
കള്ളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കാൻ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ നടപടികൾ ഊർജിതമാക്കി വിജിലൻസ്. കേസിലെ ഒന്നാം പ്രതിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടറുമായ ശേഖർകുമാറിനെ ഇഡിയുടെ സുപ്രധാന സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള വഴികളാണ് വിജിലൻസ് തേടുന്നത്. ഇഡിയുടെ താക്കോൽ സ്ഥാനത്ത് ശേഖർകുമാർ ഇരിക്കുമ്പോൾ അന്വേഷണം കൃത്യമായി നടക്കില്ലെന്നാണ് വിജിലൻസ് പറയുന്നത്. ആരോപണ വിധേയമായ കേസ് അടക്കം ശേഖർ കുമാർ ഇപ്പോഴും കൈകാര്യം ചെയ്യുന്നതിനെ നിയമപരമമായി ചോദ്യം ചെയ്യാൻ വിജിലൻസ് നിയമോപദേശം തേടി കഴിഞ്ഞു. കൊല്ലത്തെ കശുവണ്ടി ഫാക്ടറി ഉടമയുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഉദ്യോഗസ്ഥർ കൈകൂലി ആവശ്യപ്പെട്ടത്. ഈ കേസ് ഇപ്പോഴും ഇഡിയുടെ പക്കൽതന്നെയാണ് ഉള്ളത്. ഇത് വിജിലൻസ് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
അഴിമതി നിരോധന നിയമപ്രകാരം (പി സി ആക്ട്) രജിസ്റ്റർ ചെയ്ത കേസിന്റെ തെളിവുകൾ നശിപ്പിക്കാൻ പ്രതിയായ ഉദ്യോഗസ്ഥന് അവസരം നൽകിയെന്ന ആരോപണവും വിജിലൻസ് ഉയർത്തുന്നു. വിജിലൻസ് അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ഇഡി തീരുമാനമെടുത്തിരുന്നു. ധനമന്ത്രാലയത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് ഇഡി ഇത്തരമൊരു തീരുമാനമെടുത്തത്. അതിനിടെ, മറ്റൊരു ഉദ്യോഗസ്ഥനെതിരെയും ഉയർന്ന കൈകൂലി ആരോപണം സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു വരികയാണ്. എറണാകുളത്തെ വ്യാപാരിയിൽ നിന്ന് കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.