
കാര്യവട്ടത്ത് ലങ്കാദഹനം നടത്തി ഇന്ത്യന്‍ വനിതകള്‍. ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന മത്സരത്തില്‍ 15 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ 5–0ന് പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. സ്കോര്‍ ഏഴില്‍ നില്‍ക്കെ ചമരി അത്തപത്തുവിനെ നഷ്ടമായെങ്കിലും മൂന്നാമതായെത്തിയ ഇമേഷ ദുല്‍ഹാനിയും ഹസിനി പെരേരയും ചേര്‍ന്ന് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇമേഷ പുറത്തായി. 39 പന്തില്‍ 50 റണ്‍സെടുത്ത ഇമേഷയെ അമന്‍ജോത് കൗര്‍ ഷെഫാലി വര്‍മ്മയുടെ കൈകളിലെത്തിച്ചു.
പിന്നാലെ തുടരെ ശ്രീലങ്കയുടെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഹസിനി പെരേര 42 പന്തില്‍ 65 റണ്‍സുമായി പൊരുതിയെങ്കിലും ലങ്കയെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പോരാട്ടമാണ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത്. താരം 43 പന്തില്‍ ഒമ്പതും ഫോറും ഒരു സിക്സുമുള്‍പ്പെടെ 68 റണ്‍സ് നേടി. സ്മൃതി മന്ദാനയ്ക്ക് പകരം ഷെഫാലി വര്‍മ്മയ്ക്കൊപ്പം ഓപ്പണറായെത്തിയത് ജി കമനിലിയാണ്. സ്കോര്‍ അഞ്ചില്‍ നില്‍ക്കെ ഷെഫാലി പുറത്തായി. അഞ്ച് റണ്‍സ് മാത്രമേ താരത്തിന് നേടാനായുള്ളു. അവസരം മുതലാക്കാനാകാതെ കമിലിനിയും (12) അധികം വൈകാതെ പുറത്തായി.
ഹര്‍മന്‍ സ്കോര്‍ ഉയര്‍ത്തുമ്പോഴും ഒരു വശത്ത് വിക്കറ്റ് വീഴ്ച നേരിട്ടു. ഹര്‍ലീന്‍ ഡിയോള്‍ (13), റിച്ചാഘോഷ് (അഞ്ച്), ദീപ്തി ശര്‍മ്മ (ഏഴ്) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അമന്‍ജോത് കൗര്‍ (21), അരുന്ധതി റെഡ്ഡി (27) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ 175ല്‍ എത്തിച്ചത്. ശ്രീലങ്കയ്ക്കായി ചമരി അത്തപത്തു, രഷ്മിക സെവാന്തി, കവിഷ ദില്‍ഹാരി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നിമഷ മധുഷാനി ഒരു വിക്കറ്റ് നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.