21 December 2025, Sunday

Related news

December 20, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 12, 2025

ബസ് സ്റ്റാന്റിലെ തീപിടിത്തം: അന്വേഷണത്തിനായി ഉദ്യോഗസ്ഥതല ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു

Janayugom Webdesk
കോഴിക്കോട്
May 20, 2025 9:15 pm

നഗരത്തിൽ മുൻസിപ്പൽ കോർപറേഷന്റെ പുതിയ ബസ് സ്റ്റാന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാനായി കോർപറേഷൻ ഉദ്യോഗസ്ഥതല ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു. കെട്ടിടത്തിൽ അഗ്നിബാധയുണ്ടാകാനുള്ള സാഹചര്യം, കടയുടമയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്നതും ഫയർഫോഴ്സിന് കടന്നു ചെല്ലാനാവാത്ത രീതിയിൽ സെറ്റ് ബാക്ക് ഏരിയയിലെ കടന്നു കയറ്റം എന്നിവ സംബന്ധിച്ചാണ് കമ്മിറ്റി അന്വേഷണം നടത്തുക. സൂപ്രണ്ടിംഗ് എഞ്ചിനീയർ, ജോയിന്റ് കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് ഓഫീസർ എന്നിവരുടെ സംയുക്ത ആഭ്യന്തര അന്വേഷണ കമ്മിറ്റി സ്ഥലപരിശോധന നടത്തി ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

കോർപറേഷന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലെയും അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ, അനധികൃത നിർമാണം എന്നിവ സംബന്ധിച്ചും ഈ കമ്മിറ്റി പരിശോധന നടത്തുമെന്ന് മേയർ മേയർ ഡോ. ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉടനടി ചെയ്യേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ കെട്ടിടത്തിലും ഫയർ ഓ‍ഡിറ്റിംഗ് നടത്തും. തീപിടിത്തമുണ്ടായ കെട്ടിടം നവീകരിക്കും. ഇതിനായി 11 കോടിയുടെ നവീകരണ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മേയർ പറഞ്ഞു.
40 വർഷത്തോളം പഴക്കമുള്ള രണ്ട് നില കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകൾ നിലയിൽ സ്റ്റോറേജിന് വേണ്ടി ഷീറ്റിട്ട ഭാഗവും രണ്ടാം നിലയിലെ മുറികളുമാണ് തീപിടിത്തത്തിൽ പൂർണമായും കത്തിയത്. വരാന്തകളിലെ രാത്രികാല സാമൂഹ്യ വിരുദ്ധശല്യം സഹിക്കവയ്യാതെ വരാന്തകൾ അടക്കം കച്ചവട ആവശ്യത്തിനായി അനുവദിക്കണമെന്ന ലൈസൻസിയുടെ അപേക്ഷ പരിഗണിച്ചാണ് മുൻകാലത്ത് വാടക നിർണിയിച്ച് വരാന്തകൾ അനുവദിച്ച് നൽകിയത്. 1987 ൽ പ്രവർത്തനമാരംഭിച്ച മൊഫ്യൂസൽ ബസ് സ്റ്റാന്റ് കെട്ടിടം അന്നത്തെ കെട്ടിട നിർമാണ ചട്ടങ്ങൾക്ക് അനുസൃതമായിട്ടാണ് നിർമാണം നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഫയർ ആന്റ് സേഫ്റ്റി സജ്ജീകരണങ്ങളും അന്നത്തെ നിയമങ്ങൾക്കനുസൃതമായി ഉറപ്പുവരുത്തിയിട്ടുള്ളതാണ്.

ലൈസൻസികൾക്ക് കെട്ടിടത്തിലെ മുറികൾ അനുവദിച്ചു കഴിഞ്ഞാൽ അവിടെയുള്ള ഫയർ ആന്റ് സേഫ്റ്റി സുരക്ഷാ മാനദണ്ഡങ്ങൾ സജ്ജീകരിക്കേണ്ടത് ലൈസൻസിയുടെ ചുമതലയാണ്. അതുകൊണ്ട് തന്നെ ഇത്രയധികം സ്റ്റോക്ക് സൂക്ഷിക്കുന്ന ഇടത്ത് അതിനാവശ്യമായ രീതിയിൽ അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടത് ലൈസൻസി തന്നെയായിരുന്നു. ഒന്നാം നിലയിലെ ഒരു ഹാളും ഒരു റൂമും രണ്ടാം നിലയിലെ രണ്ട് ഹാളുകളും അതിന് പുറമെയുള്ള പൊതുസ്ഥലവുമായി അഗ്നിബാധയിൽ ഉൾപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. സ്ഥാപനത്തെക്കുറിച്ച് പ്രത്യേക പരാതികൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. നഗരത്തിലെ ലക്ഷക്കണക്കിന് കെട്ടിടങ്ങളിലെല്ലാം പ്രത്യേകമായി പരിശോധനകൾ നടത്താൻ കോർപറേഷന് സംവിധാനമില്ല. ഇത്തരം പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരുടെയും കൂട്ടായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. ഇക്കാര്യത്തിൽ വ്യാപാരികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും മേയർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ പി കെ നാസർ, ഡോ. എസ് ജയശ്രീ, പി സി രാജൻ, കൃഷ്ണകുമാരി തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് അടുത്ത ദിവസം റിപ്പോർട്ട് നൽകും

മൊഫ്യൂസിൽ ബസ് സ്റ്റാന്റ് കെട്ടിടത്തിൽ ഞായറാഴ്ചയുണ്ടായ അഗ്നിബാധ സംബന്ധിച്ച് ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് അടുത്ത ദിവസം റിപ്പോർട്ട് നൽകും. വകുപ്പു തല ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കുക. കോഴിക്കോട് കോർപറേഷൻ 1984‑ൽ പണിത കെട്ടിടം 1987‑ലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അനുമതിയില്ലാതെ കെട്ടിടത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. അഗ്നിബാധ സംബന്ധിച്ച് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിങ്ങിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. അഗ്നിരക്ഷാ, കോർപറേഷൻ, പോലീസ്, ഡ്രഗ്സ് കൺട്രോൾ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ജില്ലാ കളക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കെട്ടിടത്തിൽ അഗ്നിബാധയുണ്ടായ വിവരം ഞായറാഴ്ച വൈകീട്ട് 5.05‑നാണ് ബീച്ചിലെ ഫയർ സ്റ്റേഷനിൽ ലഭിച്ചതെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. 5.08‑ന് ബീച്ച് സ്റ്റേഷനിൽ നിന്ന് വണ്ടി സംഭവസ്ഥലത്ത് എത്തി. 5.11‑ന് വെള്ളിമാടുകുന്ന് സ്റ്റേഷനിൽ നിന്നും 5.20‑ന് മീഞ്ചന്ത സ്റ്റേഷനിൽ നിന്നും വണ്ടി പുറപ്പെട്ടു. ജില്ലയിലെ ഫയർ സ്റ്റേഷനുകളിൽ നിന്നും മലപ്പുറത്തുനിന്നു രണ്ടും എയർപോർട്ട് അതോറിറ്റിയുടെ ഒരു വാഹനവുമുൾപ്പെടെ 20 ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചതെന്നും യോഗത്തിൽ അറിയിച്ചു.

അഗ്നിരക്ഷ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, റവന്യു, പൊലീസ്, വൈദ്യുതി ബോർഡ് തുടങ്ങി ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്ഥലത്തെത്തി സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടയിലെ വൈദ്യുതി സംബന്ധിച്ച വിവരങ്ങൾ ജില്ലാ കളക്ടർ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്നും ചോദിച്ചറിഞ്ഞു. വൈദ്യുതി വിതരണം സംബന്ധിച്ച വിവരങ്ങൾ വൈദ്യുതി ബോർഡിൽ നിന്ന് തേടിയിട്ടുണ്ടെന്ന് ഇൻസ്പെക്ടർ അറിയിച്ചു. അഗ്നിബാധയേറ്റ മരുന്നുകടയിലെ മരുന്നുകളുടെ ഉപയോഗയോഗ്യത സംബന്ധിച്ച പരിശോധനകൾ നടന്നു വരുകയാണെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ഡിസിപി അരുൺ കെ പവിത്രൻ, ഡിഎം ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.