20 December 2025, Saturday

Related news

December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
November 30, 2025
November 24, 2025
November 7, 2025
October 25, 2025
October 25, 2025

യുഎസിലെ കൈക്കൂലിക്കേസ്; അഡാനിക്ക് സമൻസ് നൽകുന്നതിൽ വീഴ്ച

Janayugom Webdesk
December 14, 2025 11:02 pm

സൗരോർജ വൈദ്യുതി കരാറുകൾ ലഭിക്കുന്നതിന് അമേരിക്കൻ കമ്പനികൾക്ക് അഡാനി ഗ്രൂപ്പ് കൈക്കൂലി നൽകിയെന്ന കേസിൽ, പ്രധാന പ്രതികളായ ഗൗതം അഡാനിക്കും അനന്തരവൻ സാഗർ അഡാനിക്കും ഒരു വർഷമായിട്ടും സമൻസ് കൈമാറാൻ സാധിച്ചിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ (എസ്ഇസി) കോടതിയെ അറിയിച്ചു.
ന്യൂയോർക്ക് ഈസ്റ്റേൺ ജില്ലാ കോടതി ജഡ്ജി ജെയിംസ് ആർ ചോ മുമ്പാകെ ഈ മാസം 12 ന് എസ്ഇസി സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഇന്ത്യയിലെ നിയമ മന്ത്രാലയത്തിന്റെ സഹായം ലഭിക്കാത്തതിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയ കേസാണിത്. 2024 നവംബർ 20 നാണ് ഗൗതം അഡാനിക്കും സാഗർ അഡാനിക്കും എതിരെ കൈക്കൂലി, സെക്യൂരിറ്റി തട്ടിപ്പ്, അനുബന്ധ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി യുഎസ് പ്രോസിക്യൂട്ടർമാർ കേസെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായുള്ള സൗരോർജ വൈദ്യുതി കരാറുകൾ നേടുന്നതിന് യുഎസ് കമ്പനികൾക്ക് ഏകദേശം 2029 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് പ്രധാന ആരോപണം. പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ഈ ഇടപാടുകൾക്ക് മധ്യസ്ഥത വഹിച്ചു എന്നും ആരോപിക്കപ്പെടുന്നു.

പ്രതികൾ ഇന്ത്യയിൽ താമസിക്കുന്നതിനാൽ, സിവിൽ/വാണിജ്യ കാര്യങ്ങളിൽ നിയമപരമായ രേഖകൾ വിദേശത്ത് കൈമാറ്റം ചെയ്യുന്നതിനുള്ള ഹേഗ് സർവീസ് കൺവെൻഷൻ പ്രകാരമുള്ള നടപടിക്രമങ്ങളാണ് എസ്ഇസി ആരംഭിച്ചത്. ഈ നടപടിക്രമം പൂർത്തിയാക്കാൻ ഇന്ത്യന്‍ നിയമ ന്യായ മന്ത്രാലയത്തിന്റെ സഹായം ആവശ്യമാണ്. 2024 നവംബർ മുതൽ അഡാനി ഗ്രൂപ്പിനെതിരെ യുഎസ് അധികൃതർ സമൻസ് അയക്കുന്നുണ്ട്. ഏപ്രിൽ 23, ജൂൺ 27, ഓഗസ്റ്റ് 11, ഒക്ടോബർ 13 തീയതികളിലായി മുൻപ് അഞ്ച് തവണ സമൻസ് അയച്ചിരുന്നു. നിലവിൽ ആറാം തവണയാണ് സമൻസ് അയയ്ക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ നിയമമന്ത്രാലയം സമൻസ് കൈമാറുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്തയാളായി അറിയപ്പെടുന്ന ശതകോടീശ്വരനായ ഗൗതം അഡാനിക്ക് സമൻസ് കൈമാറാൻ സർക്കാർ സംവിധാനം ഒരു വർഷമായി മൗനം പാലിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിൽ നിയമ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.