പുതുവര്‍ഷത്തില്‍ ചരിത്രനേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബുംറ ഐസിസി റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിലെത്തി. 907 റേറ്റിങ് പോയിന്റാണ് നിലവില്‍ ബുംറയ്ക്കുള്ളത്. അടുത്തിടെ വിരമിച്ച ആര് അശ്വിന്റെ 904 റേറ്റിങ് പോയിന്റാണ് ബുംറ മറികടന്നത്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് ബുംറയ്ക്ക് നേട്ടമുണ്ടാക്കിയത്.
നാലു മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റാണ് ഓസീസിനെതിരായ പരമ്പരയില്‍ ബുംറ നേടിയത്. റേറ്റിങ് പോയിന്റുകളുടെ റെക്കോഡില്‍ ഇംഗ്ലണ്ട് താരം ഡെറക് അണ്ടര്‍വുഡിനൊപ്പം 17-ാം സ്ഥാനത്താണ് ബുംറ. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ശേഷം ഏറ്റവും വേഗം 200 വിക്കറ്റ് നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് ബുംറ. 43 ടെസ്റ്റില്‍ നിന്നാണ് ബുംറ 200 വിക്കറ്റ് തികച്ചത്.
ബൗളിങ്ങില്‍ രണ്ടാമത് ഓസ്ട്രേലിയന്‍ താരം ജോഷ് ഹെയ്സല്‍വുഡ് ആണ്. ഓസീസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ബൗളിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കമ്മിന്‍സ്. ഓള് റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും കമ്മിന്‍സിന് കഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരം ജാന്സന് റേറ്റിങ്ങില്‍ 800 പോയിന്റ് നേടി. ഇതാദ്യമായാണ് ജാന്സന് റേറ്റിങ് പോയിന്റ് 800ലെത്തുന്നത്. ആദ്യപത്തില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമുണ്ട്.
അതേസമയം ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും തിരിച്ചടിയായി. വിരാട് കോലി ആദ്യ 20ല്‍ നിന്ന് പുറത്തായി 24-ാം സ്ഥാനത്തായപ്പോള്‍ രോഹിത് ശര്‍മ്മ അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി 40-ാം സ്ഥാനത്തേക്ക് വീണു. ബാറ്റിങ്ങില്‍ 895 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. രണ്ടാമത് ഹാരി ബ്രൂക്കും മൂന്നാമത് കെയ്ന്‍ വില്യംസനുമാണ്. അതേസമയം ആദ്യപത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ് യശസ്വി ജയ്സ്വാള്‍. നാലാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു സ്ഥാനം കയറി ജയ്സ്വാള്‍ നാലാമതായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.