23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ബഫര്‍സോണ്‍ വിഷയം; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 11, 2023 2:19 pm

ബഫര്‍സോണ്‍ വിധിയില്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. കരട് വിജ്ഞാപനം പുറത്തിറക്കിയ മേഖലകളുടെ കാര്യമാകും പരിഗണിക്കുക. ബഫര്‍സോണ്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര‑കേരള സര്‍ക്കാരുകള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച മേഖലകള്‍ക്ക് ഇതിനോടകം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. കരട് വിജ്ഞാപനം സംബന്ധിച്ച കാര്യമാണ് കോടതി പരിഗണിക്കുക. ഹര്‍ജികള്‍ നിലവിലെ രണ്ടംഗ ബെഞ്ച് തന്നെ പരിഗണിക്കണമോ അതോ മൂന്നംഗ ബെഞ്ചിലേക്ക് ശുപാര്‍ശ ചെയ്യണോ എന്ന കാര്യം തിങ്കളാഴ്ച തീരുമാനിക്കാമെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല പ്രദേശമായി പരിഗണിച്ച് സംരക്ഷിക്കണമെന്ന മുന്‍ ഉത്തരവ് നടപ്പിലാക്കുന്നതിലെ അപ്രായോഗികത സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ബഫര്‍സോണ്‍ ഉത്തരവ് സ്ഥലത്തിന്റെ യഥാര്‍ത്ഥ സാഹചര്യംകൂടി പരിഗണിച്ചുവേണം നടപ്പാക്കാനെന്നും ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു. 

ടി എന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ഭൂമി പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിലക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് മുംബൈ നഗര മേഖലയിലെ തുംഗരേശ്വര്‍ വന്യജീവി സങ്കേതത്തിനു ബാധകമല്ലെന്ന് ബെഞ്ച് നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. സഞ്ജയ്ഗാന്ധി ദേശീയ പാര്‍ക്കിനും താനെ ക്രീക്ക് ഫ്ളെമിങ്ങോ വന്യജീവി സങ്കേതത്തിനും ബഫര്‍ സോണ്‍ പരിധിയില്‍ ഇളവു നല്‍കിയ സെപ്റ്റംബര്‍ 23 ലെ ഉത്തരവ് ഉദ്ധരിച്ചാണ് തുംഗരേശ്വറിന് ഇളവ് അനുവദിച്ച് ഉത്തരവിറക്കിയത്.
കേന്ദ്ര സര്‍ക്കാര്‍, കര്‍ഷക സംഘടനകള്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണനയ്ക്ക് എടുക്കുക. 

പ്രതിസന്ധിയെന്ന് അമിക്കസ് ക്യൂറി

കോടതി ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അമിക്യസ്‌ക്യൂറി കെ പരമേശ്വരനും ഇന്നലെ കോടതിയെ അറിയിച്ചു. ഇളവുകള്‍ സംബന്ധിച്ച് അമിക്യസ് ക്യൂറിയുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഭരണഘടനാ ബെഞ്ചിനു മുന്നില്‍ മറ്റൊരു കേസില്‍ ഹാജരാകുന്ന സാഹചര്യത്തില്‍ ഇന്നലെ എസ്ജി ഹാജരായില്ല.
കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലും വിധി പൂര്‍ണതോതില്‍ നടപ്പാക്കുന്നതിലെ അപ്രായോഗികതകളാണ് ഉയര്‍ത്തിക്കാട്ടിയത്. കോടതി വിധി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും കാര്യകാരണങ്ങള്‍ നിരത്തി കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവു തേടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ.

Eng­lish Summary;bufferzone ; Supreme Court may con­sid­er exemption
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.