എ
ശിശു വികസന തെറാപ്പിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.