ഇന്ത്യന്‍ സമ്പദ് രംഗം നേരിടുന്ന വെല്ലുവിളികളെ അവഗണിച്ചുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് സിപിഐ. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, വര്‍ധിക്കുന്ന അസമത്വം, പ്രാദേശികമായ വേര്‍തിരിവുകള്‍ തുടങ്ങി ജനങ്ങള്‍ നേരിടുന്ന മുഖ്യവെല്ലുവിളികളില്‍ ബജറ്റ് ഇടപെടുന്നില്ലെന്നും പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ആഭ്യന്തര സമ്പദ്ഘടന മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. വിദേശ കടം വര്‍ധിക്കുന്നതിനൊപ്പം രൂപയുടെ മൂല്യശോഷണവും മുമ്പെങ്ങുമില്ലാത്ത സ്ഥിതിയില്‍ ആയി.
വിദ്യാഭ്യാസ, ആരോഗ്യ സാമൂഹ്യ മേഖലകള്‍ക്ക് ബജറ്റില്‍ കാര്യമായ വകയിരുത്തലില്ല. സാധാരണക്കാര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പോലും ബജറ്റ് അവഗണിച്ചു. പെന്‍ഷന്‍, സാമൂഹ്യ സുരക്ഷ, കാര്‍ഷികോല്പന്നങ്ങളുടെ താങ്ങുവില, സമത്വം, സാമൂഹ്യ നീതി വിഷയങ്ങളിലും ബജറ്റ് പുറംതിരിഞ്ഞ് നില്‍ക്കുന്നു.
ആണവ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സാമ്പത്തിക മേഖലകളിലേക്കും സ്വകാര്യ കടന്നുകയറ്റം അനുവദിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ രാജ്യത്തെ സമ്പദ്ഘടനയെ കടുത്ത തകര്‍ച്ചയിലേക്ക് നയിക്കും. ഇന്‍ഷുറന്‍സ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം എന്ന പ്രഖ്യാപനം നിലവില്‍ പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ എല്‍ഐസിയെയും ജിഐസിയെയും ദോഷകരമായി ബാധിക്കും.
ദാരിദ്ര്യ നിര്‍മ്മാര്‍ജനം പൂര്‍ണമായെന്ന് ബജറ്റില്‍ പറയുന്നുണ്ടെങ്കിലും രാജ്യത്തെ ദരിദ്രരുടെ സംഖ്യയില്‍ വര്‍ധനവെന്നതാണ് വാസ്തവം. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന നയങ്ങളും പാവപ്പെട്ടവന്റെ ഉപജീവനം നിഷേധിക്കുന്ന രീതികളും തുറന്നുകാട്ടാന്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തണമെന്നും പാര്‍ട്ടി ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.