3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
March 28, 2025
March 26, 2025
March 19, 2025
February 20, 2025
February 18, 2025
January 30, 2025
January 23, 2025
January 22, 2025

ബഫര്‍സോണ്‍: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുക അപ്രായോഗികം

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2023 11:28 pm

ബഫര്‍സോണ്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പൂര്‍ണമായും നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും വിധി ജനങ്ങളില്‍ അരക്ഷിതത്വം സൃഷ്ടിച്ചെന്നും കേരളം സുപ്രീം കോടതിയില്‍. ബഫര്‍ സോണ്‍ ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കക്ഷി ചേരാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണായി സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിധി കേരളത്തില്‍ ഈ മേഖലകളിലെ താമസക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയും എതിര്‍പ്പുകള്‍ ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വിധിയില്‍ ഇളവുതേടി കേരളവും കേന്ദ്രത്തിനൊപ്പം സുപ്രീം കോടതിയിലേക്ക് നീങ്ങിയത്.

കഴിഞ്ഞ ജൂണ്‍ മൂന്നിലെ ഉത്തരവില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്നാണ് കേരളവും കേന്ദ്രവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ ആവശ്യപ്പെടുന്നത്. കേരളത്തില്‍ ബഫര്‍സോണ്‍ പരിധി ഏറെ ദോഷകരമായി ബാധിക്കുന്ന വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളിലെ ജനവാസ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവ് അനുവദിക്കണമെന്നും കേരളം സമര്‍പ്പിച്ച അപേക്ഷയിലുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ബഫര്‍ സോണില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിരോധിക്കുക എന്നത് അപ്രായോഗികവും പ്രയാസകരവുമാണ്. ഈ മേഖലയിലെ ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. കോടതി വിധിക്ക് മുമ്പേ ബഫര്‍സോണ്‍ മേഖലയില്‍ ചെറുകിട‑ഇടത്തരം നഗര നിര്‍മ്മിതികള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് നടന്നു കഴിഞ്ഞു. ഈ മേഖലയിലെ ജനങ്ങളുടെ പുനരധിവാസം അപ്രായോഗികമെന്നും കേരളത്തിന്റെ അപേക്ഷയില്‍ വ്യക്തമാക്കുന്നു.

ബഫര്‍സോണ്‍ സംബന്ധിച്ച കരട്, അന്തിമ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച മേഖലകള്‍ക്ക് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള മേഖലകള്‍ക്കും വിധിയില്‍ നിന്നും ഇളവ് അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇതിനെ പിന്തുണച്ചുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ 23 സംരക്ഷിത മേഖലകള്‍ക്ക് ചുറ്റുമുള്ള സ്ഥലത്ത് ഇളവ് തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 17 വന്യജീവി സങ്കേതങ്ങളും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുമാണുള്ളത്. ഇവയുടെ ബഫര്‍സോണ്‍ ശുപാര്‍ശകള്‍ കേരളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയിരുന്നു.
സംസ്ഥാനത്തെ മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തിന് സമീപമുള്ള ബഫര്‍സോണ്‍ നിശ്ചയിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പെരിയാര്‍ വന്യജീവി സങ്കേതം, പെരിയാര്‍ ദേശീയ ഉദ്യാനം എന്നിവ ഒഴികെയുള്ളവയില്‍ കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 

ഭൂപ്രശ്നം: ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വനം, റവന്യു, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്നലെ ചേരാനിരുന്ന യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

Eng­lish Sum­ma­ry: Buffer zone: Imple­men­ta­tion of Supreme Court order impractical

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.