
അസമിൽ ബി ജെ പി സർക്കാരിൻ്റെ ‘ബുൾഡോസർ രാജ്’ വീണ്ടും ശക്തമാകുന്നു. കൈയേറ്റം ആരോപിച്ച് ഗോൾപാറ ജില്ലയിലെ 580ലേറെ കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ ഇന്നും തുടരും. സായുധ സേനയുടെ സാന്നിധ്യത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദഹിക്കട്ട റിസർവ് വനത്തിൽ പരിശോധന നടത്തി ഒഴിപ്പിക്കൽ നടത്തുന്നത്. നോട്ടീസുകൾ ലഭിച്ചവരെല്ലാം ബംഗാളി സംസാരിക്കുന്ന മുസ്‌ലിങ്ങളാണ്. ഈ വർഷം ജൂണിൽ തുടങ്ങിയ കുടിയൊഴിപ്പിക്കൽ നടപടികളുടെ ഇരകളാണ് ഇവർ. എന്നാൽ, പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും ഭൂമിയുടെ രേഖകൾ കൈവശമുണ്ടെന്നും ഒഴിപ്പിക്കപ്പെടുന്നവർ വ്യക്തമാക്കുന്നു. എന്നാൽ, ഇത് റിസർവ് വനമാണെന്നാണ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്. 580 കുടുംബങ്ങൾക്കും 15 ദിവസത്തിലേറെ മുമ്പ് സ്ഥലം ഒഴിയാൻ നോട്ടീസ് നൽകിയിരുന്നുവെന്നും പന്നാലെ പലരും സ്ഥലം ഒഴിഞ്ഞെന്നും ജില്ലാ കമ്മീഷണർ പ്രൊദീപ് തിമുങ് പറഞ്ഞു.
അസം തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന, 1,100 ബിഗാ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന ദഹിക്കട്ട വനത്തിൽ ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഒഴിപ്പിക്കൽ നടത്തുന്നതെന്ന് സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ 2021ൽ അസമിൽ ബി ജെ പി അധികാരത്തിലേറിയത് മുതൽ മുസ്‌ലിംകളെ ലക്ഷ്യമിട്ട് വ്യാപക കുടിയൊഴിപ്പിക്കൽ നടക്കുകയാണ്. 2021 മുതൽ 42,500 ഏക്കറിലധികം ഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും 9.5 ലക്ഷത്തിലധികം ഏക്കർ ഭൂമി ഇനിയും ഒഴിപ്പിക്കാനുണ്ടെന്നും 2021 ജൂലൈ 21ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.