16 January 2026, Friday

Related news

January 1, 2026
December 21, 2025
December 19, 2025
December 17, 2025
December 17, 2025
December 11, 2025
December 10, 2025
November 24, 2025
November 23, 2025
November 9, 2025

ശ്വാസംമുട്ടുന്ന രാജ്യതലസ്ഥാനം

Janayugom Webdesk
November 5, 2024 5:00 am

എല്ലാ വർഷവുമെന്നതുപോലെ ഇത്തവണയും രാജ്യതലസ്ഥാനമായ ഡൽഹി വായു ഗുണനിലവാരം പൂർണമായും താഴ്ന്ന് ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. ദീപാവലിക്ക് പിന്നാലെ വായു മലിനീകരണ തോത് അപകടകരമായ നിലയിലെത്തിയെന്നാണ് ഞായറാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. വായു ഗുണനിലവാര സൂചിക 400 കടന്ന ഡൽഹിയിൽ ഇനിയുള്ള ദിവസങ്ങളിൽ നിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. സൂചിക 300 കടന്നാൽ തന്നെ അപകടകരമാണ്. പൂജ്യം മുതൽ 50 വരെയാണ് ശുദ്ധവായുവെന്ന് കണക്കാക്കുന്നത്, 51 മുതൽ 100 വരെ ത‍ൃപ്തികരവും 101–200 വരെ മിത നിലവാരവും. 201നും 300നുമിടയിലായാൽ വൃത്തിഹീനമായാണ് പരിഗണിക്കുന്നത്. 301–400 അതീവ വൃത്തിഹീനവും 401 ‑500 അപകടകരമായ മലിനീകരണത്തെയുമാണ് സൂചിപ്പിക്കുന്നത്. ദീപാവലിക്ക് പിറകേ സൂചിക 400 കടന്നു എന്നത് വ്യക്തമാക്കുന്നത് ഡൽഹിയിലെ വായു അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നാണ്.

ഈ സാഹചര്യത്തിൽ മലിനീകരണത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് ജനങ്ങൾ ഹിമാചലിലേക്ക് പോകുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എല്ലാവർഷവും നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധിക്ക് പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന വാതകങ്ങളാണ് പ്രധാന കാരണങ്ങളിൽ ഒന്ന്. ഡൽഹിയിലാകട്ടെ ഓരോ ദിവസവുമെന്നതുപോലെ വാഹന എണ്ണം പെരുകുകയുമാണ്. പതിവുപോലെ വ്യാവസായിക മലിനീകരണവും നിർമ്മാണപ്രവർത്തന ഫലമായുണ്ടാകുന്ന പൊടിപടലങ്ങളും മറ്റ് കാരണങ്ങളാണ്. ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലും അയൽ സംസ്ഥാനങ്ങളിലും അടുത്ത വിളവെടുപ്പിന് മുന്നോടിയായി കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതും പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നതും കാരണങ്ങളാകുന്നുണ്ട്. അതോടൊപ്പമാണ് ദീപാവലി പോലുള്ള ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗഫലമായുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം. ഈ സാഹചര്യം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നുവെന്ന് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വായുവിന്റെ ഗുണനിലവാരം മോശമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ 69 ശതമാനം കുടുംബങ്ങളിലും ഒന്നോ അതിലധികമോ അംഗങ്ങൾ തൊണ്ടവേദന, ചുമ ഉൾപ്പെടെയുള്ള അസുഖങ്ങൾ അനുഭവിക്കുന്നുവെന്നാണ് ഏറ്റവും പുതിയ സർവേ വെളിപ്പെടുത്തുന്നത്. പ്രാദേശികമായി നടത്തിയ സർവേയിൽ 21,000ത്തിലധികം പേ­രാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. 62 ശതമാനം കുടുംബങ്ങളിൽ ഒന്നിലധികം പേർക്ക് കണ്ണ് പുകച്ചിൽ, 46 ശതമാനം പേർക്ക് മൂക്ക്, തൊണ്ട എന്നിവയിൽ വിവിധ പ്രശ്നങ്ങൾ എന്നിങ്ങനെ ആരോഗ്യ പ്രശ്നങ്ങളാണ് സർവേയിൽ വെളിപ്പെട്ടത്. 31 ശതമാനം പേർ ശ്വാസതടസവും ആസ്ത്‌മയുമുണ്ടാകുന്നവരാണ്. ഇതിന് പുറമേ ഉറക്കക്കുറവ്, മാനസിക സമർദം തുടങ്ങിയ പ്രശ്നങ്ങളും കടുത്ത ശ്വാസകോശ പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. ഡൽഹിയിലെ വായു മലിനീകരണ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഓരോ ശൈത്യകാലം ആരംഭിക്കുമ്പോഴും വായു മലിനീകരണം, അതുമൂലമുണ്ടാകുന്ന ആരോഗ്യ, സാമൂഹ്യ പ്രശ്നങ്ങൾ എന്നിവ വിവാദമാകുകയും ചെയ്യാറുണ്ട്. അതാത് കാലത്തെ ഭരണാധികാരികളും പ്രതിപക്ഷവും പരസ്പരം പഴിചാരുന്നതും പതിവാണ്. ഇപ്പോൾ ഡൽഹി ഭരിക്കുന്നത് എഎപിയാണ് എന്നതിനാൽ അവർക്കെതിരെയുള്ള രാഷ്ട്രീയായുധമായി ബിജെപി ഇതിനെ ഉപയോഗിക്കുന്നു. നഗരഭരണം കയ്യാളുന്നതിന്റെ പേരിലും ഇരുകക്ഷികളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നു.

എന്നാൽ ഇത് രാഷ്ട്രീയ വിഷയമായല്ല സാമൂഹ്യ പ്രശ്നമായാണ് പരിഗണിക്കേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര — സംസ്ഥാന സർക്കാരുകൾക്കും നഗരഭരണാധികാരികൾക്കും പൊതുസമൂഹത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഓരോ മലിനീകരണ വേളയിലും നിയന്ത്രണങ്ങളും നടപടികളും പ്രഖ്യാപിക്കുകയും പിന്നീട് മറന്നുപോകുകയും ചെയ്യുന്ന സ്ഥിതി അവസാനിപ്പിക്കണം. ദീപാവലി വെടിക്കെട്ട് തന്നെ അതിനുദാഹരണമാണ്. ജനുവരി വരെ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുവെങ്കിലും ദീപാവലിയുടെ ഭാഗമായി ഒട്ടും കുറവില്ലാതെ ഇത്തവണയും പടക്കം പൊട്ടിക്കല്‍ നടന്നുവെന്നാണ് റിപ്പോർട്ടുകളെല്ലാം വ്യക്തമാക്കുന്നത്. അതിനർത്ഥം സർക്കാരിന്റെ നിയന്ത്രണങ്ങൾ തങ്ങളുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തിനുവേണ്ടിയാണെന്ന തോന്നലേതുമില്ലാതെ ജനങ്ങൾ അവഗണിച്ചുവെന്നാണ്. കാർഷികാവശിഷ്ടങ്ങൾ കത്തിച്ചതിനെതിരെ ചുമത്തിയ കേസുകളുടെ എണ്ണം 4,000 കടന്നുവെന്ന റിപ്പോർട്ടും വന്നിട്ടുണ്ട്. കൃഷിയിടങ്ങള്‍ പാകപ്പെടുത്തി അടുത്ത വിളവിറക്കുക എന്നത് കൃഷിക്കാരുടെ മാത്രം നേട്ടത്തിനല്ല, മറിച്ച് രാജ്യത്തെ ഊട്ടുന്നവരെന്ന നിലയിൽ രാജ്യത്തിന്റെയാകെ ആവശ്യമാണ്. അതുകൊണ്ട് കേസെടുക്കുകയല്ല, പ്രായോഗികമായ ബദൽമാർഗമെന്ത് എന്ന് എല്ലാവരും ചേർന്ന് കണ്ടെത്തുകയാണ് വേണ്ടത്. ഇതിനുപുറമേ വായു മലിനീകരണപ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്ര — സംസ്ഥാന സർക്കാരുകളും നഗരഭരണസംവിധാനവും അടിയന്തരമായി ആവിഷ്കരിക്കണം. അതിനോട് സഹകരിക്കുവാനുള്ള ഉത്തരവാദിത്തം ഡൽഹി നിവാസികൾ ഏറ്റെടുക്കുകയും വേണം.

Kerala State - Students Savings Scheme

TOP NEWS

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.