31 December 2025, Wednesday

ബഫര്‍ സോണ്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്ക്

സുപ്രീം കോടതി നടത്തിയ നിരീക്ഷണം പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
January 16, 2023 9:11 pm

ബഫര്‍സോണ്‍ സംബന്ധിച്ച് കേരളത്തിന് പ്രതീക്ഷയായി സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു. രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, വിക്രം നാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. മുന്‍ വിധിയിലെ ചില നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് കോടതി സൂചന നല്‍കിയിട്ടുണ്ട്. വിശദമായി വാദം കേട്ട കോടതി മൂന്നംഗ ബഞ്ച് വിഷയം പരിഗണിക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രായോഗിക പരിഹാരങ്ങള്‍ക്ക് എല്ലാവരും ശ്രമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജി തത്കാലം പരിഗണിക്കില്ല.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബഞ്ചായിരുന്നു. മൂന്നംഗ ബഞ്ചിലെ ഉത്തരവില്‍ ഭേദഗതി വരുത്താന്‍ മറ്റൊരു മൂന്നംഗ ബഞ്ചിനേ കഴിയു എന്ന് കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദംകേട്ട ജസ്റ്റിസ് ബി ആര്‍ ഗവായി തന്നെയാകും പുതുതായി രൂപീകരിക്കുന്ന മൂന്നംഗ ബഞ്ചിനും നേതൃത്വം നല്‍കുക.

മുന്‍ ഉത്തരവിലെ സ്ഥിര നിര്‍മ്മാണത്തിലെ വിലക്ക് ജനജീവിതം ദുസ്സഹമാക്കുമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സ്ഥിരം നിര്‍മ്മാണത്തിനല്ല വിലക്കെന്നും മറിച്ച് ബഫര്‍ സോണില്‍ നിയന്ത്രണം പാറ പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ഖനന പ്രവര്‍ത്തനത്തെ ഉദ്ദേശിച്ചുള്ളതാണെന്നും കോടതി മറുപടി നല്‍കി.വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ബഫര്‍സോണ്‍ നിശ്ചയിച്ച കോടതി വിധിയില്‍ ഇളവാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്. പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കിയ 16 സംരക്ഷിത മേഖലകളെ വിധിയുടെ പരിധിയില്‍നിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

അതേസമയം സുപ്രീം കോടതി നടത്തിയ നിരീക്ഷണം പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. മൂന്നംഗ ഡിവിഷൻ ബെഞ്ചിന് ഹർജികൾ കൈമാറിയ കോടതി മുൻ വിധിയിലെ അപാകതകൾ പരിഹരിക്കുമെന്ന സൂചനയും നൽകിയത് സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വിശ്വാസത്തിലെടുത്തതു കൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇടുക്കിയില്‍ മൂന്നു മേഖലകളില്‍ സര്‍വേ പൂര്‍ത്തിയായി

തൊടുപുഴ: ഇടുക്കി ജില്ലയിൽ ബഫർ സോൺ മേഖല ഉൾപ്പെടുന്ന പെരിയാർ, ഇടുക്കി, മൂന്നാർ മേഖലകളിൽ ഫീൽഡ് സർവേ 100 ശതമാനത്തോളം പൂർത്തിയാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ബഫർ സോൺ മൂന്നാംഘട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ 338 അപേക്ഷകൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ധരെ നിയോഗിച്ച് മൂന്നു ദിവസത്തിനകം നടപടി പൂർത്തിയാക്കും. കൂടാതെ അപ്‌ലോഡ് ചെയ്ത എല്ലാ അപേക്ഷകളും ഒരിക്കൽക്കൂടി പരിശോധന നടത്തി എല്ലാ അപാകതകളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. എ രാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ജില്ലാ കളക്ടർ ഷീബ ജോർജ്, സബ് കളക്ടർമാരായ അരുൺ എസ് നായർ, രാഹുൽ കൃഷ്ണശർമ്മ, വിവിധ രാഷ്ട്രീയ- സാമൂഹ്യ നേതാക്കൾ പങ്കെടുത്തു.

Eng­lish Sum­ma­ry: Buffer zone peti­tions to three-judge bench
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.