
ബജറ്റ് പ്രതിസന്ധിയെത്തുടർന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) ഭാഗികമായി അടച്ചുപൂട്ടി. മിനിയാപൊളിസിലെ റെയ്ഡുകൾക്കിടെ രണ്ട് യുഎസ് പൗരന്മാരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നതിനെത്തുടർന്ന്, ഏജൻസിയുടെ പ്രവർത്തനങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ ഈ നിബന്ധനകൾ അംഗീകരിക്കാൻ ട്രംപ് ഭരണകൂടവും റിപ്പബ്ലിക്കൻമാരും തയ്യാറാവാത്തതാണ് ബജറ്റ് പ്രതിസന്ധിക്ക് കാരണമായത്.
ഡിഎച്ച്എസിന്റെ കീഴിലുള്ള എയർപോർട്ട് സെക്യൂരിറ്റി, തീരസംരക്ഷണം, ദുരന്ത നിവാരണ ഏജൻസി, സീക്രട്ട് സർവീസ് എന്നിവയെ അടച്ചുപൂട്ടല്‍ ബാധിക്കും. ഡിഎച്ച്എസ് അടച്ചുപൂട്ടിയെങ്കിലും, നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് ഐസിഇ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 2,60,000 ഫെഡറൽ ജീവനക്കാരെ അടച്ചുപൂട്ടല്‍ നേരിട്ട് ബാധിക്കും. ഇതിൽ ഭൂരിഭാഗം പേരും ‘അത്യാവശ്യ സേവന’ വിഭാഗത്തിൽ ഉള്ളവരായതിനാൽ ശമ്പളമില്ലാതെ ജോലി തുടരാൻ നിർബന്ധിതരാകും. യുഎസ് സെനറ്റ് നിലവിൽ അവധിയിലായതിനാൽ 23 വരെയെങ്കിലും അടച്ചുപൂട്ടല്‍ തുടരാനാണ് സാധ്യത.
ഐസിഇ ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഡെമോക്രാറ്റുകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് റിപ്പബ്ലിക്കന്മാര്‍ എതിര്‍ത്തത്. റെയ്ഡുകൾക്കിടയിൽ ഏജന്റുമാർ മുഖംമൂടി ധരിക്കുന്നത് തടയുക, സ്വകാര്യ വസ്തുക്കളിൽ പരിശോധന നടത്താൻ വാറണ്ടിന് പകരം കോടതി ഉത്തരവ് നിർബന്ധമാക്കുക, ചില പ്രത്യേക മേഖലകളിൽ ഐസിഇയുടെ പട്രോളിംഗ് പരിമിതപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് ഡെമോക്രാറ്റുകള്‍ മുന്നോട്ട്‍വയ്ക്കുന്നത്. ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഏജന്റുമാരുടെ സുരക്ഷ അപകടത്തിലാകുമെന്നും കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നത് അസാധ്യമാകുമെന്നുമാണ് പ്രസിഡന്റ് ട്രംപിന്റെയും റിപ്പബ്ലിക്കൻമാരുടെയും നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.