25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 23, 2026
February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026

ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
ആലപ്പുഴ
September 10, 2025 10:41 pm

ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത നിരപേക്ഷതയുടേയും ഫെഡറലിസത്തിന്റേയും ഭാവി എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംസ്കാരത്തെയും ഭാഷയെയും അംഗീകരിക്കുന്ന രൂപമാണ് ഫെഡറലിസത്തിന്റേത്. ഫെഡറലിസത്തെ ഉന്മൂലനം ചെയ്താൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകരും.

ചരിത്രം പരിശോധിച്ചാൽ ഫെഡറലിസത്തിനുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് വളരെ പ്രധാനമാണ്. വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന് വന്ന ഭാഷാ പ്രസ്ഥാനങ്ങളോട് ചേർന്ന് കമ്മ്യൂണിസ്റ്റുകാർ ഈ സമരത്തെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന പ്രവൃത്തികൾ ഫെഡറലിസത്തെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ആഗോളവൽക്കരണ നയങ്ങൾ നടപ്പിലാക്കുമ്പോൾ അത് തടയാനുള്ള സാഹചര്യം സൃഷ്ടിക്കണം. വിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കാനാണ് സംഘ് പരിവാര്‍ നീക്കം. യഥാർത്ഥ ചരിത്രം പഠിക്കാനാകാതെ കെട്ടിച്ചമയ്ക്കപ്പെട്ട ചരിത്രം പഠിക്കാൻ നിർബന്ധിതരാവുകയാണ് പുതിയ തലമുറയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്‌ടി പരിഷ്കരണം മൂലം സംസ്ഥാനത്ത് വർഷത്തിൽ ശതകോടികളുടെ വരുമാനം കുറയാൻ പോവുകയാണ്. ന്യൂനപക്ഷ സംരക്ഷണം കാറ്റിൽ പറത്തുന്ന നിലപാടാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ അക്രമങ്ങൾ അഴിച്ചു വിടുന്നു. വർഗീയതയെ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും എതിർക്കണം. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ പോലും തകർക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുമ്പോൾ ജനപിന്തുണ ലഭിക്കില്ല. സംഘ്പരിവാറിന്റെ രാഷ്ട്രീയവല്‍ക്കരണത്തിന് എതിരെ വിശാല ഐക്യം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മോഡറേറ്ററായി. പി പി സുനീർ എം പി സ്വാഗതം പറഞ്ഞു. നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി ഡി രാജ, റവന്യൂ മന്ത്രി കെ രാജൻ, കൃഷി മന്ത്രി പി പ്രസാദ്, കെ നാരായണ, രാമകൃഷ്ണ പാണ്ഡ, കെ ആർ ചന്ദ്രമോഹൻ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ്, പി പി ചിത്തരഞ്ജൻ എംഎൽഎ, എ എം ആരീഫ് എന്നിവർ പങ്കെടുത്തു. ടി ടി ജിസ്‌മോൻ നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.