28 December 2025, Sunday

Related news

December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
October 31, 2025
October 27, 2025
October 27, 2025
October 25, 2025

സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങള്‍ പൊളിച്ചുനീക്കും

Janayugom Webdesk
തിരുവനന്തപുരം
May 17, 2025 10:47 pm

സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും ജൂണ്‍ ഒന്നിനു മുമ്പ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്കൂളുകളിൽ പോലും വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ‑പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ യോഗത്തില്‍ ഈ തീരുമാനമെടുത്തത്. പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ, പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിർദേശം ജില്ലാ കളക്ടർമാർ നൽകുകയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്യുമെന്ന് യോഗത്തിന് ശേഷം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിന്നുൾപ്പെടെ സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകൾ മുറിച്ചുമാറ്റും. പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രിമാർ നിർദേശിച്ചു. 

സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ അധ്യയന വർഷത്തേക്ക് ഈ അനുവാദം നൽകുക. ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ, ഫാൾസ് സീലിംഗ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകൾക്കാണ് ഈ തീരുമാനം സഹായകരമാവുക. ഒരു വർഷത്തിനകം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിട നിർമ്മാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേൽ, കഴിഞ്ഞ അധ്യയന വർഷം 140 സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകിയിരുന്നു. ഇതിൽ 44 എണ്ണം നിർമ്മാണം ക്രമവത്കരിക്കുകയും, 22 സ്കൂളുകൾ അപേക്ഷ നൽകി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലുമാണ്. ഈ സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കും. 

കഴിഞ്ഞ വർഷം നിബന്ധനകൾക്ക് വിധേയമായി ഫിറ്റ്നസ് ലഭിക്കുകയും, ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. ഈ സ്കൂളുകൾക്കെതിരെ ഉചിതമായ നടപടിയെടുക്കും. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള, അഡിഷണൽ സെക്രട്ടറി ഡോ. ചിത്ര എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, എൽഎസ്ജിഡി ചീഫ് എൻജിനീയർ സന്ദീപ് കെ ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.