
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും. വിവാദ വഖഫ് ഭേദഗതി ബില്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന അജണ്ട. എന്നാല്‍ വോട്ടര്‍ പട്ടിക ക്രമക്കേട്, മണിപ്പൂരിലെ പുതിയ അക്രമസംഭവങ്ങള്‍, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍, പാര്‍ലമെന്റ് മണ്ഡല പുനര്‍ നിര്‍ണയം, അമേരിക്കന്‍ ഉല്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുളള ഇന്ത്യയുടെ തീരുമാനം തുടങ്ങിയ വിഷയങ്ങളില്‍ മോഡി സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സമ്മേളനം ഭരണ‑പ്രതിപക്ഷ പോരിന് വീണ്ടും സാക്ഷിയാവും.
ഗ്രാന്റുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം, ബജറ്റ് പ്രക്രിയ പൂര്‍ത്തിയാക്കുക, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മണിപ്പൂര്‍ ബജറ്റിന് അംഗീകാരം, വഖഫ് ഭേദഗതി ബില്‍ പാസാക്കുക എന്നിവയായിരിക്കും പ്രധാനമായും നടക്കുക. ഇതില്‍ വഖഫ് ബില്‍ പസാക്കാനാവും മോഡി സര്‍ക്കാരിന്റെ ആദ്യശ്രമം. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് മോഡി സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്.
പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കിയതിന് പിന്നാലെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ബില്‍ വിട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ നിര്‍ദേശങ്ങള്‍ പാടെ നിരാകരിച്ച സമിതി, വിവാദ വ്യവസ്ഥകളില്‍ മാറ്റം വരുത്തതാതെയാണ് ബില്‍ പാസാക്കാന്‍ പോകുന്നത്. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പാര്‍ലമെന്റിന്റെ അംഗീകാരം തേടുന്നതിനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. വ്യാജ വോട്ടര്‍ കാര്‍ഡ് വിവാദവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഇതിനെതിരെ ശക്തമായ നിയമപോരാട്ടം ആരംഭിച്ചതും സമ്മേളനത്തില്‍ പ്രകമ്പനം സൃഷ്ടിക്കും.
മണിപ്പൂരില്‍ തുടരുന്ന വംശീയ കലാപത്തില്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. രണ്ട് വര്‍ഷം പിന്നിട്ടിട്ടും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കാത്തതും ഉന്നയിക്കും. രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പൂരിലെ ബജറ്റ് പാസാക്കുന്നതും പാര്‍ലമെന്റിന്റെ നടപടികളില്‍ ഉള്‍പ്പെടുന്നു. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് കുറ്റവാളികളെപ്പോലെ നാടുകടത്തിയ സംഭവത്തില്‍ മൗനം പാലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ചാവും പ്രതിപക്ഷം രംഗത്തുവരിക.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെയായയിരുന്നു. രണ്ടാംഘട്ട സമ്മേളനം ഇന്നു മുതല്‍ ഏപ്രില്‍ നാല് വരെയാകും നടക്കുക.
ജനസംഖ്യാടിസ്ഥാനത്തില്‍ പാര്‍ലമെന്റ് മണ്ഡല പുനര്‍ നിര്‍ണയവും വലിയ ആശങ്കയോടെയാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ കാണുന്നത്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ ജനസംഖ്യാ നിയന്ത്രിത സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ എണ്ണം കുറുമോയെന്ന ആശങ്കയും ബിജെപിക്ക് സ്വാധീനമുളള യുപി, ബിഹാര്‍ ഉള്‍പ്പെടെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇരട്ടിയോളം വര്‍ദ്ധിക്കുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയേക്കും.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രനീക്കത്തിനെതിരെ യോജിച്ചുളള സമരത്തിനും ഇന്ത്യാ സഖ്യം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുളള പ്രതിഷേധം ഇന്ത്യാ സഖ്യം ഒരുമിച്ച് വിഷയം ഉയര്‍ത്താനും നീക്കമുണ്ട്. അമേരിക്കയ്ക്ക് വിധേയമായി ഇറക്കുമതി തീരുവ കുറയ്ക്കാനുളള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ വിധേയനായ നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശം പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷം വിമര്‍ശം ഉയര്‍ത്തിക്കഴിഞ്ഞു. രണ്ടാം സെഷനില്‍ രാജ്യസഭയില്‍ ആഭ്യന്തരം, വിദ്യാഭ്യാസം, റെയില്‍വേ, ആരോഗ്യം, കുടുംബക്ഷേമം എന്നീ നാല് മന്ത്രാലയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.