17 November 2024, Sunday
KSFE Galaxy Chits Banner 2

വികസനം ത്വരിതപ്പെടുത്തുന്ന ബജറ്റ്: കാനം

Janayugom Webdesk
തിരുവനന്തപുരം
February 3, 2023 9:29 pm

കേരളത്തിന്റെ ഭാവി വികസനത്തെ പാകപ്പെടുത്തുന്നതിൽ മികച്ച പരിഗണന നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സാമൂഹ്യക്ഷേമത്തിനും വിജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിനുമായി കേരളം മുന്നോട്ടുവയ്ക്കുന്ന ബദലിന് ശക്തി പകരുന്ന ബജറ്റായി സംസ്ഥാന ബജറ്റിനെ വിലയിരുത്താം. കേന്ദ്ര സർക്കാർ അവഗണനയിലും കേരളത്തിന് പിടിച്ചു നിൽക്കാൻ ഉതകുന്ന നയങ്ങളും പദ്ധതികളുമാണ് പ്രഖ്യാപിച്ചത്. 

കാർഷിക മേഖലയ്ക്ക് ഊന്നൽ, ഭക്ഷ്യ ഭദ്രത ഉറപ്പാക്കൽ, അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കൽ, ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തൽ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളിലൂടെ കേരളത്തിന്റെ സർവതോന്മുഖമായ വികസനത്തിന് കരുത്ത് പകരാൻ ഉപകരിക്കുന്ന ബജറ്റ് കൂടിയാണിത്. കേന്ദ്ര സർക്കാർ ജിഎസ്‌ടി കോമ്പൻസേഷൻ ഉൾപ്പെടെ നൽകാതെ, സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുമ്പോൾ തങ്ങളുടെ വരുമാനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ചില മേഖലകളിൽ നികുതി ഏർപ്പെടുത്തിയത്. എങ്കിലും സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കാതെയുള്ള നികുതി ഏർപ്പെടുത്തൽ സാമൂഹ്യ സുരക്ഷാ രംഗത്ത് കേരളം മുന്നോട്ടു വയ്ക്കുന്ന ബദലിന് ശക്തി പകരുമെന്ന് കാനം പറഞ്ഞു. 

കേരളം മുന്നോട്ടു വയ്ക്കുന്ന സാമൂഹ്യ വികസനത്തിനൊപ്പം സാമ്പത്തിക രംഗത്തും ഉയർന്ന വളർച്ചാ നിരക്ക് പ്രകടമാകുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട് സൂചിപ്പിക്കുന്നു. കേരളം നിലവിൽ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് സാമ്പത്തിക പരിമിതികൾക്ക് ഉള്ളിൽ നിന്ന് സംസ്ഥാനത്തിന് മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കാനും, കേന്ദ്ര സർക്കാരുകൾ പദ്ധതി വിഹിതത്തിൽ കുറവു വരുത്തുന്നതിൽ നിന്നും അതിജീവിക്കാനും ഉതകുന്ന തരത്തിലാണ് ബജറ്റ് തയ്യാറാക്കിയത്. ഈ ബജറ്റ് കേരള സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ജനങ്ങളുടെ ജീവനോപാധി, തൊഴിൽ, സാമൂഹ്യക്ഷേമം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് ക്ഷേമ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കാനും സാധിക്കുമെന്നും പ്രതിപക്ഷ വിമർശനം യാഥാർത്ഥ്യം കാണാതെയുള്ളതാണെന്നും കാനം പ്രസ്താവനയിൽ പറഞ്ഞു. 

Eng­lish Sum­ma­ry: Bud­get to Accel­er­ate Devel­op­ment: Kanam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.