ബഫർസോണിൽ ഉൾപ്പെടുന്ന 70,582 നിർമ്മിതികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി വിദഗ്‌ധസമിതി തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോർട്ടാണ് വനം മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് കൈമാറിയത്. സുപ്രീംകോടതി നിർദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർസോണിലെ നിർമ്മിതികളുടെ കണക്കാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് സർക്കാർ പരിശോധിച്ചശേഷം സുപ്രീംകോടതി നിർദേശ പ്രകാരമുള്ള തുടർനടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി അറിയിച്ചു. രണ്ടു വാല്യങ്ങളിലായി തയ്യാറാക്കിയ റിപ്പോർട്ടിൽ സർവേ നമ്പരോടുകൂടിയ നിർമ്മിതികളുടെയും അനുബന്ധ ഉപഘടകങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തിന്റെയും അതിർത്തി, ആകൃതി, വിസ്‌തീർണ്ണം എന്നിവയും നിർണയിച്ചു.
സംരക്ഷിത പ്രദേശങ്ങളുടെ ബഫർസോണിൽ വരുന്ന നിർമ്മിതികളുടെ വിശദാംശങ്ങൾ പട്ടികപ്പെടുത്താൻ സുപ്രീംകോടതിയാണ് സർക്കാരിനോട് നിർദേശിച്ചത്. തുടർന്ന് ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നിർമ്മിതികളുടെ കണക്കെടുക്കാൻ കെഎസ്‌ആർഇസിയെ ചുമതലപ്പെടുത്തി. ഉപഗ്രഹചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ ചില നിർമ്മിതികൾ വിട്ടുപോകാൻ സാധ്യതയുണ്ടെന്ന ജനങ്ങളുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് സ്ഥലപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിനായാണ് അഞ്ചംഗ വിദഗ്‌ധ സമിതിയും സമിതിയെ സഹായിക്കാൻ നാലംഗ സാങ്കേതിക സമിതിയും രൂപീകരിച്ചത്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വനം, തദ്ദേശം, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരും വോളണ്ടിയർമാരും നിർമ്മിതികളുടെ വിവരങ്ങൾ വിദഗ്ധസമിതിയുടെ മേൽനോട്ടത്തിൽ ശേഖരിച്ചത്. പൊതുജനങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാൻ അവസരവും നൽകി.
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെ കൂടാതെ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു, തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വനം അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വനം വകുപ്പ് മുൻ പിസിസിഎഫ് കെ ജെ വർഗീസ് എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ. പ്രമോദ് ജി കൃഷ്ണൻ, ഡോ.റിച്ചാർഡ് സ്‌കറിയ, ഡോ. എ വി സന്തോഷ് കുമാർ, ഡോ.ജോയ് ഇളമൺ എന്നിവരുള്‍പ്പെട്ടതാണ് സാങ്കേതിക സമിതി.
English Summary;Buffer Zone: Expert Committee submits report
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.