ബഫർസോൺ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ഉത്തരവിൽ ഇളവു നൽകിയേക്കുമെന്ന സൂചനകളിൽ പ്രതീക്ഷയർപ്പിച്ച് കേരളം. സാമാന്യ ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒഴിവാക്കി ഖനനം പോലുള്ള പ്രവൃത്തികൾക്ക് നിരോധനം ഏർപ്പെടുത്തുകയാണ് ഉത്തരവിൽ ലക്ഷ്യമിട്ടതെന്ന് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു. ബഫർ സോണിൽ സമ്പൂർണ നിർമ്മാണ നിരോധനം അപ്രായോഗികമാണ്. ഉത്തരവ് രാജ്യത്തെ വികസന പ്രവർത്തനത്തിന് ഉത്തരവു തടസമാകരുതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ബഫർസോൺ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ കേരളവും കക്ഷി ചേർന്നിരുന്നു. ഉത്തരവ് ബാധകമാകുന്ന സംസ്ഥാനത്തെ 23 സംരക്ഷിത മേഖലകൾക്കു ചുറ്റുമുള്ള സ്ഥലത്ത് ഇളവു തേടിയാണ് കേരളം കോടതിയെ സമീപിച്ചത്.
സംസ്ഥാനത്ത് 17 വന്യജീവി സങ്കേതങ്ങളും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുമാണുള്ളത്.
ഉത്തരവ് ദോഷകരമായി ബാധിക്കുന്ന വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിലെ ജനവാസ കേന്ദ്രങ്ങൾ, സർക്കാർ‑അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങൾക്കും ഇളവ് അനുവദിക്കണമെന്നും കേരളം സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ബഫർ സോൺ സംബന്ധിച്ച ഉത്തരവ് സാമാന്യ ജനജീവിതത്തിന് തടസമാകുമെന്ന നിലപാട് കേന്ദ്ര സർക്കാരും കേസിലെ അമികസ്‍ക്യൂറി കെ പരമേശ്വറിന്റെ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻ ഉത്തരവുകളിൽ ഇളവു നൽകുന്ന കാര്യം കോടതി സജീവമായി പരിഗണിക്കുന്നത്.
സംരക്ഷിത വനമേഖല, വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കു ചുറ്റുമുള്ള ഒരു കിമീ ചുറ്റളവ് ബഫർസോണാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് 2022 ജൂൺ മൂന്നിനാണ് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യ കാന്ത്, ജെ ബി പർഡിവാല എന്നിവരുൾപ്പെട്ട പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണ് ഉത്തരവു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്.
English Summary;Buffer Zone: Kerala’s petition will be considered today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.