1 February 2026, Sunday

Related news

January 27, 2026
January 22, 2026
January 21, 2026
December 18, 2025
December 14, 2025
December 1, 2025
November 23, 2025
November 21, 2025
November 17, 2025
November 4, 2025

രാജ്ഭവനുകളിലും രാഷ്ട്രപതി ഭവനിലും കെട്ടിക്കിടക്കുന്നു; 30 ബില്ലുകൾക്ക് മോചനമില്ല

ബംഗാളിൽ നിയമനിർമ്മാണം സ്തംഭിച്ചു 
Janayugom Webdesk
ന്യൂഡൽഹി
November 21, 2025 8:39 pm

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പാസാക്കിയ മുപ്പതോളം ബില്ലുകൾ ഗവർണർമാരുടെയും രാഷ്ട്രപതിയുടെയും അനുമതി ലഭിക്കാതെ അനിശ്ചിതത്വത്തിൽ.

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കോ രാഷ്ട്രപതിക്കോ സമയപരിധി നിശ്ചയിക്കാൻ കോടതിക്ക് അധികാരമില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് വിവിധ രാജ്ഭവനുകളിൽ കെട്ടിക്കിടക്കുന്ന ബില്ലുകളുടെ കണക്കുകൾ ചർച്ചയാകുന്നത്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന നിയമസഭകൾക്കുള്ള അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് നിയമവിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

പശ്ചിമ ബംഗാൾ, കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലായി സുപ്രധാനമായ നിയമനിർമ്മാണങ്ങൾ ലക്ഷ്യമിടുന്ന 30 ബില്ലുകളാണ് അന്തിമ തീരുമാനത്തിനായി കാത്തുകിടക്കുന്നത്. പശ്ചിമ ബംഗാളില്‍ 19 ബില്ലുകളും കര്‍ണാടകയില്‍ 10 ബില്ലുകളും തെലങ്കാനയില്‍ 3 ബില്ലുകളും കേരളത്തില്‍ ഒരു ബില്ലും ഗവര്‍ണര്‍മാര്‍ തടഞ്ഞുവച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുള്ളവയുമുണ്ട്,

സുപ്രധാനമായ 19 ബില്ലുകളാണ് ബംഗാൾ രാജ്ഭവനിൽ അനുമതിക്കായി കാത്തുകിടക്കുന്നതെന്ന് സ്പീക്കർ ബിമൻ ബാനർജി വ്യക്തമാക്കി. ബില്ലുകൾ അനിശ്ചിതമായി വൈകുമ്പോൾ അവയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ക്ഷേമത്തിനായാണ് സർക്കാർ ബില്ലുകൾ കൊണ്ടുവരുന്നത്. നിയമസഭയിൽ ചർച്ച ചെയ്ത്, പ്രതിപക്ഷ വിയോജിപ്പുകൾ അടക്കം രേഖപ്പെടുത്തി ജനാധിപത്യപരമായി പാസാക്കുന്ന ബില്ലുകളാണിവ. ഗവർണർക്ക് ഒന്നുകിൽ സമ്മതം നൽകാം, അല്ലെങ്കിൽ തിരിച്ചയക്കാം. എന്നാൽ ഒന്നും ചെയ്യാതെ വെച്ചുതാമസിപ്പിക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ പ്രതികരിച്ചു.

കർണാടകയിൽ സിവിൽ വർക്ക് കരാറുകളിൽ മുസ്ലിങ്ങൾക്ക് നാല് % സംവരണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള 10 ബില്ലുകൾ അനുമതികാത്ത് രാഷ്ട്രപതി ഭവന്റെ പരിഗണനയിലുണ്ട്. തെലങ്കാനയിൽ പിന്നാക്ക വിഭാഗ സംവരണ ബിൽ (ഒബിസി ക്വാട്ട) ഉൾപ്പെടെ മൂന്ന് ബില്ലുകളാണ് ഗവർണർ ജിഷ്ണു ദേവ് വർമ്മയുടെ പരിഗണനയിലുള്ളത്. കൂടാതെ, ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറൂദ്ദീനെ ഗവർണറുടെ ക്വാട്ടയിൽ എംഎൽസിയായി നാമനിർദേശം ചെയ്യാനുള്ള ബില്ലും രാജ്ഭവനിൽ തീരുമാനമാകാതെ കിടക്കുന്നു.
കേരളത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ ഗവർണറുടെ അനുമതി ലഭിക്കാതെ രാജ്ഭവനിൽ തുടരുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ച ചില ബില്ലുകളിലും ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. നിയമസഭ പാസാക്കിയ ബില്ലുകൾ മാസങ്ങളോളം തടഞ്ഞുവെക്കുന്നത് ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന വിമർശനം കേരള സർക്കാർ പലതവണ ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.